ബറേലി (യു.പി): ‘ഐ ലവ് മുഹമ്മദ്’ പ്രചാരണത്തെ പിന്തുണച്ച് ബറേലിയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട് ഇത്തിഹാദെ മില്ലത്ത് കൗൺസിൽ മേധാവി തൗഖീർ റാസ ഖാന്റെ അടുത്ത അനുയായി നദീമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവങ്ങൾ മുൻകൂട്ടി തയാറാക്കിയതാണെന്ന് സീനിയർ പൊലീസ് സൂപ്രണ്ട് അനുരാഗ് ആര്യ പറഞ്ഞു. നദീം പ്രതിഷേധം ആസൂത്രണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയതായി മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.
വാട്സ്ആപ് വഴി 55 പേരെ വിളിച്ചുവരുത്തിയെന്നും തുടർന്ന് 1,600 പേരെ അണിനിരത്തി പ്രകടനം നടത്തിയെന്നും പൊലീസ് ആരോപിച്ചു. സി.എ.എ, എൻ.ആർ.സി വിരുദ്ധ പ്രതിഷേധങ്ങളുടെ മാതൃകയിൽ പ്രക്ഷോഭം ആരംഭിക്കാൻ ഗൂഢാലോചന നടത്തിയതായും പ്രായപൂർത്തിയാകാത്തവരെ പ്രകടനത്തിന്റെ മുൻനിരയിൽ വിന്യസിച്ചതായും പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച പ്രകടനം നടത്തില്ലെന്നും ഇത്തിഹാദെ മില്ലത്ത് കൗൺസിൽ അനുയായികളോട് രാവിലെ അഞ്ചിന് പള്ളികളിൽ പ്രാർഥിക്കാനാണ് നിർദേശിക്കുകയെന്നുമുള്ള ഉറപ്പ് നദീം ലംഘിച്ചെന്നും പൊലീസ് ആരോപിച്ചു.
സെപ്റ്റംബർ നാലിന് നബിദിനാഘോഷത്തിന് കാൺപൂരിൽ ‘ഐ ലവ് മുഹമ്മദ്’ പോസ്റ്ററുകൾ പതിച്ചിരുന്നു. എന്നാൽ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ ഈ ബാനറുകൾ കീറിക്കളഞ്ഞു. ഇതോടെയാണ് പ്രതിഷേധങ്ങൾ ഉടലെടുത്തത്. ‘ഐ ലവ് മുഹമ്മദ്’ ഹാഷ്ടാഗായി സമൂഹമാധ്യമങ്ങളിലും പ്രതിഷേധം പടർന്നു. പ്രതിഷേധിച്ചവരെ പൊലീസ് അടിച്ചൊതുക്കുകയും കൂട്ടത്തോടെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. പൊലീസ് നടപടികളെ പിന്തുണച്ച് ഹിന്ദുത്വ സംഘടനകൾ ‘ഐ ലവ് മഹാദേവ്’ പ്ലക്കാർഡുകളുമായി രംഗത്തെത്തി. ‘ഐ ലവ് ബുൾഡോസർ’, ‘ഐ ലവ് യോഗിജി’ തുടങ്ങിയ പ്ലക്കാർഡുകളുമായും യു.പിയിൽ ബി.ജെ.പി പ്രവർത്തകർ രംഗത്തുവന്നു.
വെള്ളിയാഴ്ച പ്രാർഥനക്കുശേഷം യോഗി സർക്കാറിന്റെ നടപടിക്കെതിരെ വിശ്വാസികൾ പ്രതിഷേധവുമായി ഇറങ്ങിപ്പോൾ പൊലീസിന്റെ ലാത്തിച്ചാർജും തിരിച്ച് പ്രതിഷേധക്കാരുടെ കല്ലേറുമുണ്ടായി. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ഇത്തിഹാദെ മില്ലത്ത് കൗൺസിൽ നേതാവ് മൗലാന തൗഖീർ റാസയെ അറസ്റ്റ് ചെയ്തത്. ‘ഐ ലവ് മുഹമ്മദ്’ കാമ്പയിനെ പിന്തുണച്ച് ബറേലിയിൽ പൊതുപരിപാടി നടത്താൻ തീരുമാനിച്ചതിനായിരുന്നു അറസ്റ്റ്. റാസയെ കൂടാതെ ഏഴ് പേരെക്കൂടി അറസ്റ്റ് ചെയ്ത യു.പി പൊലീസ് 40ലേറെ പേരെ കസ്റ്റഡിയിലെടുക്കുകയും 1700 പേർക്കെതിരെ കേസെടുക്കുകയും ചെയ്തിട്ടുണ്ട്. ബറേലി കോളജ് ഗ്രൗണ്ടിലേക്ക് ‘ഐ ലവ് മുഹമ്മദ്’ സംഗമത്തിന് വന്ന ആയിരക്കണക്കിനാളുകളെ തടയാൻ പൊലീസ് ബാരിക്കേഡുകൾ കെട്ടിയതോടെ തൗഖീ റാസയുടെ അനുയായികൾ അദ്ദേഹത്തിന്റെ വീടിന്റെ മുന്നിലേക്ക് നീങ്ങി. ഇവരെ ലാത്തിച്ചാർജ് ചെയ്താണ് പൊലീസ് പിരിച്ചുവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.