പരീക്ഷയിൽ ചാറ്റ് ജി.പി.ടി ഉപയോഗിച്ചതിന് അധ്യാപകൻ പിടികൂടി, പിന്നാലെ വിദ്യാർഥി മരിച്ച നിലയിൽ; ക്യാമ്പസിൽ പ്രതിഷേധം
മുംബൈ: പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് പിടിക്കപ്പെട്ടതിന് പിന്നാലെ ഐ.ഐ.ടി ബോംബെ വിദ്യാർഥി ജീവനൊടുക്കി. എനർജി സയൻസ് ആൻഡ് എഞ്ചിനീയറിങ് വിഭാഗത്തിലെ രണ്ടാം വർഷ വിദ്യാർഥിയായ സാഹിൽ വക്കോടെയാണ് വെള്ളിയാഴ്ച വൈകുന്നേരം ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയത്. ഐ.ഐ.ടി പവായ് ക്യാമ്പസിൽ ആറ് മാസത്തിനിടെ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്. ഈ വർഷം മാത്രം നാല് ആത്മഹത്യകൾ ക്യാമ്പസിൽ റിപ്പോർട്ട് ചെയ്തതായി വിദ്യാർഥികൾ പറയുന്നു.
ഐ.ഐ.ടി ബോംബെ അധികൃതർ പുറത്തിറക്കിയ പ്രസ്താവന പ്രകാരം, പരീക്ഷക്കിടെ ചോദ്യപേപ്പർ ചാറ്റ് ജി.പി.ടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനിടെയാണ് വിദ്യാർഥി പിടിക്കപ്പെട്ടത്. എന്നാൽ വിദ്യാർഥിക്കെതിരെ ഒരു അച്ചടക്ക നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കി. വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകനും ഡിപ്പാർട്ട്മെന്റ് മേധാവിയും വിദ്യാർഥിയുമായി സംസാരിക്കുകയും കൗൺസിലിങ് നൽകുകയും ചെയ്തിരുന്നു.
ഈ സംഭവം തന്റെ അക്കാദമിക് കരിയറിനെ ഒരു തരത്തിലും ബാധിക്കില്ലെന്ന് വിദ്യാർഥിക്ക് ഉറപ്പ് നൽകിയിരുന്നതായും ഐ.ഐ.ടി പറയുന്നു. ഈ കൂടിക്കാഴ്ചക്ക് ശേഷം ഹോസ്റ്റൽ മുറിയിലേക്ക് മടങ്ങിയ വിദ്യാർഥിയെ വൈകുന്നേരത്തോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിദ്യാർഥിയുടെ മരണത്തിൽ അതീവ ദുഃഖമുണ്ടെന്ന് ഐ.ഐ.ടി ബോംബെ പ്രസ്താവനയിൽ അറിയിച്ചു. ‘വിദ്യാർഥിയുടെ സുഹൃത്തുക്കൾക്കും സഹപാഠികൾക്കും അധ്യാപകർക്കും ഈ ദാരുണ സംഭവത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന മറ്റുള്ളവർക്കും ഇൻസ്റ്റിറ്റ്യൂട്ട് പിന്തുണ നൽകുന്നു. മരണത്തെ ചുറ്റിപ്പറ്റിയുള്ള സാഹചര്യങ്ങൾ ബന്ധപ്പെട്ട അധികൃതർ പരിശോധിച്ചുവരികയാണ് എന്നും പ്രസ്താവനയിൽ പറയുന്നു.
മരണവാർത്ത പുറത്തുവന്നതിന് പിന്നാലെ വിദ്യാർഥികൾ ഐ.ഐ.ടി പവായ് ക്യാമ്പസിൽ പ്രതിഷേധം ആരംഭിച്ചു. സംഭവത്തെക്കുറിച്ചുള്ള പൂർണ്ണ സത്യം ഇൻസ്റ്റിറ്റ്യൂട്ട് വെളിപ്പെടുത്തുന്നില്ലെന്ന് പ്രതിഷേധക്കാരായ വിദ്യാർഥികൾ ആരോപിക്കുന്നു. ചീറ്റിങ്ങിന് പിടിക്കപ്പെട്ട വിദ്യാർഥിയെ ഒരു വർഷത്തേക്ക് സസ്പെൻഡ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായി വിദ്യാർഥികൾ ആരോപിക്കുന്നു.
സസ്പെൻഡ് ചെയ്താൽ വിദ്യാർഥിക്ക് ഹോസ്റ്റൽ ഒഴിഞ്ഞ് ക്യാമ്പസിന് പുറത്ത് താമസിക്കേണ്ടി വരും. ഇത് നാല് വർഷത്തെ എഞ്ചിനീയറിങ് കോഴ്സ് അഞ്ച് വർഷമോ അതിൽ കൂടുതലോ ആയി നീളാൻ ഇടയാക്കുമായിരുന്നുവെന്നും വിദ്യാർഥികൾ പറയുന്നു. അച്ചടക്ക നടപടിയെക്കുറിച്ചുള്ള ഭയവും സമ്മർദവുമാകാം സാഹിലിനെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് വിദ്യാർഥികളുടെ ആരോപണം.
‘ഇന്ന് ഞങ്ങളുടെ കോളജിൽ ഒരു ആത്മഹത്യ നടന്നതിനാലാണ് ഞങ്ങൾ പ്രതിഷേധിക്കാൻ ഒത്തുകൂടിയത്. ഭരണകൂടത്തിൽ നിന്ന് ഉത്തരവാദിത്തവും സുതാര്യതയും ഉത്തരങ്ങളും ആവശ്യപ്പെടാനാണ് ഞങ്ങൾ പ്രതിഷേധിക്കുന്നത്’ ഒരു വിദ്യാർഥി പറഞ്ഞു.
‘ഇത് ആദ്യത്തെ സംഭവമല്ല, ഈ വർഷം മാത്രം നാലെണ്ണം സംഭവിച്ചു, കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ രണ്ടെണ്ണം. ഇതെല്ലാം എന്തുകൊണ്ട് സംഭവിക്കുന്നു, ഇതിന് പിന്നിലെ കാരണങ്ങൾ എന്താണെന്ന് ഞങ്ങൾക്ക് ഒരു ധാരണയുമില്ലെന്നും’ വിദ്യാർഥികൾ പറയുന്നു. സ്ഥിതിഗതികൾ നിയന്ത്രിക്കുന്നതിനായി പൊലീസ് ക്യാമ്പസിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.
(മാനസിക ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിൽ സഹായം തേടാൻ മടിക്കരുത്. ഇന്ത്യയിൽ Kiran ഹെൽപ്പ് ലൈൻ 1800-599-0019, Tele MANAS 14416 / 1800-891-4416 എന്നീ നമ്പറുകളിൽ 24 മണിക്കൂറും സഹായം ലഭ്യമാണ്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.