'ബുദ്ധിമുട്ട്​ അനുഭവിച്ചാലെ സുഖം എന്തെന്ന്​ അറിയാനാകൂ'; ഇന്ധന വില വർധനവിൽ പുതിയ സിദ്ധാന്തവുമായി ബി.ജെ.പി നേതാവ്​

ഭോപ്പാൽ: ഇന്ധനവിലവർധനവ്​ കാരണം ജനം അനുഭവിക്കുന്ന ബുദ്ധിമുട്ടിന്​ പുതിയ ന്യായീകരണം ചമച്ച്​ ബി.ജെ.പി നേതാവ്​. മധ്യപ്രദേശ്​ മന്ത്രി ഓം പ്രകാശ് സക്​ലേച്ചയാണ്​ വിചിത്രമായൊരു സിദ്ധാന്തം ഇന്ധനവിലവർധനയിൽ അവതരിപ്പിച്ചത്​. 'ബുദ്ധിമുട്ട്​ അനുഭവിക്കുന്നവർക്ക്​ മാത്രമേ സുഖം എന്തെന്ന്​ അറിയാനുള്ള കഴിവ്​ ലഭിക്കൂ'എന്നായിരുന്ന മന്ത്രി പറഞ്ഞത്​. 'ദുഃഖങ്ങൾ ഇല്ലാത്തവർക്ക് സുഖം ആസ്വദിക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. ഭോപ്പാലിൽ മാധ്യമപ്രവർത്തകരോട്​ സംസാരിക്കുകയായിരുന്നു അദ്ദേഹം.


മോദിജിയുടെ തന്ത്രങ്ങൾ പരാജയപ്പെട്ടതുകൊണ്ടാണോ രാജ്യത്ത്​ കുഴപ്പങ്ങൾ ഉണ്ടാകുന്നത്​ എന്ന ചോദ്യത്തിന്​ '40 വർഷം രാജ്യത്തെ ജനങ്ങൾക്ക്​ പോളിയോയുടെ തുള്ളിമരുന്ന്​ മാത്രം നൽകിയ കോൺഗ്രസിനെയാണോ നിങ്ങളെപോലുള്ള ആളുകൾ ആഗ്രഹിക്കുന്നത്'​ എന്നായിരുന്നു ​മ​ന്ത്രിയുടെ മറുപടി. മാധ്യമപ്രവർത്തകർ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നതായും അദ്ദേഹം ആരോപിച്ചു.

സംസ്ഥാനത്ത്​ ശനിയാഴ്​ച പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി. പെട്രോളിന്​ 35 പൈസയും ഡീസലിന്​ 27 പൈസയുമാണ്​ വർധിപ്പിച്ചത്​. തിരുവനന്തപുരത്ത്​ പെട്രോളിന്​ 102.89 രൂപയും ഡീസലിന്​ 96.47 രൂപയുമാണ്​ വില​. കൊച്ചിയിൽ പെട്രോളിന്​ 101.01, ഡീസലിന്​ 95.71 രൂപയുമാണ്​ വില. കോഴിക്കോട്​ പെട്രോളിന്​ 101.32, ഡീസലിന്​ 95.02 രൂപയുമായാണ്​​ വർധിപ്പിച്ചത്​. ഈ മാസം ഇത്​ ആറാം തവണയാണ്​ പെട്രോൾ-ഡീസൽ വില വർധിപ്പിക്കുന്നത്​.

അന്താരാഷ്​ട്ര വിപണിയിലും ക്രൂഡോയിലിന്‍റെ വില വർധിച്ചു. ബ്രെന്‍റ്​ ക്രൂഡോയിലിന്‍റെ വില 75.55 ഡോളറായാണ്​​ വർധിച്ചത്​. ഇന്ധന ഉപഭോഗം വർധിച്ചതിനെ തുടർന്നാണ്​ വിപണിയിൽ വില ഉയരുന്നത്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.