ചണ്ഡീഗഢ്: ഡൽഹിയിൽ ഒരു മാസമായി തുടരുന്ന കർഷകപ്രക്ഷോഭത്തിന്‍റെ ചൂട് ബി.ജെ.പിയെ പൊള്ളിച്ചു തുടങ്ങി. ഹരിയാനയിലെ മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബി.ജെ.പി-ജെ.ജെ.പി സഖ്യത്തിന് തിരിച്ചടി. നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒരു വർഷം പിന്നിടുമ്പോൾ നടന്ന മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിലെ തിരിച്ചടി ബി.ജെ.പി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്.
സോണിപ്പത്ത്, അംബാല മുനിസിപ്പൽ കോർപറേഷനുകളിൽ മേയർ സ്ഥാനം ഭരണകക്ഷി സഖ്യത്തിന് നഷ്ടമായി. ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാലയുടെ പാർട്ടിയായ ജെ.ജെ.പി തങ്ങളുടെ ശക്തികേന്ദ്രങ്ങളായ ഹിസാറിലും രെവാരിയിലും പരാജയപ്പെട്ടു.
സോണിപതിൽ 14,000 വോട്ടിന്‍റെ ഭൂരിപക്ഷത്തിന് കോൺഗ്രസാണ് വിജയിച്ചത്. കർഷക പ്രക്ഷോഭം നടക്കുന്ന സിംഘുവിന് സമീപമാണ് സോണിപത്. ഹരിയാനയിലെ കർഷക പ്രക്ഷോഭ കേന്ദ്രവും സോണിപത് ആയിരുന്നു. അംബാലയിൽ ഹരിയാന ജനചേതന പാർട്ടിയാണ് 8000 വോട്ടുകൾക്ക് വിജയിച്ചത്.
അംബാല, പഞ്ചകുള, സോണിപത്, രെവാരിയിലെ ദാരുഹെര, റോഹ്തകിലെ സാംപ്ല, ഹിസാറിലെ ഉക്ലാന എന്നിവിടങ്ങളിലാണ് ഞായറാഴ്ച വോട്ടെടുപ്പ് നടന്നത്. ഇന്ന് രാവിലെ എട്ടിനാണ് വോട്ടെണ്ണൽ ആരംഭിച്ചത്. പലയിടങ്ങളിലും അന്തിമഫലം പ്രഖ്യാപിച്ചിട്ടില്ല.
ദേശീയശ്രദ്ധ നേടിയ കർഷകപ്രക്ഷോഭത്തിൽ പ്രധാനമായും ഹരിയാനയിലെയും പഞ്ചാബിലെയും കർഷകരാണ് അണിനിരക്കുന്നത്. പ്രക്ഷോഭം തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതായാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.