യു.പിയിലെയും ഡൽഹിയിലെയും 87ൽ എത്ര സീറ്റ് ഇൻഡ്യക്ക്? ബി.ജെ.പിക്ക് തടയിടാനാവുമോ?
ന്യൂഡൽഹി: കഴിഞ്ഞ രണ്ടു ലോക്സഭ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പി മൃഗീയ ഭൂരിപക്ഷം നേടിയ ഉത്തർപ്രദേശ്, ഡൽഹി എന്നിവിടങ്ങളിൽ സഖ്യം രൂപപ്പെടുത്തുന്നതിൽ ഇൻഡ്യ കക്ഷികൾ ഉണ്ടാക്കിയ മുന്നേറ്റം 2024ൽ എത്രത്തോളം പ്രതിഫലിക്കും?
സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്. മെച്ചപ്പെട്ട സ്ഥാനാർഥികളും യോജിച്ച പ്രചാരണവും ഉണ്ടായാൽ ബി.ജെ.പിയുടെ മുന്നേറ്റം തടഞ്ഞുനിർത്താൻ കഴിയുമെന്നു കാണുന്നവർ ഒരു വശത്ത്. വൈകിയുണ്ടാക്കിയ സഖ്യം വേണ്ടത്ര ഫലംചെയ്യില്ലെന്ന് കാണുന്നവർ മറുവശത്ത്. രണ്ടിനുമിടയിൽ, ബി.ജെ.പിയുടെ മേധാവിത്വം അട്ടിമറിക്കാൻ ഇൻഡ്യ സഖ്യത്തിന് കഴിയുമെന്ന് ആരും കരുതുന്നില്ല. ബി.ജെ.പിയുടെ സീറ്റെണ്ണം കുറച്ചാൽ ഇൻഡ്യ ജയിച്ചു.
അത്രമേൽ വ്യക്തമായ സ്വാധീനമാണ് യു.പിയിലെ 80 സീറ്റിലും ഡൽഹിയിലെ ഏഴിടത്തും ബി.ജെ.പി കാഴ്ചവെച്ചത്. യു.പിയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കും സഖ്യകക്ഷിയായ അപ്നദൾ-സൊനേലാൽ വിഭാഗത്തിനുമായി 64 സീറ്റ് കിട്ടി. ഡൽഹിയിലെ ഏഴു സീറ്റും ബി.ജെ.പി കൈയടക്കി. സമാജ്വാദി പാർട്ടിയും ബി.എസ്.പിയും രാഷ്ട്രീയ ലോക്ദളും ഒന്നിച്ചുനിന്നാണ് യു.പിയിൽ മത്സരിച്ചത്. ബി.എസ്.പിക്ക് 10, സമാജ്വാദി പാർട്ടിക്ക് അഞ്ച് എന്നിങ്ങനെ സീറ്റു കിട്ടി. ഒറ്റക്കു മത്സരിച്ച കോൺഗ്രസ് ഒറ്റ സീറ്റിലേക്ക് ഒതുങ്ങി.
യു.പിയിൽ പോൾ ചെയ്ത വോട്ടിന്റെ നേർപകുതിയും (49.98 ശതമാനം) കൈയടക്കിയത് ബി.ജെ.പിയാണ്. ബി.എസ്.പിക്ക് 19.43ഉം സമാജ്വാദി പാർട്ടിക്ക് 18.11ഉം ആർ.എൽ.ഡിക്ക് 1.69ഉം ശതമാനം വോട്ടാണ് കിട്ടിയത്. നിയമസഭ തെരഞ്ഞെടുപ്പിൽ ആപ് ആധിപത്യമാണെങ്കിലും ഡൽഹിയിൽ മോദിപ്രഭാവമാണ് കഴിഞ്ഞ രണ്ടു ലോക്സഭ തെരഞ്ഞെടുപ്പുകളിലും കണ്ടത്. 56.9 ശതമാനം വോട്ടു നേടി ആകെയുള്ള ഏഴു സീറ്റും ബി.ജെ.പി സ്വന്തമാക്കിയപ്പോൾ ആപ്പിന് കിട്ടിയത് 18.2 ശതമാനം വോട്ടാണ്. കോൺഗ്രസിന് അതിനേക്കാൾ മെച്ചപ്പെട്ട നിലയായിരുന്നു -22.6 ശതമാനം വോട്ട്.
ഈ സാഹചര്യത്തെയാണ് ഇൻഡ്യ സഖ്യത്തിന് മറികടക്കേണ്ടത്. ഡൽഹിയിൽ ബദ്ധവൈരികളായി നിന്ന കോൺഗ്രസിനും ആപ്പിനും ഒന്നിക്കാൻ സാധിച്ചെങ്കിലും, താഴെത്തട്ടിലേക്ക് ഈ കൂട്ടായ്മയുടെ ആവേശം എത്ര കണ്ട് പടരുമെന്ന് കണ്ടറിയണം. ആപ്-കോൺഗ്രസ് ഡൽഹിയിൽ ഒന്നിച്ചും പഞ്ചാബിൽ വെവ്വേറെയും നീങ്ങുന്ന ഈ കൂട്ടുകെട്ടിനെ അവസരവാദ സഖ്യമായി ബി.ജെ.പി ചിത്രീകരിക്കുകയും ചെയ്യുന്നു. ഡൽഹിയിലെ മധ്യവർഗ വോട്ടർമാർക്കിടയിൽ മോദി ചെലുത്തുന്ന സ്വാധീനത്തിനൊപ്പം, ഡൽഹി വംശീയാതിക്രമത്തെ തുടർന്ന് ചില മേഖലകളിൽ ഇന്നും നിലനിൽക്കുന്ന ചേരിതിരിവ്, പ്രാണപ്രതിഷ്ഠ ഇഫക്ട് തുടങ്ങിയവ ബി.ജെ.പി പ്രയോജനപ്പെടുത്തും. ഉദ്യോഗസ്ഥ വിഭാഗത്തിന് ശക്തമായ സ്വാധീനമുള്ള ഇടമാണ് ഡൽഹി. അവർ മോദിസർക്കാറിൽ അതൃപ്തരാണെന്ന മറുവശവുമുണ്ട്.
മദ്യനയവുമായി ബന്ധപ്പെട്ട അഴിമതിക്കേസ്, ഉപമുഖ്യമന്ത്രി അടക്കം മുതിർന്ന നേതാക്കൾ ജയിലിൽ കഴിയുന്ന സാഹചര്യം എന്നിവ അഴിമതിവിരുദ്ധ പാർട്ടിയായി ഉദയംചെയ്ത ആപ്പിനുമേൽ നിഴൽ വീഴ്ത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ വിവാദ ബംഗ്ലാവ് നവീകരണവും പ്രതിച്ഛായ മോശമാക്കി. ഡൽഹിയിലെ സഖ്യത്തിൽ അജയ് മാക്കൻ അടക്കം പല നേതാക്കൾക്കും യോജിപ്പില്ല. ഇത് കൂട്ടായ പ്രവർത്തനത്തിന് തടസ്സമാകും.
അയോധ്യ അടക്കമുള്ള വിഷയങ്ങളിൽ തുറന്നെതിർക്കാൻ കഴിയാതെ ഹിന്ദുത്വ അജണ്ടകളിൽ ബി.ജെ.പിക്കു പിന്നാലെ വെച്ചുപിടിക്കുന്ന ആപ്, കോൺഗ്രസ് ശൈലി വോട്ടർമാരെ സ്വാധീനിക്കുന്ന മറ്റൊരു വിഷയമാണ്. ഹിന്ദുത്വ ചിന്താഗതിയാൽ സ്വാധീനിക്കപ്പെട്ട വോട്ടർമാർ മറ്റുള്ളവരെ മാറ്റിനിർത്തി ബി.ജെ.പിയോട് കൂടുതൽ മമത കാണിക്കുമെന്ന പ്രശ്നം യു.പിയിലും ഡൽഹിയിലും ഒരുപോലെ ഇൻഡ്യ കക്ഷികൾ അഭിമുഖീകരിക്കേണ്ടിവരും.
യാദവ-മുസ്ലിം വിഭാഗങ്ങൾ ഇൻഡ്യ സഖ്യത്തോട് കൂടുതൽ ചേർന്നുനിൽക്കും. ഒറ്റക്കു മത്സരിക്കുന്ന മായാവതിയുടെ ബി.എസ്.പിയുമായി ജാട്ടവ വിഭാഗങ്ങൾക്ക് പ്രത്യേക മമതയുണ്ട്. അതേസമയം പിന്നാക്ക, ദലിത്, ന്യൂനപക്ഷ ഐക്യം സാധിച്ചെടുക്കാൻ ഇൻഡ്യ മുന്നണിക്ക് എത്രകണ്ട് സാധിക്കുമെന്ന ചോദ്യം ബാക്കി. 2017ൽ കോൺഗ്രസും സമാജ്വാദി പാർട്ടിയും ആർ.എൽ.ഡിയും യോജിച്ചാണ് നിയമസഭ തെരഞ്ഞെടുപ്പിനെ നേരിട്ടത്. ജയിച്ചത് ബി.ജെ.പി. മായാവതിയുടെ പരമ്പരാഗത പിന്തുണക്കാരെയും സ്വാധീനിക്കാൻ ബി.ജെ.പിക്ക് സാധിക്കുന്നതാണ് കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ കണ്ടത്. ഇന്ന് ആർ.എൽ.ഡിയും ബി.ജെ.പിക്കൊപ്പമാണ്.2017ന്റെ തനിയാവർത്തനമാണ് യു.പിയിലെ ഇൻഡ്യ സഖ്യം.
അധികാരത്തിലെത്തിയാൽ ‘അഗ്നിപഥ്’ നിർത്തും;പഴയ രീതി തുടരും - കോൺഗ്രസ്
ന്യൂഡൽഹി: അധികാരത്തിലെത്തിയാൽ ‘അഗ്നിപഥ്’ സൈനിക നിയമനരീതി നിർത്തലാക്കുമെന്നും പഴയ രീതി പുനഃസ്ഥാപിക്കുമെന്നും കോൺഗ്രസ്. യുവജനങ്ങളോട് കടുത്ത അനീതിയാണ് കേന്ദ്ര സർക്കാർ കാണിച്ചതെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ രാഷ്ട്രപതി ദ്രൗപദി മുർമുവിന് അയച്ച കത്തിൽ കുറ്റപ്പെടുത്തി.
2022ൽ അഗ്നിപഥ് ആരംഭിച്ചതോടെ പഴയരീതിയിൽ നിയമനത്തിന് നടപടി പൂർത്തിയാക്കിയ രണ്ടുലക്ഷത്തോളം യുവജനങ്ങൾക്ക് നിയമന ഉത്തരവ് നൽകിയിട്ടില്ല. ഇവരുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ഇവർക്ക് നിയമനം നൽകണം. അഗ്നിപഥ് പദ്ധതിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങളുണ്ട്. പദ്ധതി സൈന്യത്തെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതവും ആശ്ചര്യപ്പെടുത്തുന്നതുമായിരുന്നുവെന്ന് മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെ എഴുതിയിട്ടുണ്ടെന്നും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി. ഒരേ ജോലിചെയ്യുന്ന ജവാന്മാർക്കിടയിൽ വിവേചനം ഉണ്ടാക്കുന്നതാണ് പദ്ധതി. നാലുവർഷ സേവനത്തിനുശേഷം അഗ്നിവീരർ വീണ്ടും തൊഴിൽ വിപണിയിലേക്ക് തള്ളപ്പെടും. ഇത് സാമൂഹിക സ്ഥിരതയെ ബാധിക്കുമെന്നും ഖാർഗെ പറഞ്ഞു.
മായാവതിയെ കൈവിട്ട് എം.പിമാർ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഒറ്റക്ക് ശക്തിപരീക്ഷണം നടത്താൻ തീരുമാനിച്ച മായാവതി നയിക്കുന്ന ബി.എസ്.പി തെരഞ്ഞെടുപ്പ് അടുക്കുന്തോറും അഗ്നിപരീക്ഷണത്തിലേക്ക്. സമാജ്വാദി പാർട്ടിക്കൊപ്പം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിട്ട ബി.എസ്.പിയുടെ 10 എം.പിമാരിൽ പലരും തെരഞ്ഞെടുപ്പു ഘട്ടത്തിൽ മായാവതിയെ കൈവിട്ടു. റിതേഷ് പാണ്ഡെ കഴിഞ്ഞ ദിവസം ബി.ജെ.പിയിൽ ചേർന്നത് ഒടുവിലത്തെ ഉദാഹരണം. ഗാസിപ്പൂർ എം.പി അഫ്സൽ അൻസാരി സമാജ്വാദി പാർട്ടിയിൽ ചേർന്ന് തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി.
തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയെ പിന്തുണച്ച് ലോക്സഭയിൽ നിലപാട് സ്വീകരിച്ചതിനു പിന്നാലെ സസ്പെൻഡ് ചെയ്യപ്പെട്ട അംറോഹ എം.പി ഡാനിഷ് അലി കോൺഗ്രസിനൊപ്പമാണ്. അദ്ദേഹവും ജോൻപൂർ എം.പി ശ്യാംസിങ് യാദവും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായയാത്രയിൽ അണിചേർന്നു. സംഗീത ആസാദ് എം.പി ബി.ജെ.പിയിൽ ചേർന്നേക്കും. എന്നാൽ ടിക്കറ്റ് കിട്ടില്ലെന്ന് വന്നപ്പോഴാണ് ഈ എം.പിമാർ പുതിയ താവളങ്ങൾ തേടി പോയതെന്നാണ് ബി.എസ്.പി നേതാക്കളുടെ വിശദീകരണം. ഒറ്റക്ക് യു.പിയിൽ മത്സരിച്ചു നേടുമെന്നും അവർ അവകാശശപ്പടുന്നു. 2014ൽ ഒറ്റക്ക് തെരഞ്ഞെടുപ്പ് നേരിട്ട ബി.എസ്.പിക്ക് ഒരു സീറ്റും കിട്ടിയിരുന്നില്ല. ബി.എസ്.പിയുടെ വോട്ടുബാങ്ക് നല്ല തോതിൽ ബി.ജെ.പി ചോർത്തുകയും ചെയ്തു.
ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി തമിഴ് മാനില കോൺഗ്രസ്
ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴ്നാട്ടിൽ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കി ജി.കെ. വാസന്റെ നേതൃത്വത്തിലുള്ള തമിഴ് മാനില കോൺഗ്രസ് (ടി.എം.സി). എൻ.ഡി.എയുടെ ഭാഗമായി തമിഴ് മാനില കോൺഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചൊവ്വാഴ്ച തിരുപ്പൂർ ജില്ലയിലെ പല്ലടത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൊതുയോഗത്തിൽ പങ്കെടുക്കുമെന്നും ജി.കെ. വാസൻ പറഞ്ഞു. തമിഴ്നാടിന്റെയും തമിഴരുടെയും ക്ഷേമം, ശക്തവും സമൃദ്ധവുമായ ഇന്ത്യ തുടങ്ങിയ വിഷയങ്ങൾ മുൻനിർത്തിയാണ് ബി.ജെ.പിയുമായി കൈകോർക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെയുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ച് കോൺഗ്രസിൽനിന്ന് ഇറങ്ങിപ്പോയതിനുശേഷം 1996ൽ മുതിർന്ന നേതാവ് ജി.കെ. മൂപ്പനാരാണ് ടി.എം.സി രൂപവത്കരിച്ചത്.\
ആധാർ കാർഡ് ഇല്ലെങ്കിലും വോട്ട് ചെയ്യാം
ന്യൂഡൽഹി: ആധാർ കാർഡ് ഇല്ലെങ്കിലും സമ്മതിദാനാവകാശം വിനിയോഗിക്കുന്നതിൽനിന്ന് വോട്ടർമാരെ തടയില്ലെന്ന് തെരഞ്ഞെടുപ്പ് കമീഷൻ. വോട്ടർ ഐഡി കാർഡ് അല്ലെങ്കിൽ മറ്റേതെങ്കിലും നിർദിഷ്ട തിരിച്ചറിയൽ രേഖകൾ ഉണ്ടെങ്കിൽ വോട്ട് ചെയ്യാമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ അറിയിച്ചു. പശ്ചിമ ബംഗാളിൽ നിരവധി ആധാർ കാർഡുകൾ നിർജീവമാക്കിയെന്ന ആശങ്ക പങ്കുവെച്ച് തൃണമൂൽ കോൺഗ്രസ് പ്രതിനിധി സംഘം നടത്തിയ കൂടിക്കാഴ്ചയെ തുടർന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഇക്കാര്യത്തിൽ ഉറപ്പുനൽകിയത്.
കൂടുതൽ പേരെ ബൂത്തിലെത്തിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടു ശതമാനം ഉയർത്താൻ പ്രചാരണ പരിപാടികൾക്ക് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ, തപാൽ വകുപ്പ് എന്നിവയുമായി തെരഞ്ഞെടുപ്പ് കമീഷൻ ധാരണപത്രം ഒപ്പുവെച്ചു. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 91 കോടി വോട്ടർമാരിൽ 30 കോടിയോളം പേർ പോളിങ് ബൂത്തിൽ എത്തിയില്ല. 67.4 ആയിരുന്നു വോട്ടു ശതമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.