കൻവാർ യാത്ര തെറ്റാണെങ്കിൽ ബക്രീദ് ആഘോഷവും തെറ്റെന്ന് കോൺഗ്രസ് നേതാവ് അഭിഷേക് സിങ്​വി

ന്യൂഡൽഹി: ബക്രീദിനോടനുബന്ധിച്ച് കേരള സർക്കാർ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് അനുവദിച്ചതിനെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിങ്​വി. കൻവാർ യാത്ര തെറ്റാണെങ്കിൽ ബക്രീദ് ആഘോഷങ്ങളും തെറ്റാണെന്ന് സിങ്​വി പറഞ്ഞു.

'ബക്രീദ് ആഘോഷങ്ങൾക്കായി മൂന്ന് ദിവസത്തെ ഇളവ് അനുവദിച്ച കേരള സർക്കാറിന്‍റെ നടപടി നിന്ദ്യമാണ്. പ്രത്യേകിച്ച്, കേരളം കോവിഡിന്‍റെ പ്രധാന കേന്ദ്രങ്ങളിലൊന്നായി തുടരുമ്പോൾ. കൻവാർ യാത്ര തെറ്റാണെങ്കിൽ ബക്രീദ് ആഘോഷവും തെറ്റാണ്' -സിങ്​വി ട്വീറ്റ് ചെയ്തു.

സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് ഈ വർഷം കൻവാർ യാത്ര ഒഴിവാക്കാൻ യു.പി സർക്കാർ തീരുമാനിച്ചിരിക്കുകയാണ്. നേരത്തെ, ഉത്തരാഖണ്ഡും കൻവാർ യാത്ര ഒഴിവാക്കിയിരുന്നു.

കേരളത്തിൽ ബക്രീദിനോടനുബന്ധിച്ച് 18, 19, 20 ദിവസങ്ങളിൽ ഇളവ് നൽകാനാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. രാത്രി എട്ട് വരെ കടകൾ തുറക്കാൻ അനുമതിയുണ്ട്.

അതേസമയം, ബക്രീദ് ആഘോഷവും കൻവാർ യാത്രയും വ്യത്യസ്തമാണെന്ന് നിരവധി പേർ സിങ്​വിയുടെ ട്വീറ്റിന് മറുപടിയായി ചൂണ്ടിക്കാട്ടുന്നുണ്ട്. വീടുകളിൽ ഒതുങ്ങിയുള്ള ആഘോഷമാണ് ബക്രീദ് ദിവസം നടക്കുന്നതെന്നും വലിയ ആൾക്കൂട്ടമുണ്ടാകുന്നില്ലെന്നും ആളുകൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ആയിരങ്ങൾ പങ്കെടുക്കുന്ന ചടങ്ങാണ് കൻവാർ യാത്ര.

ഉത്തരാഖണ്ഡിലെ ഹരിദ്വാര്‍, ഗോമുഖ്, ഗംഗോത്രി, ബിഹാറിലെ സുല്‍ത്താന്‍ഗഞ്ച് എന്നിവിടങ്ങളിലേക്ക് ശ്രാവണ മാസത്തില്‍ (ജൂലൈ) ഭക്തര്‍ ഗംഗാജലം തേടി നടത്തുന്ന യാത്രയാണ് കൻവാർ യാത്ര. ഇവിടങ്ങളിലെ ഗംഗ നദിയില്‍ ഇറങ്ങി പാത്രങ്ങളില്‍ വെള്ളം ശേഖരിക്കുകയാണ് ചെയ്യുക. 2019ൽ മൂന്ന് കോടി പേരാണ് യാത്രയിൽ പങ്കെടുത്തത്. 

Tags:    
News Summary - If Kanwar Yatra is wrong, so is Bakrid public celebrations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.