ആദായ നികുതി റീഫണ്ടിങ് തട്ടിപ്പ്: അഞ്ചുപേരുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
ന്യൂഡൽഹി: മഹാരാഷ്ട്രയിൽ ആദായ നികുതി റീഫണ്ടിങ്ങുമായി ബന്ധപ്പെട്ട 263 കോടി രൂപയുടെ തട്ടിപ്പുകേസിൽ ഐ.പി.എസ് ഓഫിസറുടെ ഭർത്താവിന്റേതുൾപ്പെടെ അഞ്ചുപേരുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി.
െഎ.പി.എസ് ഓഫിസറുടെ ഭർത്താവ് പുരുഷോത്തം ചവാന്റെ മുംബൈയിലെ ഫ്ലാറ്റ്, രാജേഷ് ബ്രിജ്ലാൽ ബത്രേജ എന്നയാളുടെ ലോണാവാല, ഖണ്ടാല എന്നിവിടങ്ങളിലെ ഭൂമി, അനിരുദ്ധ് ഗാന്ധിയുടെ കമ്പനിയുടെ ബാങ്ക് നിക്ഷേപങ്ങൾ, പ്രതികളായ രാജേഷ് ഷെട്ടി, ഭൂഷൺ അനന്ത് പാട്ടീൽ എന്നിവരുടെ ഇൻഷുറൻസ് പോളിസികൾ, 4.02 കോടി രൂപയുടെ സ്ഥിരനിക്ഷേപം എന്നിവയാണ് താൽക്കാലികമായി കണ്ടുകെട്ടിയതെന്ന് ഇ.ഡി അറിയിച്ചു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ പ്രകാരമാണ് നടപടി. വ്യാജ ടി.ഡി.എസ് നൽകി ആദായ നികുതി വകുപ്പിൽനിന്ന് 263.95 കോടിയോളം രൂപയുടെ റീഫണ്ട് നേടാൻ സഹായിച്ചതിന് മുൻ ടാക്സ് അസിസ്റ്റന്റ് താനാജി മണ്ഡൽ അധികാരി ഉൾപ്പെടെയുള്ളവർക്കെതിരെ സി.ബി.ഐ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇ.ഡി നടപടി.
ദുബൈയിലുള്ളവരുടെ സഹായത്തോടെ രാജ്യത്തിന് പുറത്തെത്തിച്ച പണത്തിന്റെ ഒരുഭാഗം മുംബൈയിലും ഗുരുഗ്രാമിലുമുള്ള രണ്ട് കമ്പനികളിൽ ഒാഹരി വ്യാപാരത്തിന്റെ മറവിൽ നിക്ഷേപിച്ചതായും ഇ.ഡി ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.