പാട്ന: ഭാര്യക്ക് ഗർഭം ധരിക്കാനാവില്ലെന്നതിനാൽ വിവാഹമോചനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഭർത്താവ് നൽകിയ ഹരജി പാട്ന ഹൈകോടതി തള്ളി. ആവശ്യം നേരത്തെ തള്ളിയ കുടുംബ കോടതിയുടെ വിധിക്കെതിരെയാണ് ഭർത്താവ് ഹൈകോടതിയെ സമീപിച്ചത്. ഭാര്യക്ക് ഗർഭം ധരിക്കാനാവില്ലെന്നത് വിവാഹമോചനത്തിനുള്ള കാരണമല്ലെന്ന് കോടതി വ്യക്തമാക്കി.
ഭാര്യക്ക് അണ്ഡാശയത്തിൽ സിസ്റ്റ് വളരുന്നതിനാൽ ഗർഭം ധരിക്കാനാവുന്നില്ലെന്നായിരുന്നു യുവാവിന്‍റെ പരാതി. ഇതു കാരണം മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാൻ തനിക്ക് ഹിന്ദു വിവാഹനിയമപ്രകാരം വിവാഹമോചനം വേണമെന്നായിരുന്നു ആവശ്യം. എന്നാൽ, ഇത്തരമൊരു സാഹചര്യമുണ്ടാകുമ്പോൾ പരസ്പരം സഹകരിക്കുകയും ഒരുമിച്ച് നേരിടുകയുമാണ് ദമ്പതികൾ ചെയ്യേണ്ടതെന്ന് ജസ്റ്റിസുമാരായ ജിതേന്ദ്ര കുമാർ, പി.ബി. ബജാന്ദ്രി എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
ഗർഭം ധരിക്കാനാവുന്നില്ലായെന്നത് ഏതെങ്കിലും തരത്തിലുള്ള ബലഹീനതയോ വിവാഹമോചനത്തിനുള്ള കാരണമോ അല്ല. ഇത്തരം സാഹചര്യങ്ങൾ വിവാഹബന്ധത്തിന്‍റെ ഭാഗമാണ്. ദത്തെടുക്കൽ പോലെയുള്ള മറ്റ് മാർഗങ്ങൾ ദമ്പതികൾ തേടണം. ഈയൊരു കാരണത്താൽ ഹിന്ദു വിവാഹ നിയമപ്രകാരം വിവാഹമോചനം നൽകാനാവില്ല -കോടതി വ്യക്തമാക്കി.
ഭാര്യക്ക് തന്‍റെ കൂടെ കഴിയാൻ താൽപര്യമില്ലെന്നും തന്‍റെ വീട്ടിൽ താമസിക്കുന്നില്ലെന്നും ഭർത്താവ് ഹരജിയിൽ പറഞ്ഞിരുന്നു. ഭാര്യക്ക് സ്വഭാവദൂഷ്യമുണ്ടെന്നും ഇയാൾ ആരോപിച്ചു. എന്നാൽ, ആരോപണത്തിന് കൃത്യമായ തെളിവില്ലെന്ന് കോടതി നിരീക്ഷിച്ചു. വിവാഹം കഴിഞ്ഞ് രണ്ട് വർഷം പൂർത്തിയായിട്ടില്ലെന്നതും കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.