തടവിലിട്ടവരെ വിദേശികളാണെന്ന് കണ്ടെത്തിയാൽ ഉടൻ നാടുകടത്തണമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: വിദേശികളായി പ്രഖ്യാപിച്ച ആളുകളെ നാടുകടത്തുന്നതിനുപകരം അനിശ്ചിതകാലത്തേക്ക് തടങ്കൽ കേന്ദ്രങ്ങളിൽ പാർപ്പിച്ചതിന് അസം സർക്കാറിനെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. നിങ്ങൾ ഏതെങ്കിലും മുഹൂർത്തത്തിനായി കാത്തിരിക്കുകയാണോ എന്നായിരുന്നു കോടതിയുടെ ചോദ്യം.

വിദേശികളായി പ്രഖ്യാപിക്കപ്പെട്ടവരെ നാടുകടത്തുന്നതും അസമിലെ തടങ്കൽ കേന്ദ്രങ്ങളിലെ സൗകര്യങ്ങളും സംബന്ധിച്ച ഹരജി പരിഗണിക്കുകയായിരുന്നു ബെഞ്ച്. തടവിലാക്കപ്പെട്ടവർ വിദേശികളാണെന്ന് കണ്ടെത്തിയാൽ അവരെ ഉടൻ നാടുകടത്തണമെന്ന് ജസ്റ്റിസുമാരായ അഭയ് എസ്.ഓക, ഉജ്ജൽ ഭൂയാൻ എന്നിവർ പറഞ്ഞു.

‘അവരുടെ വിലാസങ്ങൾ അറിയില്ലെന്ന് പറഞ്ഞ് നാടുകടത്തൽ ആരംഭിക്കാൻ നിങ്ങൾ വിസമ്മതിച്ചു. അത് ഞങ്ങളുടെ ആശങ്കയാവേണ്ട കാര്യമെന്താണ്? നിങ്ങൾ അവരുടെ രാജ്യത്തേക്ക് നാടുകടത്തുക. നിങ്ങൾ മുഹൂർത്തത്തിനായി കാത്തിരിക്കുകയാണോ? ഒരിക്കൽ നിങ്ങൾ ഒരു വ്യക്തിയെ വിദേശിയായി പ്രഖ്യാപിച്ചാൽ നിങ്ങൾക്ക് അവരെ അവസാനം വരെ തടങ്കലിൽ വെക്കാൻ കഴിയില്ല. ഭരണഘടനയുടെ ആർട്ടിക്കിൾ 21 ഉണ്ട്. അസമിൽ നിരവധി വിദേശികളുടെ തടങ്കൽ കേന്ദ്രങ്ങളുണ്ട്. നിങ്ങൾ എത്രപേരെ നാടുകടത്തി?’ -അസം സർക്കാറിനു വേണ്ടി ഹാജറായ അഭിഭാഷകനോട് ബെഞ്ച് ചോദിച്ചു.

തടങ്കൽ കേന്ദ്രങ്ങളിൽ കഴിയുന്ന 63 പേരെ നാടുകടത്തുന്നതാരംഭിച്ച് രണ്ടാഴ്ചക്കുള്ളിൽ സത്യവാങ്മൂലം സമർപ്പിക്കാൻ അസം സർക്കാറിനോട് സുപ്രീംകോടതി നിർദേശിക്കുകയും ചെയ്തു.

Tags:    
News Summary - The Supreme Court said that if the detainees are found to be foreigners, they should be deported immediately

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.