ന്യൂഡൽഹി: സി.ബി.എസ്.ഇ (സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജൂക്കേഷൻ) 12ാം ക്ലാസ് പരീക്ഷയുടെ ഓൺ സ്ക്രീൻ മാർക്കിങ് സംവിധാനവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ മൗനം വെടിഞ്ഞ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഒ.എസ്.എം പൊരുത്തക്കേടുകളുടെയും വിദ്യാർഥികൾ നേരിട്ട അസൗകര്യങ്ങളുടെയും ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും ക്രമക്കേടുകൾ കണ്ടെത്തിയാൽ നടപടിയെടുക്കുമെന്നും ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു.
സ്കാൻ ചെയ്ത ഉത്തരക്കടലാസുകളുടെയും മൂല്യനിർണ്ണയ പ്രക്രിയയുടെയും പേരിൽ പരാതികൾ ഉയരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്കിടയിൽ സമ്മർദ്ദം വർധിപ്പിക്കരുതെന്നും മന്ത്രി അഭ്യർഥിച്ചു. ‘ഞാൻ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. അത് പരിഹരിക്കും. പരിഹാരം കണ്ടെത്തും. നാമെല്ലാവരും ആ ദൗത്യത്തിനായി പ്രവർത്തിക്കുന്നു’ കേന്ദ്രമന്ത്രി പറഞ്ഞു.
മങ്ങിയ സ്കാൻ ചെയ്ത പകർപ്പുകൾ, മൂല്യനിർണയം നടത്താത്ത ഉത്തരങ്ങൾ, പോർട്ടൽ ക്രാഷുകൾ, പേയ്‌മെന്റ് പ്രശ്‌നങ്ങൾ, പുനർമൂല്യനിർണ്ണയ പ്രക്രിയയിലെ ആശയക്കുഴപ്പം എന്നിവയെക്കുറിച്ച് വിദ്യാർഥികൾ ദിവസങ്ങളോളം പരാതിപ്പെട്ടിരുന്നു. ഇതേ തുടർന്ന്, ഡൽഹിയിൽ സി.ബി.എസ്.ഇ ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.
അതേസമയം, ഡിജിറ്റൽ മൂല്യനിർണയ സംവിധാനത്തെ അദ്ദേഹം ന്യായീകരിക്കുകയും ചെയ്തു. ലോകമെമ്പാടും സ്വീകരിച്ചുവരുന്ന സംവിധാനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സംവിധാനം വിദ്യാർഥി കേന്ദ്രീകൃതവും വിദ്യാർഥികൾക്കായി രൂപകൽപ്പന ചെയ്തതുമാണെന്നും അതിനാൽ അവരുടെ മാർക്കുകളെക്കുറിച്ചുള്ള സുതാര്യമായ വിവരങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സി.ബി.എസ്.ഇ ഇതിനകം തന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും സർക്കാർ നിയമങ്ങൾ പാലിച്ചാണ് പ്രക്രിയ നടത്തിയതെന്നും ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയായി ധർമേന്ദ്ര പ്രധാൻ പറഞ്ഞു. ഡിജിറ്റൽ ഇന്ത്യയുമായും ശാസ്ത്ര പുരോഗതിയുമായും ബന്ധപ്പെട്ട സംവിധാനങ്ങളെ രാഹുൽ ഗാന്ധി ആവർത്തിച്ച് എതിർക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.