കോടതി സമയത്തെക്കുറിച്ചുള്ള ജഡ്ജിയുടെ ചോദ്യം വൈറലായി. സുപ്രീം കോടതി ജഡ്ജി ഉദയ് ലളിതാണ് കോടതി സമയത്തെക്കുറിച്ചുള്ള ഗൗരവകരമായ ചില ചോദ്യങ്ങൾ ഉന്നയിച്ചത്. ഉദയ് ലളിത് വെള്ളിയാഴ്ച രാവിലെ 9:30ന് തന്നെ കോടതിയിലെത്തിയിരുന്നു. സാധാരണ കോടതി സമയത്തേക്കാൾ ഒരു മണിക്കൂർ മുമ്പ് എത്തിയ അദ്ദേഹം കേസുകൾ കേൾക്കാനും തുടങ്ങി.
ഒരു കേസ് കേൾക്കുന്നതിനിടെയാണ്, മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗിയോട് അദ്ദേഹം ഇക്കാര്യം ചോദിച്ചത്. 'നമ്മുടെ കുട്ടികൾക്ക് 7 മണിക്ക് സ്കൂളിൽ പോകാൻ കഴിയുമെങ്കിൽ, എന്തുകൊണ്ടാണ് ജഡ്ജിമാരായ ഞങ്ങൾക്ക് രാവിലെ 9 മുതൽ പ്രവർത്തിക്കാൻ കഴിയാത്തത്'- എന്നായിരുന്നു ചോദ്യം. സുപ്രീം കോടതിയുടെ അടുത്ത ചീഫ് ജസ്റ്റീസ് ആണ് ഉദയ് ലളിത്. എൻ.വി. രമണ ഓഗസ്റ്റ് 26ന് വിരമിച്ചതിനുശേഷം ലളിത് ഇന്ത്യയുടെ പുതിയ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കും.
രാവിലെ ഒമ്പതിന് ജോലി ആരംഭിക്കുന്നതും 11 മണിക്ക് ഇടവേള എടുക്കുന്നതും ഉച്ചയ്ക്ക് 2 മണി വരെ ജോലി ചെയ്യുന്നതും തുടർന്ന് അടുത്ത ദിവസത്തേക്ക് തയ്യാറെടുക്കുന്നതുമാണ് മികച്ച രീതിയെന്ന് ജസ്റ്റിസ് ലളിത് പറഞ്ഞു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ പിന്തുടരാനുള്ള നല്ല പരിശീലനമാണെന്നും രാജസ്ഥാൻ ഹൈക്കോടതി ഇതിനകം തന്നെ സുപ്രീം കോടതിയുടെ നടപടികൾ പിന്തുടരുകയാണെന്നും അഭിഭാഷകൻ റോത്തഗിയും അഭിപ്രായപ്പെട്ടു.
സാധാരണയായി രാവിലെ 10.30നാണ് സുപ്രീം കോടതിയിൽ വാദം കേൾക്കൽ ആരംഭിക്കുന്നത്. ജഡ്ജിമാർ ഉച്ചയ്ക്ക് ഒരുമണിക്ക് വിശ്രമിക്കുകയും രണ്ടുമുതൽ കേസുകൾ പൂർത്തിയാകുന്നതുവരെ ജോലി തുടരുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.