രാജസ്ഥാൻ ഗവർണർ ഹരിഭാവു ബഗാഡെ

'അക്ബറിന്റെയും ജോധയുടെയും വിവാഹം നുണ'- ഇന്ത്യൻ ചരിത്രത്തിൽ നിരവധി കൃത്യതയില്ലായ്മകളെന്ന് രാജസ്ഥാൻ ഗവർണർ

ജയ്പൂർ: ബ്രിട്ടീഷ് ചരിത്രകാരന്മാരുടെ ആദ്യകാല സ്വാധീനം മൂലം ഇന്ത്യൻ ചരിത്രത്തിൽ നിരവധി കൃത്യതയില്ലായ്മകൾ ഉണ്ടായിട്ടുണ്ടെന്ന് രാജസ്ഥാൻ ഗവർണർ ഹരിഭാവു ബഗാഡെ. ജോധാ ബായിയുടെയും മുഗൾ ചക്രവർത്തി അക്ബറിന്റെയും വിവാഹത്തെക്കുറിച്ച് വ്യാപകമായി പരാമർശിക്കപ്പെടുന്ന കഥയും ഇതിൽ ഉൾപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉദയ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് അക്ബർനാമയിൽ ജോധയുടെയും അക്ബറിന്റെയും വിവാഹത്തെക്കുറിച്ച് പരാമർശമില്ലെന്ന് ബഗാഡെ അവകാശപ്പെട്ടത്.

'ജോധയും അക്ബറും വിവാഹിതരായി എന്നും ഈ കഥയെ ആസ്പദമാക്കി സിനിമ നിർമിച്ചു എന്നും പറയപ്പെടുന്നു. ചരിത്ര പുസ്തകങ്ങളും ഇതേ കാര്യം പറയുന്നു. പക്ഷേ അത് ഒരു നുണയാണ്.' അദ്ദേഹം അവകാശപ്പെട്ടു. ബർമൽ എന്നൊരു രാജാവുണ്ടായിരുന്നു. അയാൾ വേലക്കാരിയുടെ മകളെ അക്ബറിനു വിവാഹം കഴിപ്പിച്ചുവെന്നും ബാഗ്ഡെ പറഞ്ഞു. 1569-ൽ ആമർ ഭരണാധികാരി ബർമലിന്റെ മകളും അക്ബറും തമ്മിലുള്ള വിവാഹത്തിന്റെ ചരിത്രപരമായ വിവരണത്തെക്കുറിച്ചുള്ള ചർച്ചയ്ക്കാണ് ഗവർണറുടെ അഭിപ്രായങ്ങൾ വീണ്ടും തുടക്കമിടുന്നത്.

1727-ൽ സവായ് ജയ് സിങ് രണ്ടാമൻ തലസ്ഥാനം ജയ്പൂരിലേക്ക് മാറ്റുന്നതുവരെ ഇന്നത്തെ ജയ്പൂരിനടുത്തുള്ള രജപുത്ര രാജ്യമായിരുന്നു ആമേർ അല്ലെങ്കിൽ അംബർ. കച്വ രജപുത്രരാണ് ഇത് ഭരിച്ചിരുന്നത്. ബ്രിട്ടീഷുകാർ നമ്മുടെ വീരനായകന്മാരുടെ ചരിത്രം മാറ്റിമറിച്ചു. അവർ അത് ശരിയായി എഴുതിയില്ല. അവരുടെ ചരിത്ര പതിപ്പ് തുടക്കത്തിൽ അംഗീകരിക്കപ്പെട്ടു. പിന്നീട് ചില ഇന്ത്യക്കാർ ചരിത്രം എഴുതിയെങ്കിലും അതിലും ബ്രിട്ടീഷുകാരുടെ സ്വാധീനം ഉണ്ടായിരുന്നുവെന്നും ബഗാഡെ പറഞ്ഞു. രജപുത്ര ഭരണാധികാരി മഹാറാണ പ്രതാപ് അക്ബറിന് ഉടമ്പടി കത്തെഴുതി എന്ന ചരിത്രപരമായ വാദത്തെയും അദ്ദേഹം എതിർത്തു. അത് പൂർണ്ണമായും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നാണ് വാദം.

'മഹാറാണാ പ്രതാപ് ഒരിക്കലും തന്റെ ആത്മാഭിമാനത്തിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ചരിത്രത്തിൽ അക്ബറിനെക്കുറിച്ച് കൂടുതൽ പഠിപ്പിക്കുകയും മഹാറാണാ പ്രതാപിനെക്കുറിച്ച് വളരെ കുറച്ച് പഠിപ്പിക്കുകയും ചെയ്യുന്നു.' അദ്ദേഹം അവകാശപ്പെട്ടു. എന്നിരുന്നാലും സ്ഥിതി ഇപ്പോൾ മെച്ചപ്പെട്ടുവരികയാണെന്നും പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിൽ നമ്മുടെ സംസ്കാരവും മഹത്തായ ചരിത്രവും സംരക്ഷിക്കുന്നതിനൊപ്പം ഭാവിയിലെ വെല്ലുവിളികൾക്കായി പുതിയ തലമുറയെ സജ്ജമാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ബഗാഡെ കൂട്ടിച്ചേർത്തു.

മഹാറാണ പ്രതാപിനെയും ഛത്രപതി ശിവജിയെയും ദേശസ്‌നേഹത്തിന്റെ പ്രതീകങ്ങളായും അദ്ദേഹം പ്രശംസിച്ചു. 'അവരുടെ ജനനങ്ങൾക്കിടയിൽ 90 വർഷത്തെ ഇടവേളയുണ്ട്. അവർ സമകാലികരായിരുന്നുവെങ്കിൽ രാജ്യത്തിന്റെ ചരിത്രം വ്യത്യസ്തമാകുമായിരുന്നു. ഇരുവരെയും ധീരതയുടെയും ദേശസ്‌നേഹത്തിന്റെയും ഒരേ ഉദാഹരണമാണ്.' അദ്ദേഹം പറഞ്ഞു. മഹാറാണ പ്രതാപിന്റെ ബഹുമാനാർത്ഥം മഹാരാഷ്ട്രയിലെ സാംഭാജിനഗറിൽ അദ്ദേഹത്തിന്റെ കുതിരസവാരി പ്രതിമ സ്ഥാപിച്ചിട്ടുണ്ടെന്നും ബഗാഡെ പറഞ്ഞു.

Tags:    
News Summary - 'Inaccuracy in Indian history due to British influence, Jodha-Akbar marriage story untrue': Rajasthan Governor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.