ഏഴുമണിക്കൂറോളം ഫ്രീസറിൽ സൂക്ഷിച്ച 'മൃതദേഹം' പുറത്തെടുത്തത്​ 'ജീവനോടെ';​ ഡോക്​ടർമാ​ർക്കെതിരെ കേസ്​

ലഖ്​നോ: ഉത്തർപ്രദേശിൽ ഏഴുമണിക്കൂറോളം ഫ്രീസറിൽ സൂക്ഷിച്ച 'മൃതദേഹം' പുറത്തെടുത്തത്​ 'ജീവനോടെ'. മൊറാദാബാദ്​ ജില്ല ആശുപത്രിയിലാണ്​ സംഭവം.

ബൈക്ക്​ ഇടിച്ചതിനെ തുടർന്നാണ്​ വ്യാഴാഴ്ച രാത്രി ഇലക്​ട്രീഷനായ ശ്രീകേഷ്​ കുമാറിനെ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചത്​. ആശുപത്രിയിലെ ഡോക്​ടർമാർ 40കാരൻ മരിച്ചതായി അറിയിച്ചു. തുടർന്ന്​ മൃതദേഹം മോർച്ചറിയിലെ ഫ്രീസറിലേക്ക്​ മാറ്റുകയും ചെയ്​തു.

പിന്നീട്​ ഏഴുമണിക്കൂറിന്​ ശേഷമാണ്​ മൃതദേഹം പുറത്തെടുത്തത്​. പോസ്റ്റ്​മോർട്ടത്തിനായി ബന്ധുക്കൾ സമ്മതപത്രം എഴുതി നൽകുകയും ചെയ്​തു. തുടർന്ന്​ പൊലീസിന്‍റെ സാന്നിധ്യത്തിൽ മൃതദേഹം പുറത്തെടുത്തപ്പോൾ കുമാറിന്‍റെ ഭാര്യാസഹോദരി മൃതദേഹത്തിന്​ അനക്കമുള്ളതായി ശ്രദ്ധിക്കുകയായിരുന്നു.

സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. വിഡിയോയിൽ അദ്ദേഹം മരിച്ചിട്ടില്ലെന്നും ശ്വസിക്കുന്നുണ്ടെന്നും പറയുന്നത്​ കേൾക്കാം.

'എമർജൻസി മെഡിക്കൽ ഓഫിസർ വെളുപ്പിന്​ മൂന്നുമണിക്ക്​ പരിശോധിച്ചപ്പോൾ അദ്ദേഹത്തിന്​ ഹൃദയമിടിപ്പ്​ ഉണ്ടായിരുന്നില്ല. നിരവധി തവണ അദ്ദേഹത്തെ പരിശോധിച്ച്​ നോക്കിയിരുന്നു. തുടർന്ന്​ മരിച്ചതായി അറിയിച്ചു. ഇന്ന്​ രാവിലെ പൊലീസും ബന്ധുക്കളും നോക്കിയപ്പോൾ അദ്ദേഹത്തിന്​ ഹൃദയമിടിപ്പുണ്ടായിരുന്നു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. ജീവൻ രക്ഷിക്കുന്നതിനാണ്​ മുൻഗണന' -മൊ​റാദാബാദ്​ ചീഫ്​ മെഡിക്കൽ സൂപ്രണ്ട്​ ഡോ. ശിവ സിങ്​ പറഞ്ഞു.

നിലവിൽ മീററ്റിലെ ആശുപത്രിയിലെ ചികിത്സയിലാണ്​ കുമാർ. ഡോക്​ടർമാരുടെ അനാസ്​ഥക്കെതിരെ പരാതി നൽകിയതായി ബന്ധുക്കൾ പറഞ്ഞു. 

Tags:    
News Summary - In mortuary freezer for 7 hours dead man returns to life in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.