ഡൽഹി വനിതാ കമീഷൻ അധ്യക്ഷക്ക് നേരെ ആക്രമണം; റോഡിലൂടെ വലിച്ചിഴച്ചു

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്തെ സ്ത്രീ സുരക്ഷയിൽ വലിയ ചോദ്യമുയർത്തി ഡൽഹി വനിതാ കമീഷൻ അധ്യക്ഷക്ക് നേരെ തന്നെ കൈയേറ്റ ശ്രമം. മദ്യപിച്ച് കാറോടിച്ച് വന്നയാൾ ഡൽഹി വനിതാ കമീഷൻ അധ്യക്ഷ സ്വാതി മാലിവാലിനെ റോഡിൽ 15 മീറ്ററോളം വലിച്ചിഴച്ചു. വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം.

കാറിൽ മദ്യപിച്ച് എത്തിയയാൾ റോഡിൽ നിൽക്കുകയായിരുന്ന സ്വാതിയെ 15 മീറ്ററോളം വലിച്ചിഴക്കുകയായിരുന്നു. സംഭവത്തിൽ 47കാരനെ അറസ്റ്റ് ​ചെയ്തിട്ടുണ്ട്. ഡൽഹി എയിംസ് ആശുപത്രിക്ക് സമീപത്തു നിന്നാണ് സ്വാതിക്കു നേരെ കൈയേറ്റമുണ്ടായത്.

രാജ്യ തലസ്ഥാനത്തെ സ്ത്രീ സുരക്ഷ സംബന്ധിച്ച് പരിശോധിക്കാനായാണ് അവർ പുലർച്ചെ റോഡിലിറങ്ങിയത്. ദൈവമാണ് എന്റെ ജീവൻ രക്ഷിച്ചത്. വനിതാ കമീഷൻ ചെയർപേഴ്സൻ പോലും ഡൽഹിയിൽ സുരക്ഷിതയല്ലെങ്കിൽ, സാഹചര്യം എന്താണെന്ന് ചിന്തിച്ചുനോക്കൂ’ - അവർ ട്വീറ്റ് ​ചെയ്തു.

വ്യാഴാഴ്ച പുലർച്ചെ 3.11ഓടെ എയിംസിനു സമീപമുള്ള നടപ്പാതയിൽ നിൽക്കുകയായിരുന്നു സ്വാതി. ആ സമയം ബലേനോ കാറിലെത്തിയ ഹരിഷ് ചന്ദ്ര എന്നയാൾ ഇവരെ കാറിനുള്ളിലേക്ക് വലിച്ചു കയറ്റാൻ ശ്രമിച്ചു. ഇയാൾ അമിതമായി മദ്യപിച്ച അവസ്ഥയിലായിരുന്നെന്ന് സ്വാതി പറഞ്ഞു.

അവർ നിരസിച്ചപ്പോൾ ഇയാൾ കാറോടിച്ച് മുന്നോട്ടുപോയി പിന്നീട് യുടേണെടുത്ത് വന്നു. വീണ്ടും കാറിൽ കയറാൻ നിർബന്ധിച്ചപ്പോൾ കാറിന്റെ വിൻഡോയിലൂടെ ഇയാളെ പിടിക്കാൻ സ്വാതി ശ്രമിച്ചു. ഈ സമയം പ്രതി വിൻഡോ ഗ്ലാസ് താഴ്ത്തി. സ്വാതിയുടെ കൈ ഗ്ലാസിനുള്ളിൽ കുടുങ്ങി. പ്രതി കറോടിച്ച് പോകാൻ തുടങ്ങിയതോടെ കാറിൽ തൂങ്ങിയ നിലയിൽ സ്വാതി റോഡിലൂടെ വലിച്ചിഴക്കപ്പെട്ടു. 15 മീറ്ററോളം ദൂരം ഇങ്ങനെ പോയശേഷമാണ് സ്വാതിക്ക് സ്വയം രക്ഷപ്പെടാനായത്. അപ്പോഴേക്കും സ്വാതിക്കൊപ്പം വന്ന് ദൂരത്ത് നിലയുറപ്പിച്ചിരുന്ന പൊലീസ് സംഘം സ്ഥലത്തെത്തുകയും ഇയാളെ അറസ്റ്റ് ​ചെയ്യുകയുമായിരുന്നു. കാറും പിടിച്ചെടുത്തിട്ടുണ്ട്.

Tags:    
News Summary - "If I'm Not Safe, Then...": Delhi Women's Panel Head Says Dragged By Car

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.