ഹൈഡ്രജൻ എൻജിൻ ട്രെയിൻ: ടെൻഡർ വിളിക്കാനൊരുങ്ങി റെയിൽവേ

ന്യൂഡൽഹി: ബജറ്റിൽ പ്രഖ്യാപിച്ച, രാജ്യത്ത് പുതുതായി അവതരിപ്പിക്കുന്ന ഹൈഡ്രജൻ എൻജിൻ ട്രെയിനുകൾക്ക് ടെൻഡർ വിളിക്കാൻ റെയിൽവേ തീരുമാനിച്ചു.35 ഹൈഡ്രജൻ ട്രെയിനുകൾക്കുള്ള കരാറാണ് നൽകുക. ഏകദേശം 2,800 കോടി രൂപ ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റെയിൽവേ വൃത്തങ്ങൾ പറഞ്ഞു.

ഹിറ്റാച്ചി, ഭെൽ, മേധ സെർവോ അടക്കം ആറ് കമ്പനികളുമായി ഉന്നത സംഘം ചർച്ച നടത്തിയെന്നും ഹൈഡ്രജൻ ട്രെയിൻ നിർമിക്കുന്നതിന് അവർ താൽപര്യം കാണിച്ചതായും റെയിൽവേ അധികൃതർ വ്യക്തമാക്കി. ഡാർജിലിങ്, നീലഗിരി, കൽക്ക-ഷിംല, കാൻഗ്ര വാലി തുടങ്ങിയ എട്ട് പൈതൃക പാതകളിൽ ഹൈഡ്രജൻ ഇന്ധനം ഉയോഗിച്ച് ഓടിക്കാവുന്ന എൻജിൻ ഘടിപ്പിച്ച ട്രെയിനുകൾ ആരംഭിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അടുത്തിടെ പറഞ്ഞിരുന്നു.

ഡീസൽ എൻജിൻ ട്രെയിനിനെ അപേക്ഷിച്ച് ഹൈഡ്രജൻ എൻജിൻ ട്രെയിനുകൾ ഓടിക്കുന്നതിന് നിലവിലെ ചെലവ് പ്രകാരം 27 ശതമാനത്തോളം അധികം വരുമെങ്കിലും മലയോര പാതകളിൽ മികച്ച പ്രവർത്തനം നടത്താൻ സാധിക്കുമെന്നാണ് റെയിൽവേ വിലയിരുത്തൽ. കൂടാതെ, ഡീസൽ എൻജിൻ കാർബൺ ഡൈ ഓക്സൈഡ് പുറള്ളുന്നതുമൂലം ഉണ്ടാകുന്ന അന്തരീക്ഷ മലിനീകരണം ഇല്ലാതാക്കാനാകും.

ഹൈഡ്രജൻ എൻജിനുകൾ പ്രവർത്തിക്കുന്നത് ഫ്യൂവൽ സെല്ലുകളിലാണ്. ഇതിനുള്ളിൽ ഹൈഡ്രജനും ഓക്സിജനും രാസസംയോജനം നടത്തി വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് ചെയ്യുന്നത്.ഇങ്ങനെയുണ്ടാകുന്ന വൈദ്യുതിയിലാണ് എൻജിൻ പ്രവർത്തിക്കുക. രാസപ്രവർത്തനത്തിന്‍റെ അവശിഷ്ടമായ വെള്ളം നീരാവി രൂപത്തിലായിരിക്കും അന്തരീക്ഷത്തിലേക്ക് പുറത്തുവിടുക.

Tags:    
News Summary - Hydrogen engine train: Railways ready to call for tenders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-06-02 01:42 GMT