ഉമർ ഖാലിദിനെ ഇനിയുമെത്ര കാലം അഴികൾക്കുള്ളിൽ നിർത്തണമെന്ന് സുപ്രീംകോടതിയോട് കപിൽ സിബൽ

ന്യൂഡൽഹി: ചെറുപ്പക്കാരനായ ഒരു വിദ്യാർഥിയും പി.എച്ച്.ഡിക്കാരനുമായ ഉമർ ഖാലിദിനെ ഇനിയുമെത്ര കാലം അഴികൾക്കുള്ളിൽ നിർത്തണമെന്ന് മുതിർന്ന അഭിഭാഷകനായ കപിൽ സിബൽ സുപ്രീംകോടതിയോട് ചോദിച്ചു. കേന്ദ്ര സർക്കാറിന്റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രക്ഷോഭം നയിച്ചതിന് ഡൽഹി കലാപ ഗൂഢാ​ലോചന കേസിൽ പ്രതിയാക്കി യു.എ.പി.എ ചുമത്തിയത് മൂലം മൂന്ന് വർഷമായി ജയിലിൽ കഴിയുന്ന ഉമറിന്റെ ജാമ്യാപേക്ഷ വ്യഴാഴ്ചയും കേൾക്കാൻ തയാറാകാതിരുന്നപ്പോഴാണ് സിബൽ ഈ ചോദ്യമുന്നയിച്ചത്.

20 മിനിറ്റ് സമയം മതി ഈ കേസ് നിലനിൽക്കില്ലെന്ന് ബോധ്യപ്പെടുത്താൻ എന്ന് സിബൽ പറഞ്ഞിട്ടും സമയ ദൗർലഭ്യം ചുണ്ടിക്കാട്ടി ജസ്റ്റിസുമാരായ ബേല എം. ത്രിവേദി, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നവമ്പർ ഒന്നിലേക്ക് മാറ്റി. ​നോട്ടീസ് അയച്ച ശേഷം ഇത് ആറാം തവണയാണ് ഉമറിന്റെ ജാമ്യാപേക്ഷ സുപ്രീംകോടതി മാറ്റിവെക്കുന്നത്.

മൂന്ന് വർഷമായിട്ടും ഉമർ ഖാലിദിനെതിരെ കുറ്റം പോലും ചുമത്താതെ ജയിലിൽ വെച്ചിരിക്കുകയാണെന്ന് കപിൽസിബൽ കുറ്റപ്പെടുത്തി. ഉമർഖാലിദിനൊപ്പം കേസിൽ പ്രതിയാക്കിയ പിഞ്ച്റ തോഡ് നേതാക്കളായ നടാഷ നർവൽ, ദേവംഗന കലിത, എസ്.ഐ.ഒ നേതാവ് ആസിഫ് ഇഖ്ബാൽ എന്നിവർക്ക് ഡൽഹി കോടതി ജാമ്യം അനുവദിച്ചതും സുപ്രീംകോടതി അത് ശരിവെച്ചതും സിബൽ ഓർമിപ്പിച്ചു.

എന്നാൽ കുറ്റം ചുമത്താൻ ഉമർഖാലിദ് അനുവദിക്കാത്തതാണെന്നും ഇടക്കാല അപേക്ഷകൾ നൽകി തടസപ്പെടുത്തുന്നത് കൊണ്ടാണ് വിചാരണ വൈകുന്നതെന്നും ഡൽഹി പൊലീസിന് വേണ്ടി ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ എസ്.വി രാജു ആരോപിച്ചു. ഹരജി വ്യാഴാഴ്ച കേൾക്കാൻ സമയമില്ലെന്ന നിലപാട് എടുത്ത സുപ്രീംകോടതി ആദ്യത്തെ അഞ്ച് കേസുകളിലൊന്നായി പട്ടികയിൽപ്പെടുത്താമെന്ന് നവമ്പർ ഒന്നിലേക്ക് കേസ് മാറ്റി.

ഭീകരക്കുറ്റം ചുമത്തപ്പെട്ട പ്രതിക്കെതിരായ കേസ് നിലനിൽക്കുമോ എന്നറിയാൻ എല്ലാ രേഖകളും തങ്ങൾക്ക് പരിശോധിക്കേണ്ടതുണ്ടെന്ന് സുപ്രീംകോടതി കഴിഞ്ഞ തവണ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - “I can demonstrate in 20 minutes that there is no case at all”: Kapil Sibal to Supreme Court representing Umar Khalid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.