ന്യൂഡൽഹി: ഇന്ത്യൻ ഭരണഘടന നിലനിൽക്കുന്നത് ജനങ്ങളുടെ സുരക്ഷിതമായ വോട്ടുകൊണ്ടാണെന്നും അത് സാധ്യമായില്ലെങ്കിൽ ഭരണഘടന ഒന്നുമല്ലെന്നും ഭരണഘടന ഉയർത്തിപ്പിടിച്ച് രാഹുൽ ഗാന്ധി ലോക്സഭയിൽ പറഞ്ഞു. മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുണ്ടായ അവിശ്വസനീയമായ വോട്ടുചേർക്കലിലേക്ക് രാജ്യത്തിന്റെ ശ്രദ്ധ ക്ഷണിച്ചാണ് രാഹുലിന്റെ മുന്നറിയിപ്പ്. ഇങ്ങനെ ചേർത്ത വോട്ടർമാരുടെ വിശദാംശം കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും അവരത് നൽകുമെന്ന് തോന്നുന്നില്ലെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ സമാനമായ കളി ബി.ജെ.പി നടത്തുന്നെന്ന ആം ആദ്മി പാർട്ടിയുടെ പരാതികൾക്കിടയിലാണ് തെരഞ്ഞെടുപ്പ് കമീഷനെയും കേന്ദ്ര സർക്കാറിനെയും ഒരുമിച്ച് പ്രതിക്കൂട്ടിലാക്കുന്ന രാഹുൽ ഗാന്ധിയുടെ വെളിപ്പെടുത്തൽ. ലോക്സഭയിൽ രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ.
അഞ്ചുവർഷംകൊണ്ട് ചേർക്കാൻ കഴിയാത്ത അത്രയും വോട്ടുകളാണ് കേവലം അഞ്ച് മാസംകൊണ്ട് മഹാരാഷ്ട്രയിൽ ചേർത്തത്.
ഹിമാചൽ പ്രദേശിലെ ആകെ വോട്ടർമാരുടെ അത്രയും എണ്ണം വോട്ട് കേവലം അഞ്ച് മാസത്തിനുള്ളിൽ മഹാരാഷ്ട്രയിലെ വോട്ടർപട്ടികയിൽ കയറ്റിയെന്ന് രാഹുൽ വിശദീകരിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിനും നിയമസഭ തെരഞ്ഞെടുപ്പിനുമിടയിൽ മഹാരാഷ്ട്രയിൽ 70 ലക്ഷം വോട്ടുകളാണ് കൂട്ടിച്ചേർത്തത്. ഇതു പറയുമ്പോൾ പ്രധാനമന്ത്രി തന്നെ നോക്കുന്നില്ലെന്ന് രാഹുൽ പറഞ്ഞു.
മുംബൈ ഷിർദിയിലെ ഒരു കെട്ടിടത്തിൽ മാത്രം ചേർത്തത് ഏഴായിരം വോട്ടുകളാണ്. ഇതിൽ ചില പ്രശ്നങ്ങളുണ്ട്. ഇതിലേറ്റവും ശ്രദ്ധേയമായത് വോട്ടർമാരെ ചേർത്തതിൽ ഭൂരിഭാഗവും ബി.ജെ.പി ജയിച്ച മണ്ഡലങ്ങളാണെന്നതാണ്. ഈ വോട്ടർമാരുടെ വിശദാംശങ്ങൾ നൽകാൻ കമീഷനോട് ആവർത്തിച്ചാവശ്യപ്പെട്ടു. കോൺഗ്രസിനും ശിവസേനക്കും എൻ.സി.പിക്കും ഈ വോട്ടർമാരുടെ വിശദാംശം നൽകണമെന്നാണ് സഭയിലും താൻ ആവശ്യപ്പെടുന്നത്. ആരൊക്കെയാണ് ചേർത്തതെന്നും മായ്ച്ചതെന്നും ഞങ്ങൾക്കറിയണം.
ഇത് ഒറ്റപ്പെട്ട ഒരു സംഭവമല്ല. ഇതിന് അനുസൃതമായി കമീഷന്റെ ചട്ടങ്ങൾ മാറ്റിയിട്ടുണ്ട്. കമീഷണർമാരെ തെരഞ്ഞെടുത്തത് പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും ചീഫ് ജസ്റ്റിസും അടങ്ങുന്ന സമിതിയായിരുന്നു. ഈ സമിതിയിൽനിന്ന് ചീഫ് ജസ്റ്റിസിനെ നീക്കം ചെയ്തത് എന്തുകൊണ്ടാണെന്ന് രാഹുൽ പ്രധാനമന്ത്രിയോട് ചോദിച്ചു. ഈ സമിതി യോഗം ചേരാനിരിക്കുകയാണ്. ആ യോഗത്തിന് ഞാൻ പോകേണ്ടി വരും. മോദിയും അമിത് ഷായും ഞാനും ഇരിക്കുന്ന യോഗത്തിൽ 2:1 എന്ന നിലയിലായി സമവാക്യം. എന്തിനാണ് പിന്നെ താൻ ആ യോഗത്തിൽ പോകുന്നത്? മോദിയും അമിത് ഷായും പറയുന്നതിന് സാക്ഷ്യപ്പെടുത്താൻവേണ്ടി മാത്രമാണ് എന്റെ പോക്ക്. ചീഫ് ജസ്റ്റിസ് ഉണ്ടായിരുന്നെങ്കിൽ താനും കൂടി ചേർന്ന് ഒരു ചർച്ചക്ക് സാധ്യതയുണ്ടാകുമായിരുന്നു. ഇതു കണക്കുകൂട്ടിയുള്ള നീക്കമാണ്. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പ് രണ്ട് കമീഷണർമാരെ മാറ്റുകയും ചെയ്തു. തെരഞ്ഞെടുപ്പ് തീയതിയും മാറ്റുകയും നീട്ടിവെക്കുകയും ചെയ്തു. അതിനാൽ ഭരണഘടനയെ രക്ഷിക്കാൻ മഹാരാഷ്ട്രയിലെ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളിലെ വോട്ടർമാരുടെ വിശദാംശങ്ങൾ കമീഷൻ വെളിപ്പെടുത്തണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനങ്ങളെയും സ്ഥാപനങ്ങളെയും സംരക്ഷിക്കണമെന്നായിരുന്നു രാഷ്ട്രപതി ദ്രൗപദി മുർമു പറയേണ്ടിരുന്നതെന്നും രാഹുൽ ഗാന്ധി തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.