ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ യുവാവിനെ ഭാര്യാ സഹോദരൻ വെട്ടിക്കൊന്നു

ഹൈദരാബാദ്: തെലങ്കാനയിലെ നിസാമാബാദ് ജില്ലയിൽ ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിലിലായിരുന്ന യുവാവിനെ ജാമ്യത്തിൽ പുറത്തിറങ്ങിയ ദിവസം യുവതിയുടെ സഹോദരൻ വെട്ടിക്കൊലപ്പെടുത്തി. യുട്യൂബ് ചാനലിലൂടെ ശ്രദ്ധേയായിരുന്ന 19 വയസ്സുകാരിയായ വൈഷ്ണവിയെ കൊലപ്പെടുത്തിയ കേസിൽ 26 കാരനായ ചിട്ടാരി ഹരിബാബുവാണ് മുൻപ് അറസ്റ്റിലായിരുന്നത്. ഈ കേസിൽ ജാമ്യം നേടി പുറത്തിറങ്ങിയ ഹരിബാബുവിനെയാണ് മരണപ്പെട്ട യുവതിയുടെ സഹോദരൻ കൊലപ്പെടുത്തിയത്.

നിസാമാബാദ് നഗരത്തിലെ രാജ രാജേന്ദ്ര ചൗക്‌റോഡിൽ വെച്ച് കഴിഞ്ഞ വ്യാഴാഴ്ച വൈകുന്നേരമാണ് കൊലപാതകം അരങ്ങേറിയത്. റോഡരികിലെ കടയിൽ നിന്നും വെള്ളം വാങ്ങാൻ പോയതായിരുന്നു ഹരിബാബു. ഈ സമയം കാറിലെത്തിയ നാലംഗ സംഘം അദ്ദേഹത്തിന്റെ വഴി തടസ്സപ്പെടുത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നു. കാറിൽ നിന്നിറങ്ങിയ ഒരാൾ നാളികേരം വെട്ടുന്ന അരിവാൾ ഉപയോഗിച്ച് ഹരിബാബുവിന്റെ കഴുത്തിലും തലയിലും വെട്ടുകയായിരുന്നുവെന്ന് അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പൊലീസ് ബി. പ്രസാദ് വ്യക്തമാക്കുന്നു. വെറും 10 സെക്കൻഡിനുള്ളിൽ വളരെ പെട്ടെന്നാണ് ഈ കൊലപാതകം നടന്നിരിക്കുന്നത്.

ഈ സംഭവത്തിന് പിന്നാലെ ഹരിബാബുവിന്റെ അളിയനായ സന്തോഷ് വെള്ളിയാഴ്ച പുലർച്ചെയോടെ പൊലീസ് സ്റ്റേഷനിൽ നേരിട്ട് കീഴടങ്ങുകയായിരുന്നു. തന്റെ പ്രിയപ്പെട്ട ഇളയ സഹോദരിയായ വൈഷ്ണവിയുടെ ദാരുണമായ മരണത്തിന് പ്രതികാരം ചെയ്യാനാണ് താൻ ഈ കൊലപാതകം നടത്തിയതെന്ന് ജഗതിയാൽ ജില്ലയിലെ കോരുട്ല മണ്ഡലം സ്വദേശിയായ സന്തോഷ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിലൂടെ വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് വൈഷ്ണവിയും ഹരിബാബുവും തമ്മിൽ വിവാഹിതരായത്. എന്നാൽ വൈഷ്ണവി നാല് മാസം ഗർഭിണിയായതോടെ ഇവരുടെ കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ തലപൊക്കാൻ തുടങ്ങിയിരുന്നു. ഇതിനിടെ കഴിഞ്ഞ മാർച്ച് 17-ന് രാത്രി ദമ്പതികൾ തമ്മിൽ വലിയ വഴക്കുണ്ടാവുകയും പിറ്റേദിവസം രാവിലെ വൈഷ്ണവിയെ രക്തത്തിൽ കുളിച്ച് മരിച്ച സ്ഥിതിയിൽ കണ്ടെത്തുകയുമായിരുന്നു. വൈഷ്ണവിയെ കഴുത്തുഞെരിച്ചും കുത്തിയും കൊലപ്പെടുത്തിയ ശേഷം ഒളിവിൽ പോയ ഹരിബാബുവിനെ സംഭവത്തിന് രണ്ട് ദിവസത്തിനകം തന്നെ പൊലീസ് പിടികൂടിയിരുന്നു. തുടർന്ന് ആഗസ്റ്റ് 15-നാണ് കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിച്ച ശേഷം ഹരിബാബു അമ്മയെ കാണാനായി നിസാമാബാദിലെത്തിയപ്പോഴാണ് ഈ പ്രതികാര കൊലപാതകം നടന്നിരിക്കുന്നത്. ഈ ആക്രമണത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പ്രദേശത്തെ സിസിടിവി കാമറകളിൽ കൃത്യമായി പതിഞ്ഞിട്ടുണ്ട്. പൊലീസ് ഇപ്പോൾ ഈ ദൃശ്യങ്ങൾ വിശദമായി പരിശോധിച്ച് വരികയാണെന്നും കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.

Tags:    
News Summary - pregnant wifes murder killed by her brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.