'ഇവിടെ യു.പി.ഐ പണമിടപാടുകള്‍ സ്വീകരിക്കില്ല'; കടകള്‍ക്ക് മുന്നില്‍ ബോര്‍ഡ് സ്ഥാപിച്ച് വ്യാപാരികളുടെ പ്രതിഷേധം

ന്യൂഡൽഹി: ഒക്ടോബർ 15 മുതൽ 2,000 രൂപക്ക് മുകളിലുള്ള ചില യു.പി.ഐ ഇടപാടുകൾക്ക് പുതിയ മെർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് ഏർപ്പെടുത്താനുള്ള തീരുമാനത്തിനെതിരെ ഗാസിയാബാദിലെ വ്യാപാരികൾ രംഗത്ത്. ഇതിന്റെ ഭാഗമായി നഗരത്തിലെ വിവിധ കടകൾക്ക് മുന്നിൽ യു.പി.ഐ പണമിടപാടുകൾ സ്വീകരിക്കില്ല എന്നെഴുതിയ ബോർഡുകളും നോട്ടീസുകളും വ്യാപാരികൾ സ്ഥാപിച്ചു.

വ്യാപാരികൾ ഉയർത്തുന്ന പ്രധാന ആശങ്ക പുതിയ 0.4 ശതമാനം നിരക്കിലുള്ള അധിക ചാർജ്ജാണ്. സർക്കാർ തലത്തിൽ ഈ ഫീസ് വ്യാപാരികളാണ് നൽകേണ്ടതെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും ഈ അധിക ഭാരം ഭാവിയിൽ ഉപഭോക്താക്കളുടെ മേൽ തന്നെ എത്തിച്ചേരുമെന്ന് വ്യാപാരികൾ ഭയപ്പെടുന്നു. വലിയ തുകക്കുള്ള സാധനങ്ങൾ വാങ്ങുമ്പോൾ ഈ തുക നൽകേണ്ടി വരുന്നത് ഒഴിവാക്കാൻ ഒക്ടോബർ 15 മുതൽ ഉപഭോക്താക്കൾ നേരിട്ട് പണം കൈയിൽ കരുതണമെന്ന് വ്യാപാരികൾ ഉപദേശിക്കുന്നുണ്ട്.

പുതിയ സംവിധാനം നടപ്പിലാകുന്നതോടെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ ഇടപാടുകളിലുള്ള താല്പര്യം കുറയാൻ ഇത് കാരണമായേക്കാം. സർക്കാരിന്റെ ഈ പുതിയ സാമ്പത്തിക നയത്തിനെതിരെ വ്യാപാരികൾക്കിടയിൽ വലിയ ചർച്ചകളും പ്രതിഷേധങ്ങളുമാണ് രൂപപ്പെട്ടിരിക്കുന്നത്.

എന്നാൽ ഒക്ടോബർ 15 മുതൽ 2,000 രൂപക്ക് മുകളിലുള്ള യു.പി.ഐ വാണിജ്യ ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്താനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്നാണ് കേന്ദ്ര സർക്കാറിന്‍റെ നയം. പ്രതിപക്ഷ പാർട്ടികളിൽ നിന്ന് കടുത്ത വിമർശനം ഉയരുന്നുണ്ടെങ്കിലും ഡിജിറ്റൽ മേഖല ശക്തിപ്പെട്ട ശേഷം നടപ്പാക്കാൻ അഞ്ച് വർഷം മുമ്പ് എടുത്ത ഈ തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നാണ് സർക്കാർ വാദം.

2,000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് ഫീസ് ഏർപ്പെടുത്തുന്നത് വ്യാപാരികൾക്കിടയിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഈ അധികച്ചെലവ് ഉപഭോക്താക്കളിലേക്ക് മാറ്റുകയാണെങ്കിൽ അത് സാധാരണക്കാരെ ബാധിക്കുകയും ഡിജിറ്റൽ ഇടപാടുകളിൽ നിന്ന് ആളുകൾ വീണ്ടും കറൻസി ഉപയോഗത്തിലേക്ക് മടങ്ങാൻ ഇടയാക്കുമെന്നുമാണ് വിദഗ്ധരുടെ പക്ഷം. യു.പി.ഐ ഇടപാടിന് ഫീസ് ഈടാക്കുന്നതിനെതിരെ അഭിഭാഷകനായ അഞ്ജൻ ദത്ത സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പൊതുജനങ്ങളുമായും ബന്ധപ്പെട്ട മേഖലകളിലുള്ളവരുമായും സുതാര്യമായ കൂടിയാലോചനകൾ നടത്തിയ ശേഷവും പഠനങ്ങൾ വിലയിരുത്തിയ ശേഷവും മാത്രമേ ഇത്തരം തീരുമാനങ്ങൾ നടപ്പാക്കാവൂ എന്നാണ് സുപ്രീംകോടതിയിൽ സമർപ്പിച്ച ഹരജിയിൽ ആവശ്യപ്പെടുന്നത്.

സാധാരണക്കാരുടെ സമ്പാദ്യം നശിപ്പിക്കാനുള്ള 'ഡിജിറ്റൽ പേയ്‌മെന്റ് ടാക്‌സ്' ആണ് ഇതെന്നും തീരുമാനം ഉടൻ പിൻവലിക്കണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ആവശ്യപ്പെട്ടു. എന്നാൽ, സ്വന്തം പാർട്ടിയിലെ എം.പിമാർ പാർലമെന്റിനുള്ളിൽ പിന്തുണച്ച ഒരു കാര്യത്തെ രാഹുൽ ഗാന്ധിയും കോൺഗ്രസും എന്തിനാണ് ഇപ്പോൾ എതിർക്കുന്നതെന്ന് ബി.ജെ.പി ചോദിച്ചു.

Tags:    
News Summary - UPI transactions will not be accepted Traders protest by putting up boards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.