ബി.കെ. ഹരിപ്രസാദ്
കർണാടക വോട്ടർപട്ടികയിൽ കള്ളക്കളിയോ? ലക്ഷക്കണക്കിന് വോട്ടർമാരുടെ കണക്കിൽ തിരിമറിയെന്ന് കോൺഗ്രസ്!
ബെംഗളൂരു: കർണാടകയിൽ നടക്കുന്ന പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്.ഐ.ആർ 2026) ഗുരുതരമായ പൊരുത്തക്കേടുകളും ക്രമക്കേടുകളും നടക്കുന്നുണ്ടെന്ന ആരോപണവുമായി കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി (കെ.പി.സി.സി) പ്രസിഡന്റ് ബി.കെ. ഹരിപ്രസാദ്. വോട്ടർപട്ടിക തയ്യാറാക്കുന്നതിലെ സുതാര്യതയില്ലായ്മ ചൂണ്ടിക്കാട്ടി സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർക്ക് അദ്ദേഹം കത്തയച്ചു. ഉയർന്നുവന്ന ചോദ്യങ്ങൾക്ക് ഓരോന്നിനും കൃത്യമായ പോയിന്റ് ടു പോയിന്റ് വിശദീകരണം നൽകിയ ശേഷം മാത്രമേ തുടർനടപടികളിലേക്ക് കടക്കാവൂ എന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
എസ്.ഐ.ആർ 2026 പ്രക്രിയയിൽ വലിയ അപാകതകളും ഏകപക്ഷീയമായ തീരുമാനങ്ങളും വ്യക്തമായ പൊരുത്തക്കേടുകളും നിലനിൽക്കുന്നുണ്ടെന്ന് കത്തിൽ ഹരിപ്രസാദ് കുറ്റപ്പെടുത്തി. 2025-ലെ അന്തിമ വോട്ടർപട്ടികയിലുണ്ടായിരുന്ന കൃത്യം 5,54,22,344 വോട്ടർമാരുടെ അതേ കണക്കോടെ തന്നെയാണ് ഇത്തവണയും നടപടികൾ ആരംഭിച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജൂൺ 30-ന് പുതിയ പരിഷ്കരണം തുടങ്ങുന്നതിന് മുൻപ് പുതിയ പേരുകൾ ചേർക്കലോ ഒഴിവാക്കലോ തിരുത്തലുകളോ നടത്തിയിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
നിരവധി നിയമസഭാ മണ്ഡലങ്ങളിലെ എ.എസ്.ഡി.ഡി.ഒ കണക്കുകളിലും 2025-ലെ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരുടെ എണ്ണത്തിലും വലിയ പൊരുത്തക്കേടുകളുണ്ട്. ചില മണ്ഡലങ്ങളിൽ കണക്കുകൾ വളരെ ഉയർന്ന നിലയിലും മറ്റ് ചിലയിടങ്ങളിൽ തീർത്തും കുറഞ്ഞ തോതിലുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇവയെ 'വിശദീകരണമില്ലാത്ത വോട്ടർമാർ' എന്ന വിഭാഗത്തിലാണ് പെടുത്തിയിട്ടുള്ളതെന്നും, മണ്ഡലാടിസ്ഥാനത്തിൽ കൃത്യമായ ഒത്തുനോക്കലും ഓഡിറ്റിംഗും അടിയന്തരമായി നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാങ്കേതിക തകരാറുകളെന്ന് വിശേഷിപ്പിച്ചാലും, ഈ പിഴവുകൾ മുഴുവൻ പ്രക്രിയയുടെയും വിശ്വാസ്യതയെയും സുതാര്യതയെയും ബാധിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.