‘വോട്ട് നൽകാമെന്ന് പറഞ്ഞാൽ മോദി ഭരതനാട്യം കളിക്കും, ഭക്തർ മലിന ജലത്തിൽ മുങ്ങുമ്പോൾ മോദി നാടകം നടത്തുന്നു’ ബിഹാറിൽ മോദി​യെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

പട്ന: പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ടിനു വേണ്ടി എന്തു ചെയ്യാനും തയാറാകുമെന്ന് രാഹുൽ‌ ഗാന്ധി. ‘അദ്ദേഹത്തിന് വോട്ടുമാത്രമാണ് ആവശ്യം. വോട്ടിനുവേണ്ടി നൃത്തം ചെയ്യാൻ പറഞ്ഞാൽ അദ്ദേഹം നൃത്തം ​ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി സ്റ്റേജിൽ ഭരതനാട്യം അവതരിപ്പിക്കും,’– മുസാഫർപുരിലെ റാലിയെ അഭിസംബോധന​ ​ചെയ്യവെ രാഹുൽ പറഞ്ഞു.

ഡല്‍ഹിയിലെ മലിനമായ യമുനാനദിയില്‍ ഭക്തര്‍ പ്രാര്‍ഥിക്കുമ്പോള്‍, പ്രധാനമന്ത്രി 'പ്രത്യേകമായി നിര്‍മിച്ച' കുളത്തില്‍ മുങ്ങിക്കുളിച്ചെന്ന് ഛാഠ് പൂജയേക്കുറിച്ച് പരാമര്‍ശിച്ച് രാഹുല്‍ പരിഹസിച്ചു. നരേന്ദ്ര മോദി അദ്ദേഹത്തിന്റെ നീന്തല്‍ക്കുളത്തില്‍ കുളിക്കാന്‍ പോയി. അദ്ദേഹത്തിന് യമുനാനദിയുമായോ ഛാഠ് പൂജയുമായോ യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന് വേണ്ടത് നിങ്ങളുടെ വോട്ടുകള്‍ മാത്രമാണ്, രാഹുല്‍ പറഞ്ഞു. 

ബി.ജെ.പി ജനാധിപത്യത്തെ തകർക്കുകയാണ്. അവർ വോട്ടുകൊള്ളക്കാരാണ്. മഹാരാഷ്ട്രയിലെയും ഹരിയാനയിലേയും തെരഞ്ഞെടുപ്പുകളിൽ വോട്ടുകട്ടവർ ബിഹാറിൽ പരമാവധി ശ്രമിക്കുമെന്നും രാഹുൽ പറഞ്ഞു. നോട്ടുനിരോധനത്തിലൂടെയും ജി.എസ്.ടിയിലൂടെയും ചെറുകിട വ്യാപാരമേഖലയെ മോദി തകർത്തു. രാജ്യത്ത് എവിടെ നോക്കിയാലും​ മെയ്ഡ് ഇൻ ചൈനയാണെന്നും രാഹുൽ പറഞ്ഞു. ഭരിക്കുന്നത് നിതീഷ് കുമാറാണെങ്കിലും ഭരണം നിയന്ത്രിക്കുന്നത് ബിജെപിയാണെന്നും രാഹുൽ വിമർശിച്ചു. നിതീഷിന്റെ മുഖം മാത്രമാണ് ബി.ജെ.പി ഉപയോഗിക്കുന്നത്.

സാമൂഹിക നീതി നടപ്പിലാക്കാൻ ബി.ജെ.പി തയാറാകുന്നില്ല. ജാതി സെൻസസ് നടപ്പിലാക്കണമെന്ന് ലോക്സഭയിൽ താൻ ആവശ്യപ്പെട്ടിട്ടും കേന്ദ്രസർക്കാർ ഒന്നും മിണ്ടിയിട്ടില്ലെന്നും രാഹുൽ പറഞ്ഞു. ഇതിനിടെ വിമർശങ്ങൾക്കെതിരെ ബി.ജെ.പി നേതാക്കൾ രംഗത്തെത്തി. പ്രധാനമന്ത്രിക്കായി വോട്ടു ചെയ്തവരെ രാഹുൽ അപമാനിച്ചെന്ന് ബി.ജെ.പി നേതാവ് പ്രദീപ് ഭണ്ടാരി പറഞ്ഞു.

ബിഹാറിൽ 15 റാലികളിലാണ് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കുക. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർ​ഗെ, സോണിയ ഗാന്ധി എന്നിവരും വരുംദിവസങ്ങളിൽ പ്രചാരണത്തിനായി ബിഹാറിലെത്തും. നവംബർ 6, 11 തീയതികളിലാണ് പോളിങ്. നവംബർ 14നാണ് ഫലപ്രഖ്യാപനം.

Tags:    
News Summary - If you tell Modi to dance..Rahul Gandhi opens Bihar campaign with attack on PM

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.