മുരശു തീരം തൊട്ടു; ആന്ധ്ര തീരങ്ങളിൽ ശക്തമായ മഴയും കാറ്റും
അമരാവതി: ആന്ധ്രപ്രദേശ് തീരത്ത് കനത്ത നാശം വിതച്ച് ‘മുരശു’ ചുഴലിക്കാറ്റ്. ചൊവ്വാഴ്ച പുലർച്ചെ ഒരു മണിയോടെ പ്രകാശം ജില്ലയിലെ ഒങ്കോലിന് സമീപമുള്ള കോത്തപട്നത്തിന് അടുത്ത് വെച്ചാണ് മുരശു തീരം തൊട്ടതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 110 കിലോമീറ്റർ മുതൽ 120 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ച അതിശക്തമായ കാറ്റും പേമാരിയും ആന്ധ്ര തീരത്തെ പിടിച്ചുക്കുലുക്കി.
പടിഞ്ഞാറൻ-മധ്യ ബംഗാൾ ഉൾക്കടലിൽ ഒങ്കോലിന് 40 കിലോമീറ്റർ തെക്ക്-കിഴക്കായി കേന്ദ്രീകരിച്ചിരുന്ന അതിതീവ്ര ചുഴലിക്കാറ്റ്, നെല്ലൂരിനും നർസാപൂരിനും ഇടയിലായാണ് തീരംതൊട്ടത്.ഫ
മണിക്കൂറിൽ 110-120 കിലോമീറ്റർ വേഗതയിൽ ആഞ്ഞടിച്ച കാറ്റിൽ നെല്ലൂർ, പ്രകാശം, ബാപട്ല ജില്ലകളിൽ നൂറുകണക്കിന് മരങ്ങൾ കടപുഴകി.
താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ബാപട്ല, കൃഷ്ണ, പ്രകാശം ജില്ലകളിൽ കടൽഭിതി ഉയർത്തി ഒന്ന് മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾ ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. അടുത്ത 12 മണിക്കൂർ കൂടി ദക്ഷിണ തീരദേശ ആന്ധ്രയിൽ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. ദുരന്തസാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പുലർച്ചെ 3.30ന് ജില്ല കലക്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും അടിയന്തര യോഗംവിളിച്ചുചേർത്തു.
മുൻപ് ‘അർനാബ്’ ചുഴലിക്കാറ്റിനു ശേഷം റോഡിലേക്ക് പൊട്ടിവീണ വൈദ്യുതി ലൈനുകളിൽ തൊട്ട് കുറഞ്ഞത് അഞ്ചുപേർ മരണപ്പെട്ട ദാരുണ സംഭവം മുഖ്യമന്ത്രി ഓർമിപ്പിച്ചു. അപകടങ്ങൾ ഒഴിവാക്കാൻ, റോഡുകളിലെ തടസ്സങ്ങൾ പൂർണമായി നീക്കം ചെയ്യുന്നതുവരെ ആളുകൾ വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. വൈദ്യുതി വിതരണത്തിന് വലിയ തടസ്സങ്ങൾ നേരിട്ടിട്ടില്ലെന്നും വൈദ്യുതി പോസ്റ്റുകൾ വലിയതോതിൽ തകർന്നിട്ടില്ലെന്നും ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.