ഭുവനേശ്വർ: ക്രഷർ യൂണിറ്റ് പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയിൽ നിന്ന് 10 ലക്ഷം കൈക്കൂലി വാങ്ങിയ സബ് കലക്‌ടറെ വിജിലൻസ് അറസ്റ്റുചെയ്‌തു. ഒഡിഷയിലെ കലാഹന്ദി ജില്ലയിലെ ധരംഗഡിലാണ് യുവ ഐ.എ.എസ് ഉദ്യോഗസ്ഥൻ ദിമൻ ചക്‌മ (36) പിടിയിലായത്.
ക്രഷർ യൂണിറ്റ് പൂട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയോട് സബ് കലക്‌ടർ 20 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. വ്യവസായിയിൽ നിന്ന് പരാതി ലഭിച്ചതിന് ശേഷം ഉദ്യോഗസ്ഥനെ കുടുക്കാൻ വിജിലൻസ് സംഘം കെണിയൊരുക്കുകയായിരുന്നു. ഔദ്യോഗിക വസതിയിൽവച്ച് ആദ്യഗഡു സ്വീകരിക്കുമ്പോഴാണ് പിടിയിലായത്. ത്രിപുര സ്വദേശിയായ ചക്മയുടെ ഔദ്യോഗിക വസതിയിലും മറ്റും നടത്തിയ പരിശോധനയിൽ വിജിലൻസ് 47 ലക്ഷം രൂപ കണ്ടെത്തി.
2021 ബാച്ച് ഐ.എ.എസ് ഓഫിസറാണ് ദിമൻ ചക്മ. ത്രിപുര സ്വദേശിയായ ഇദ്ദേഹം ആദ്യം ഐ.എഫ്.എസും പിന്നീട് ഐ.എ.എസും നേടുകയായിരുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മാതൃകയാക്കാവുന്ന വിജയമായി ചക്മയുടെ നേട്ടം ഉയർത്തിക്കാണിക്കപ്പെട്ടിരുന്നു. എന്നാൽ, നാല് വർഷത്തിനകം തന്നെ അഴിമതിക്കേസിൽ പിടിയിലായതോടെ ഇദ്ദേഹത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.