കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി

പാകിസ്താൻ ഒരു അവസരം തന്നാൽ..: ഡൽഹി സ്ഫോടനത്തിന് പിന്നാലെ മുന്നറിയിപ്പുമായി കരസേന മേധാവി, ‘ഓപറേഷൻ സിന്ദൂർ ​വെറും ട്രെയിലർ മാത്രം’

ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിന് പിന്നാലെ പാകിസ്താന് മുന്നറിയിപ്പുമായി സംയുക്ത കരസേന മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. ഓപറേഷൻ സിന്ദൂർ വെറും ട്രെയിലർ മാത്രമായിരുന്നുവെന്നും വെല്ലുവിളികളെ നേരിടാൻ രാജ്യം പൂർണ സന്നദ്ധമാണെന്നും ഉപേന്ദ്ര ദ്വിവേദി പറഞ്ഞു.

രാജ്യത്തെ നടുക്കിയ ഡൽഹി സ്ഫോടനത്തിന് ദിവസങ്ങൾക്ക് ശേഷമാണ് പാകിസ്താന് മുന്നറിയിപ്പുമായി സംയുക്ത സൈനീക മേധാവി രംഗത്തെത്തുന്നത്. ഭീകരരെയും അവരെ പിന്തുണക്കുന്നവരെയും രാജ്യം ഒരുപോലെ നേരിടുമെന്ന് സേനാമേധാവി പറഞ്ഞു. ‘ഒരുരാജ്യം ഭീകരപ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗൗരവതരമായ വിഷയമാണ്. വളർ​ച്ചയെ കുറിച്ചാണ് ഇന്ത്യ സംസാരിക്കുന്നത്. എന്നാൽ, നമ്മുടെ പാതയിൽ ആരെങ്കിലും തടസം സൃഷ്ടിച്ചാൽ, തീർച്ചയായും അവർക്കെതിരെ ​ശക്തമായി പ്രതികരിക്കേണ്ടി വരും. പുതിയ സാഹചര്യങ്ങളെ പറ്റി സംസാരിക്കുമ്പോൾ ചർച്ചകളും ഭീകരപ്രവർത്തനവും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനാവില്ലെന്ന് നമ്മൾ തീർത്ത് പറഞ്ഞിട്ടുണ്ട്. സമാധാനപൂർവമായ നടപടികളോട് മാത്രം നമ്മൾ സഹകരിക്കും, ആകെ ആവശ്യപ്പെടുന്നത് അതുമാത്രമാണ്. അതുവരെ, ഭീകരരെയും അവരെ പിന്തുണക്കുന്നവരെയും ഒരുപോലെ കണക്കാക്കും. ഒരുതരം ഭീഷണികൾക്ക് മുമ്പിലും മുട്ടുമടക്കി​ല്ലെന്ന് രാജ്യം ഇപ്പോൾ തെളിയിച്ചിട്ടുണ്ട്,’ ജനറൽ പറഞ്ഞു.

88 മണിക്കൂർ മാത്രം നീണ്ടുനിന്ന ഓപറേഷൻ സിന്ദൂർ വെറും​ ​ട്രെയിലർ മാത്രമായിരുന്നു. എല്ലാ സാഹചര്യങ്ങളെയും നേരിടാൻ രാജ്യം സന്നദ്ധമാണ്. പാകിസ്താൻ ഒരു അവസരം നൽകിയാൽ, അയൽക്കാരോട് ഉത്തരവാദിത്വത്തോടെ എങ്ങനെ പെരുമാറണമെന്ന് നമ്മൾ അവരെ പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിവിധ പ്ളാറ്റ്ഫോമുകൾ ഏകീകരിക്കുന്നതാണ് ആധുനിക യുദ്ധത​ന്ത്രമെന്നും ദ്വിവേദി പറഞ്ഞു. ഇത്തരം സംഘർഷങ്ങൾ എത്രകാലം നീണ്ടുനിൽക്കുമെന്ന് പറയാനാവില്ല. അത്രയും കാലം നമ്മുടെ കയ്യിൽ ആയുധങ്ങളും പടക്കോപ്പുകളും ഉറപ്പുവരുത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 22ന് ജമ്മുകാശ്മീരിൽ 26 പേരുടെ ജീവൻ കവർന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യയും പാകിസ്താനും തമ്മിൽ സംഘർഷം ഉടലെടുത്തത്. ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സേന നടത്തിയ സൈനിക നടപടി ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒമ്പതോളം ഭീകര കേന്ദ്രങ്ങളും ലോഞ്ച്പാഡുകളും ഇന്ത്യൻ സേന കൃത്യമായ ആക്രമണങ്ങളിലൂടെ തകർത്തിരുന്നു.

News Summary - If Pakistan gives us an opportunity..: Army chiefs warning after Delhi blast; calls Operation Sindoor a trailer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.