മന്ത്രി ജിതേന്ദ്ര സിങ്ങ്

ഇഡ്‍ഢലി വിറ്റത് ‘ഇസ്റോ’ ജീവനക്കാരല്ല; ചന്ദ്രയാന് വേണ്ടി ഉപകരണങ്ങളുണ്ടാക്കിയവരെന്ന് കേന്ദ്രം

ന്യൂഡൽഹി: ശമ്പളം കിട്ടാതെ ചായയും ഇഡ്ഢലിയും വിൽക്കുന്നത് ഇസ്റോ ജീവനക്കാരല്ലെന്നും അവർക്ക് ഉപകരണങ്ങൾ നൽകുന്ന സ്ഥാപനത്തി​ലുള്ളവരാണെന്നും കേ​ന്ദ്ര ശാസ്ത്ര സാ​​ങ്കേതിക മന്ത്രി ജിതേന്ദ്ര സിങ്ങ് പാർലമെന്റിൽ അറിയിച്ചു. ചന്ദ്രയാൻ അയച്ച ശേഷവും അതിനായി ലോഞ്ചിങ് പാഡ് ഉണ്ടാക്കിയവർക്ക് മാസങ്ങളായി ശമ്പളം കിട്ടിയില്ലെന്ന ബി.ബി.സി റിപ്പോർട്ട് രാജ്യത്തിന് നാണക്കേടാണെന്ന് മുസ്‍ലിം ലീഗ് എം.പി പി.വി അബ്ദുൽ വഹാബ് വിമർശിച്ചതിന് മറുപടി നൽകുകയായിരുന്നു ശാസ്ത്ര സാ​​​​ങ്കേതിക മന്ത്രി.

പാർലമെന്റിന്റെ ഇരുസഭകളിലും ‘ചന്ദ്രയാൻ മൂന്നിന്റെ വിജയവും ബഹിരാകാശ മേഖലയിലെ രാജ്യത്തിന്റെ മറ്റു നേട്ടങ്ങളും’ സംബന്ധിച്ച് പ്രത്യേക ചർച്ച നടന്നു. രാജ്യസഭയിൽ ഈ ചർച്ചക്കിടയിലാണ് ചന്ദ്രയാന്‍ മൂന്നിന്‍റെ സ്ലൈഡിംഗ് ഡോറും ഫോള്‍ഡിംഗ് പ്ലാറ്റ്‌ഫോറും നിർമിച്ച ‘ഹെവി എഞ്ചിനീയറിംഗ് കോര്‍പ്പറേഷൻ’ ജീവനക്കാർക്ക് കഴിഞ്ഞ 18 മാസമായി ശമ്പളം കിട്ടിയിട്ടില്ലെന്നും അക്കൂട്ടത്തിലൊരു ടെക്‌നീഷ്യനായ ദീപക് കുമാര്‍ ഉപ്രാരിയ എന്നയാള്‍ ഝാർഖണ്ഡിലെ റാഞ്ചിയിൽ പഴയ നിയമസഭാ മന്ദിരത്തിന് മുന്നില്‍ ഇഡ്‌ഢ‌ലി വിറ്റാണ് ജീവിതം തള്ളിനീക്കുന്നതെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്തത് വഹാബ് പരാമർശിച്ചത്.

വഹാബിന്റെ സംസാരത്തിനിടയിൽ എഴുന്നേറ്റ് ഇടപെട്ട ​കേന്ദ്ര ശാസ്ത്ര സാ​​ങ്കേതിക മന്ത്രി പാതിവെന്ത റിപ്പോർട്ടാണിതെന്ന് കുറ്റപ്പെടുത്തി. അവർ ഇസ്റോ ജീവനക്കാരല്ലെന്നും ഇസ്റോക്ക് വേണ്ട ഉപകരണങ്ങൾ നൽകുന്ന സ്ഥാപനത്തി​ലെ ജീവനക്കാരാണെന്നും മന്ത്രി മറുപടി നൽകി. ആ ഉപകരണങ്ങൾക്ക് പണം നൽകേണ്ട ബാധ്യതയാണ് ഇസ്റോക്ക​ുള്ളതെന്നും അതവർ നൽകിയിട്ടുണ്ടെന്നും സ്ഥാപനം ജീവനക്കാർക്ക് കൊടുക്കാത്തതിന് ഇസ്റോക്ക് ബാധ്യതയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. ബി.ബി.സി വാർത്തയുടെ തലക്കട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണ് എന്ന് കേന്ദ്ര സർക്കാറിന്റെ പ്രസ് ഇന്‍ഫര്‍മേഷ്യന്‍ ബ്യൂറോയുടെ ഫാക്ട് ചെക്ക് വിഭാഗം നേരത്തെ ട്വീറ്റ് ചെയ്തിരുന്നുവെങ്കിലും യാതൊരു തെറ്റിദ്ധരിപ്പിക്കലും നടത്തിയിട്ടില്ല എന്ന വാദവുമായി ബി.സി.സി. പിന്നീട് രംഗത്തെത്തിയിരുന്നു.

പിന്നിലുള്ള കഥ എന്തായാലും രാജ്യത്തിന്റെ പ്രതിഛായയാണ് ഈ ബി.ബി.സി വാർത്തയിലൂടെ തകർന്നതെന്നും അതിനാൽ ഇപ്പോഴെങ്കിലും ഹെവി എഞ്ചിനീയറിംഗ് കോര്‍പ്പറേഷൻ ജീവനക്കാരുടെ ശമ്പളം കൊടുത്തുതീർക്കണമെന്നും വഹാബ് ആവശ്യപ്പെട്ടു.

ഐ.എസ്.ആർ.ഒ ടീമിനെ അഭിനന്ദിക്കുകയാണെന്ന് അബ്ദുൽ വഹാബ് എം.പി പറഞ്ഞു. ഐ.എസ്.ആർ.ഒ ചെയർമാൻ ഇ. സോമനാഥ് പഠിച്ചത് കേരളത്തിലെ ന്യൂനപക്ഷ സ്ഥാപനമായ തങ്ങൾ കുഞ്ഞു മുസ്‍ല്യാർ എഞ്ചിനീയറിങ് കോളജിലാണെന്നും അതിൽ അഭിമാനമുണ്ടെന്നും വഹാബ് പറഞ്ഞു. ചന്ദ്രയാൻ ചെലവ് ചുരുക്കേണ്ടത് ശാസ്ത്രജഞന്മാർക്ക് ശമ്പളം കുറച്ചുകൊണ്ടല്ല. രാജ്യത്ത് കിട്ടുന്നതിന്റെ അഞ്ചിരട്ടിയാണ് വിദേശത്ത് കിട്ടുന്നത്. വിദേശരാജ്യങ്ങളി​ൽ നിന്നുള്ള തന്റെ അനുഭവം പങ്കുവെച്ച ആർ.ജെ.ഡി നേതാവിനെ മന്ത്രി അവഹേളിച്ചത് വഹാബ് ചോദ്യം ചെയ്തു. കഴിവുള്ളവർ വിദേശത്ത് പോകുന്നതിനെ അവഹേളിക്കേണ്ട കാര്യമില്ലെന്ന് വഹാബ് പറഞ്ഞു. നാട്ടിൽ തൊഴിലില്ലാത്തതുകൊണ്ടാണ് ആളുകൾ വിദേശത്ത് പോകുന്നത്. താനും അത് പോലെ ജീവിക്കാനായി വിദേശത്ത് പോയതാണെന്നും വഹാബ് പറഞ്ഞു.

ചന്ദ്രയാന് സ്ലൈഡിങ് ഡോറുണ്ടാക്കിയ എച്ച്. ഇ.സിയിലെ 2400 ജീവനക്കാർക്ക് കഴിഞ്ഞ 18 മാസമായി ശമ്പളം കിട്ടുന്നില്ലെന്ന് സി.പി.എമ്മിലെ ഡോ. എം. ശിവദാസനും ചൂണ്ടിക്കാിട്ടിയിരുന്നു. അഞ്ച് ലോഞ്ചിങ് നടത്തിയതിൽ മൂന്നും പരാജയപ്പെട്ടത് ശാസ്ത്രജ്ഞരുടെ കഴിവ്കേട് കൊണ്ടല്ലെന്നും കേന്ദ്ര സർക്കാർ ഫണ്ട് നൽകാത്തത് കൊണ്ടാണെന്നും ശിവദാസൻ ചൂണ്ടിക്കാട്ടി. ശാസ്ത്രത്തിനും സാ​ങ്കേതിക വിദ്യക്കും ചെലവഴിക്കുന്നതിലേറെ പ്രതിമകൾക്കാണ് ചെലവഴിക്കുന്നത്. ചന്ദ്രയാന് ചെലവിട്ടത് 650 കോടി രൂപയാണെങ്കിൽ പ്രതിമകൾക്കായി ചെലവിട്ടത് 10,000 കോടി രുപയാണെന്നും ശിവദാസൻ കുറ്റപ്പെടുത്തി.

ചന്ദ്രയാൻ-മൂന്നിന്റെ മഹത്തായ വിജയത്തിനായി സ്വപ്നങ്ങളും വിയർപ്പും ത്യജിച്ച ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞരെയും ജീവനക്കാരെയും തൊഴിലാളികളെയും സി.പി.ഐ എം.പി ബിനോയ് വിശ്വം അഭിനന്ദിച്ചു. ഐഎസ്ആർഒയുടെ നേട്ടങ്ങളിൽ നാമെല്ലാവരും അഭിമാനിക്കുമ്പോൾ, സമൂഹത്തിൽ ശാസ്ത്രീയ മനോഭാവവും മൂല്യങ്ങളും പ്രോത്സാഹിപ്പിക്കേണ്ടതുണ്ടെന്ന് നാം മറക്കരുതെന്നും അദ്ദേഹം സഭാഅംഗങ്ങളെ ഓർമിപ്പിച്ചു.

ഉയർന്ന തരത്തിലുള്ള നിക്ഷേപം പ്രതിരോധത്തിലുണ്ടെന്ന് മോദി സർക്കാർ പറയുമ്പോഴും രാജ്യരക്ഷക്കുള്ള ആയുധങ്ങൾ ടെസ്റ്റ് ചെയ്യാൻ രാജ്യത്ത് ഒരു ഗ്രൗണ്ട് പോലുമില്ലെന്നും ഇതിനായി മറ്റു രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരികയാണെന്നും രാഷ്ട്രീയ ജനതാദളിലെ എ.ഡി സിങ്ങ് കു​റ്റപ്പെടുത്തി് അമൃത്കാലിൽ അസത്യം പറഞ്ഞ് സത്യമാക്കരുതെന്നും ദരിദ്രർക്ക് വേണ്ടി അമൃത്കാലത്ത് വല്ലതും ചെയ്യണമെന്നും എ.ഡി സിങ്ങ് ആവശ്യപ്പെട്ടു.

Tags:    
News Summary - Idli was not sold by 'ISRO' employees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.