ഭജിവാലക്ക് പണം നിക്ഷേപിക്കാനും പിന്‍വലിക്കാനും 700 പേര്‍

അഹമ്മദാബാദ്: പത്തര കോടി രൂപയുടെ കള്ളപ്പണവുമായി സൂറത്തില്‍ അറസ്റ്റിലായ പണമിടപാടുകാരന്‍ കിഷോര്‍ ഭജിവാല പണം മാറ്റിയെടുക്കാന്‍ സ്വീകരിച്ചത് പല വഴികള്‍. നോട്ട് അസാധുവാക്കിയതിനുശേഷം 700 പേരെ ഉപയോഗിച്ച് ഇയാള്‍ പണം ബാങ്കുകളില്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്തതായി സി.ബി.ഐ വൃത്തങ്ങള്‍ പറഞ്ഞു. ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയിലാണ് ഇയാളില്‍നിന്ന് കണക്കില്‍പെടാത്ത പണം പിടികൂടിയത്. വ്യാജ അക്കൗണ്ടുകളിലൂടെയാണ് കള്ളപ്പണ ഇടപാടുകള്‍ നടത്തിയത്.

ഭജിവാലയുടെ 27 അക്കൗണ്ടുകളില്‍ 20ഉം ബിനാമി പേരുകളിലാണ്. മുന്തിയ നോട്ടുകള്‍ അസാധുവാക്കിയശേഷം ഇദ്ദേഹം നടത്തിയ ഇടപാടുകളുടെ കൃത്യമായവിവരം ഇപ്പോഴും ലഭ്യമായിട്ടില്ളെന്ന് ആദായനികുതി വകുപ്പ് അധികൃതര്‍ പറഞ്ഞു. ഇയാളില്‍നിന്ന് 1,45,50,800 രൂപയുടെ പുതിയ നോട്ടുകള്‍ കണ്ടെടുത്തിരുന്നു. ഇതിനുപുറമെ 1,48,88133 രൂപയുടെ സ്വര്‍ണവും 4,92,96,314 രൂപയുടെ സ്വര്‍ണാഭരണങ്ങളും 1,39,34,580 രൂപയുടെ രത്നാഭരണങ്ങളും 77,81,800 രൂപയുടെ വെള്ളിക്കട്ടികളും  പിടിച്ചെടുത്തിരുന്നു. കേസ് പിന്നീട് സി.ബി.ഐ ഏറ്റെടുത്തു.

വിവിധ ബാങ്കുകളിലെ ബിനാമി അക്കൗണ്ടുകളിലായി ഒരു ലക്ഷം, രണ്ടു ലക്ഷം, നാലു ലക്ഷം എന്നിങ്ങനെ നിക്ഷേപിച്ചു. ഇയാള്‍ക്കുവേണ്ടി  അസാധു നോട്ടുകള്‍ മാറിയെടുക്കാന്‍ മാത്രം 212 പേര്‍  പ്രവര്‍ത്തിച്ചു.

സൂറത്തിലെ ജനകീയ സഹകരണ ബാങ്ക് സീനിയര്‍ മാനേജര്‍ പങ്കജ് ഭട്ട് ചില ഇടപാടുകളില്‍ ഉള്‍പ്പെട്ടതായി സി.ബി.ഐ കണ്ടത്തെിയിട്ടുണ്ട്. ഭജിവാലക്ക് പുതിയ നോട്ടുകള്‍ ലഭിച്ചതിന് പിന്നില്‍ മറ്റ് ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന സംശയത്തില്‍ അന്വേഷണം നടന്നുവരികയാണ്.
ഭജിവാലയുടെ ആസ്തി 1300 കോടി വരും.  ചായയും ഭജിയും വിറ്റ് തുടങ്ങിയ ഇയാള്‍ക്ക് വാടകക്കെട്ടിടങ്ങളും ഫ്ളാറ്റുകളും മറ്റുമുണ്ട്.

 

Tags:    
News Summary - Income tax to probe how Bhajiawala got Rs 1.45 crore in new notes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.