ന്യൂഡൽഹി: ‘ഈ ഉത്തരവിലൂടെ ഭൂതകാല മുറിവുകൾ തുറക്കുകയാണ് നിങ്ങൾ ചെയ്യുന്നത്’. ഏതെങ്കിലും മതവിഭാഗത്തിന്റെ ആരാധനാലയത്തിന് മേൽ മറുവിഭാഗം അവകാശവാദം ഉന്നയിച്ചാൽ 1947 ആഗസ്റ്റ് 15ലെ തൽസ്ഥിതി നിലനിർത്തണമെന്ന 1991ലെ ആരാധനാലയ നിയമത്തിന് വിരുദ്ധമായി ഗ്യാൻവാപി സർവേ നടത്തുമെന്ന നിലപാടുമായി മുന്നോട്ടുപോയ ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുന്നിൽ മുതിർന്ന അഭിഭാഷകൻ ഹുസൈഫ അഹ്മദി വികാരനിർഭരമായി പറഞ്ഞ വാക്കുകളാണിത്.
ഗ്യാൻവാപിയിലെ കോടതി നടപടിക്രമങ്ങളിലൂടെ മുസ്ലിം പക്ഷത്ത് വിശ്വാസക്കുറവുണ്ടായിരിക്കുന്നുവെന്ന് ഹുസൈഫ അഹ്മദി ബെഞ്ചിനെ ഓർമിപ്പിച്ചു. ആരാധനാലയങ്ങളുടെ സ്വഭാവം മാറ്റം അനുവദനീയമല്ല എന്ന് അയോധ്യ കേസിൽ സുപ്രീംകോടതിതന്നെ വ്യക്തമാക്കിയിട്ടും ഈ തരത്തിൽ പള്ളികൾക്കെതിരെ ഹരജികൾ നൽകുന്ന സാഹചര്യം രാജ്യമൊട്ടാകെ സംജാതമായിരിക്കുന്നു. താഴെ എന്തെങ്കിലും ഉണ്ടെന്ന് പറഞ്ഞ് നാളെ മറ്റ് എവിടെയെങ്കിലും സർവേ നടത്തണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും വന്നാൽ പുരാവസ്തു വകുപ്പിന്റെ സർവേ നടത്താൻ നിങ്ങൾ ഉത്തരവിടുമോ ഹുസൈഫ അഹ്മദി ചോദിച്ചപ്പോൾ നിങ്ങൾക്ക് ബാലിശമായി തോന്നുന്നത് മറുഭാഗത്തിന്റെ വിശ്വാസമായിരിക്കാമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് മറുപടി നൽകി.
രണ്ട് കോടതി ഉത്തരവുകളും നിങ്ങൾക്കെതിരാണ്. സുപ്രീംകോടതിയുടെ പക്കൽ വിചാരണ കോടതി ഉത്തരവ് മാത്രമല്ല, ഹൈകോടതിയുടെ യുക്തിസഹമായ വിധിയുമുണ്ട്. നിങ്ങളുടെ താൽപര്യം സംരക്ഷിക്കാനായി പരിസരത്ത് നാശമുണ്ടാക്കരുതെന്ന് ഞങ്ങൾ പറയാം -ചീഫ് ജസ്റ്റിസ് തുടർന്നു. എന്നാൽ, ഗ്യാൻവാപി പള്ളിക്ക് മേൽ ഹിന്ദുത്വവാദികൾ ഉന്നയിച്ച അവകാശത്തർക്കത്തിനെതിരെ പള്ളി കമ്മിറ്റി സമർപ്പിച്ച ഹരജി തീർപ്പാക്കാതെ അതിനിടയിൽ മറുപക്ഷത്തിനായി പുരാവസ്തു വകുപ്പ് സർവേ നടത്തിക്കൊടുക്കുമെന്ന നിലപാടിൽ ബെഞ്ച് ഉറച്ചുനിന്നു. 1947ന് മുമ്പും പിമ്പും ആരാധന നിർവഹിക്കുന്നുണ്ടെന്ന ഹിന്ദുപക്ഷത്തിന്റെ അഭിഭാഷക മാധവി ദിവാൻ വാദിച്ചതും പര്യവേക്ഷണം നടത്താതെയും പള്ളിക്ക് കേടുപാടുകളുണ്ടാകാതെയും സർവേ നടത്താമെന്ന് എ.എസ്.ഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ബോധിപ്പിച്ചതും സുപ്രീംകോടതി മുഖവിലക്കെടുത്തു. കോടതിയുടെ പരിഗണനയിലിരിക്കുന്ന വൈകാരിക വിഷയത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രസ്താവന ഹുസൈഫ അഹ്മദി ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.