ഇസ്ലാമാബാദ്: ഏതു വിഷയത്തെക്കുറിച്ചും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ചക്ക് തയാറാണെന്ന് പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ. മറ്റു രാജ്യങ്ങൾക്കെതിരെ പാക് മണ്ണ് തീവ്രവാദ പ്രവർത്തനങ്ങൾക്ക് അനുവദിക്കുന്നത് രാജ്യതാൽപര്യത്തിന് നല്ലതല്ല. കശ്മീരിൽ സൈനിക പരിഹാരമല്ല വേണ്ടത്. ഭരണത്തിൽ 100 ദിവസം പൂർത്തിയാക്കിയ അദ്ദേഹം ഇന്ത്യൻ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.
ഇന്ത്യക്കും പാകിസ്താനുമിടയിലുള്ള ഒരേയൊരു പ്രശ്നം കശ്മീരാണെന്നും ഇതു പരിഹരിക്കാൻ ദൃഢനിശ്ചയമുള്ള നേതൃത്വത്തിന് സാധിക്കുമെന്നും കഴിഞ്ഞ ദിവസം ഗുർദാസ്പുർ സിഖ് തീർഥാടക ഇടനാഴിയുടെ ശിലാസ്ഥാപനം നിർവഹിച്ച് ഇംറാൻഖാൻ വ്യക്തമാക്കിയിരുന്നു.
കർതാർപുർ ഇടനാഴിയും പാകിസ്താനുമായുള്ള ചർച്ച നീക്കങ്ങളും ബന്ധിപ്പിക്കേണ്ടതില്ലെന്നും പാകിസ്താൻ ഭീകരപ്രവർത്തനം അവസാനിപ്പിച്ചാൽ ചർച്ച തുടങ്ങാമെന്നും വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇംറാെൻറ പ്രതികരണം. അസാധ്യമായി ഒന്നുമില്ലെന്നും കശ്മീർ പ്രശ്നത്തെക്കുറിച്ച് പരാമർശിക്കവേ പാക് പ്രധാനമന്ത്രി പറഞ്ഞു. പാകിസ്താനിലെ ജനം ഇന്ത്യയുമായി സമാധാനമാണ് ആഗ്രഹിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ മാനസികാവസ്ഥ മാറിയിട്ടുണ്ട്. ഇന്ത്യയിൽനിന്ന് അനുകൂല സമീപനമുണ്ടാകാൻ പൊതുതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ കാത്തിരിക്കാൻ തയാറാണ്.
മുംബൈ ഭീകരാക്രമണത്തിെൻറ മുഖ്യസൂത്രധാരനായ ജമാഅത്തുദ്ദഅ്വ തലവൻ ഹാഫിസ് സഇൗദിനെ ശിക്ഷിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹത്തിന് യു.എൻ നിരോധനവും നിയന്ത്രണങ്ങളുമുണ്ടെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു. മറ്റു പ്രതികളുടെ കേസുകൾ കോടതി മുമ്പാകെയാണ്. കർതാർപുർ ഇടനാഴി യാഥാർഥ്യമാക്കാൻ ഇരുരാജ്യങ്ങളും മുൻകൈയെടുത്തത് ഇന്ത്യയിലെ ഭൂരിഭാഗം ജനങ്ങളും അഭിനന്ദിക്കുമെന്നും ഇംറാൻഖാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.