‘കൈയാമം വെച്ച് സൈനിക വിമാനത്തിൽ കൊണ്ടുവരുന്നതിന് പകരം മാന്യമായി നാടുകടത്താമായിരുന്നു’ -കുടിയിറക്കപ്പെട്ട യുവാവ്

ഹരിയാന: അമേരിക്കയിൽ പോയി നല്ല നിലയിൽ ജീവിക്കുകയെന്ന കുരുക്ഷേത്ര സ്വദേശി റോബിൻ ഹന്നയുടെ (26) സ്വപ്നങ്ങളാണ് ബുധനാഴ്ച നാടുകടത്തപ്പെട്ടതോടെ ഇല്ലാതായത്. കമ്പ്യൂട്ടർ എഞ്ചിനീയറായ റോബിൻ ഇന്ത്യയിൽ മികച്ച തൊഴിലവസരങ്ങൾ ലഭിക്കാത്തതുകൊണ്ടാണ് രാജ്യം വിടാൻ തീരുമാനിച്ചത്. ആദ്യം കുറച്ച് കഷ്ടപ്പെട്ടാലും ജീവിതം പിന്നീട് സുഗമമാവുമെന്ന് റോബിൻ പ്രതീക്ഷിച്ചു. ഒരിക്കലും നാടുകടത്തപ്പെടുമെന്ന് കുരുക്ഷേത്രയിലെ ഇസ്മായിലാബാദുകാരനായ ആ യുവാവ് പ്രതീക്ഷിച്ചിരുന്നില്ല. 43 ലക്ഷം രൂപ നാട്ടിലെ ഏജന്‍റിനു കൊടുത്താണ് യു.എസിലേക്ക് ചേക്കേറാൻ വഴിയൊരുക്കിയത്.

‘ഞങ്ങളെ അവർ കുറ്റവാളികളെപ്പോലെയാണ് കണ്ടത്. കൈവിലങ്ങുവച്ച് സൈനിക വിമാനത്തിൽ അയക്കുന്നതിനുപകരം മാന്യമായി നാടുകടത്തണമായിരുന്നു. അമേരിക്കയിൽ ജീവിതം കെട്ടിപ്പടുക്കാമെന്ന സ്വപ്നങ്ങൾ നേടാൻ ആരും ‘കുറുക്കുവഴി’ പിന്തുടരരുതെന്നും റോബിൻ അഭ്യർഥിക്കുന്നു.

ഒരുമാസത്തിനുള്ളിൽ അമേരിക്കയിലെത്തുമെന്നായിരുന്നു ഏജന്‍റിന്‍റെ ഉറപ്പ്. എന്നാൽ, ജൂലൈ 24ന് ആരംഭിച്ച യാത്ര ഒടുവിൽ അമേരിക്കയിലെത്താൻ കാടുകളും ബോട്ടിലൂടെയും സഞ്ചരിച്ച് ഏഴ് മാസങ്ങളെടുത്തു. ഞങ്ങളുടെ ഫോൺ, പണം, വസ്ത്രം എല്ലാം കൊള്ളക്കാരും പോലീസുകാരും പിടിച്ചെടുത്തു. പീഡനങ്ങൾക്കിരയായി. ജനുവരി 22നു അമേരിക്കയിലെത്തി പൊലീസിനു കീഴടങ്ങി. അവർ ഞങ്ങളുടെ ഒരു മൊഴിയും രേഖപ്പെടുത്താതെ ക്യാമ്പിലേക്ക് മാറ്റുകയായിരുന്നു. നാടുകടത്തുകയാണെന്ന് പറഞ്ഞിരുന്നില്ല. കൈവിലങ്ങുകളും ചങ്ങലകളും ധരിപ്പിച്ച് ഞങ്ങളെ ക്യാമ്പിലേക്ക് മാറ്റുകയാണെന്നാണ് പറഞ്ഞത്.

നാട്ടിൽ ഇലക്ട്രിക് ഷോപ്പ് നടത്തുന്ന റോബിന്‍റെ പിതാവ് മൻജിത് സിങ് ഒരേക്കർ നിലം വിറ്റും ബന്ധുക്കളോട് പണം കടം വാങ്ങിയും അഞ്ച് ലക്ഷത്തോളം രൂപ ബാങ്ക് വായ്പയെടുത്തുമാണ് മകനെ വിദേശത്തേക്കയച്ചത്. ഒരുമാസത്തിനകം അമേരിക്കയിലെത്തുമെന്നായിരുന്നു ഏജന്‍റ് പറഞ്ഞിരുന്നത്. ഏഴുമാസം എടുത്തുവെന്ന് മാത്രമല്ല, മകൻ ഒരുപാട് ക്രൂരതകൾ അനുഭവിക്കുകയും ചെയ്തതായി റോബിന്‍റെ പിതാവ് പറയുന്നു. പണം നൽകിയില്ലെങ്കിൽ റോബിനെ കൊന്നുകളയുമെന്ന് ഏജന്‍റ് ഭീഷണിപ്പെടുത്തിയിരുന്നു.

തിരിച്ചുവന്നതിനു ശേഷം റോബിൻ വളരെ ദുഖിതനാണ്. വീണ്ടും അവനെ വിദേശത്തേക്കയക്കാൻ എന്‍റെ കൈയിൽ പണമില്ല. മുമ്പെടുത്ത കടം തന്നെ അടച്ചു തീർക്കേണ്ടിയിരിക്കുന്നു. ഏജന്‍റിനെ സമീപിച്ചപ്പോൾ തന്‍റെ ജോലി താൻ ചെയ്തുകഴിഞ്ഞുവെന്നാണ് അയാൾ പറയുന്നത്. ഞങ്ങൾക്കെല്ലാം നഷ്ടപ്പെട്ടുകഴിഞ്ഞു. ഏജന്‍റിന്‍റെ കൈയിൽ നിന്നും ഞങ്ങളുടെ പണം തിരികെ ലഭിക്കാൻ സർക്കാർ സഹായിക്കണം. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടികളെടുക്കണമെന്നും മൻജിത് സിങ് പറഞ്ഞു.

Tags:    
News Summary - 'I could have been decently deported instead of being handcuffed in a military plane' - Displaced youth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.