'ഞാൻ പ്രേതബാധ ഒഴിപ്പിച്ചിട്ടുണ്ട്'; വിവാദമായി ഐ.ഐ.ടി ഡയറക്ടറുടെ വാക്കുകൾ

ന്യൂഡൽഹി: താൻ മന്ത്രങ്ങളിലൂടെ ​പ്രേതബാധ ഒഴിപ്പിച്ചിട്ടുണ്ടെന്ന്​ ഐ.ഐ.ടി മണ്ഡി ഡയറക്ടർ, ഐ.ഐ.ടി മണ്ഡി ഡയറക്ടർ ലക്ഷ്മീന്ദർ ബെഹ്റയാണ്​ വിഡിയോയിലൂടെ അവകാശവാദം ​ഉന്നയിച്ചത്​. ലക്ഷ്മീന്ദർ പ്രേതത്തെ ഒഴിപ്പിച്ചതായി പറയുന്ന വിഡിയോ വൻതോതിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. 1993ൽ സുഹൃത്തിന്റെ വീട്ടി​ലെത്തി മന്ത്രോച്ചാടനത്തിലൂടെ പ്രേതബാധ ഒഴിപ്പിച്ചുവെന്നായിരുന്നു അവകാശ വാദം​.

ഐ.ഐ.ടി കാൺപൂരിൽ സേവനമനുഷ്ഠിച്ചിരുന്ന ബെഹ്റ വ്യാഴാഴ്ചയാണ് ഐ.ഐ.ടി മണ്ഡിയിൽ ഡയറക്ടറായി ചുമതലയേറ്റത്. ഐ.ഐ.ടി കാൺപൂരിൽ ഇലക്ട്രിക്കൽ എൻജിനീയറിങ് വിഭാഗത്തിലെ പ്രഫസറായിരുന്നു. ഐ.ഐ.ടി ഡൽഹിയിൽനിന്ന് പി.എച്ച്.ഡി നേടുകയും ജർമൻ നാഷനൽ സെൻറർ ​ഫോർ ഇൻഫർമേഷൻ ടെക്നോളജിയിൽനിന്ന് പോസ്റ്റ് ഡോക്ടറൽ ഡിഗ്രി നേടുകയും ചെയ്തു. അദ്ദേഹം മണ്ഡിയിൽ ചുമതലയേറ്റതോടെയാണ്​ പഴയ വിവാദം വീണ്ടും ഉയർന്നു വന്നത്​.

ബെഹ്റയുടെ അഞ്ചുമിനിറ്റ് നീണ്ട വിഡിയോയിൽ 1993ൽ നടന്ന സംഭവമാണ്​ പറയുന്നത്​. കുടുംബത്തിൽ പ്രേതബാധ കൂടിയ സുഹൃത്തിനെ സഹായിക്കാനായി ചെന്നൈയി​ലേക്ക് പോയി. അവിടെയെത്തിയശേഷം 'ഹരേ രാമ ഹരേ കൃഷ്ണ' മന്ത്രത്തിനൊപ്പം ഭഗവത് ഗീതയിലെ ചിന്തകളും ജ്ഞാനവുമെല്ലാം ഉച്ചരിച്ച് പ്രേതബാധ ഒഴിപ്പിക്കാനായിരുന്നു തീരുമാനം. രാത്രി ഏഴുമണിയോടെ ഞാൻ രണ്ടു സുഹൃത്തുക്കൾക്കുമൊപ്പം അവിടെയെത്തി. സുഹൃത്ത്​ റിസർച്ച് സ്കോളർ അപാർട്ട്മെന്റിലുണ്ടായിരുന്നു.

10-15 മിനിറ്റ് നീണ്ട ഉച്ചത്തിലുള്ള മന്ത്രോച്ചാരണത്തിന് ശേഷം അവന്റെ പിതാവിനെ കണ്ടു. ചെറിയ മനുഷ്യനാണ് അദ്ദേഹം. ശരിക്കും പ്രായമായൊരാൾ. കഷ്ടിച്ച് നടക്കാൻ പോലും കഴിയില്ല. പെട്ടന്ന് അദ്ദേഹത്തിന്റെ കൈയും കാലും പേടിപ്പെടുത്തുന്ന രീതിയിൽ നൃത്തം വെക്കാൻ തുടങ്ങി. തല മേൽക്കൂരയിൽ തൊടുന്നുണ്ടായിരുന്നു. അദ്ദേഹത്തെ പൂർണമായും ദുരാത്മാവ് വിഴുങ്ങിയതായി അനുഭവപ്പെട്ടു. പിന്നീട് സുഹൃത്തിന്റെ അമ്മയും ഭാ​ര്യയും ദുരാത്മാവ് ബാധിച്ചവ​രായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ദുരാത്മാവിനെ അകറ്റാൻ 45 മിനിറ്റോളം ഉച്ചത്തിൽ മന്ത്രം ജപിക്കേണ്ടിവന്നുവെന്നും ലക്ഷ്മീന്ദർ പറഞ്ഞു. മന്ത്രവാദത്തെക്കുറിച്ച് ചോദിച്ചപ്പോൾ പ്രേതങ്ങളുണ്ടെന്ന് തന്നെയായിരുന്നു ബെഹ്റയുടെ മറുപടിയെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ആധുനിക ശാസ്ത്രത്തിന് വിശദീകരിക്കാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ ലോകത്ത് നടക്കുന്നുണ്ടെന്നും അ​ദ്ദേഹം പറഞ്ഞു.

ഏഴുമാസം മുമ്പാണ് യുട്യൂബ് ചാനലായ 'ലേൺ ഗീത ലിവ് ഗീത' ബെഹ്റയുടെ വിഡിയോ പുറത്തുവിട്ടത്. വിഡിയോ വിവാദമായതോടെ പിൻവലിച്ചതായും പറയുന്നു.

Tags:    
News Summary - IIT Mandi Director Claims to Have Driven Out Evil Spirits Triggers Row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.