ന്യൂഡൽഹി: കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗ്യാങ്സ്റ്റർ ഗോൾഡി ബ്രാർ എങ്ങനെയാണ് പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകം നടത്തിയതെന്ന് വിശദീകരിച്ച് ഡൽഹി പൊലീസ്. ഗായകന്റെ മരണം നടന്ന് 40 ദിവസം പിന്നിടുമ്പോഴാണ് എങ്ങനെയാണ് കൊലനടത്തിയതെന്ന് കൊലയാളികളിലൊരാളുടെ സഹായത്തോടെ പൊലീസ് വിശദീകരിച്ചത്. കൊലക്ക് മുമ്പും ശേഷവും കൊലപാതകികളുടെ നീക്കങ്ങൾവരെ അകലെയിരുന്ന് എങ്ങനെ നിയന്ത്രിച്ചുവെന്നും പൊലീസ് വിശദീകരിക്കുന്നു.
ഗോൾഡി ബ്രാർ ആണ് കൊലപാതകത്തിന്റെ ആസൂത്രകരിൽ പ്രധാനിയെന്നാണ് കരുതുന്നത്. കൊലപാതകികൾ ഓരോ അടിയും എങ്ങനെ മുന്നോട്ടുപോകണമെന്ന് ഇയാൾ നിർദേശിച്ചിരുന്നുവെന്നാണ് മുതിർന്ന പൊലീസ് ഓഫീസർ എച്ച്.ജി.എസ് ധാലിവാൽ വ്യക്തമാക്കുന്നത്. മെയ് 29നാണ് മൂസെവാല വെടിയറ്റ് മരിച്ചത്.
മെയ് 28ന് രാവിലെ 11ന് ഗോൾഡി ബ്രാർ കൊലയാളികളിൽ ഒരാളായ പ്രിയവ്രത് ഫൗജിയെ വിളിച്ച് ഗായകന്റെ സുരക്ഷ നീക്കിയതായി വിവരം നൽകി. അവർ അടുത്ത ദിവസം തന്നെ പദ്ധതി നടപ്പാക്കണമെന്ന് നിർദേശവും നൽകി.
മെയ് 29ന് രാവിലെ 10ന് പ്രിയവ്രത് ഫൗജി, അങ്കിത് സിർസ, കേശവ് എന്നിവർ ഹരിയാന ഹിസാർ ജില്ലയിലെ കിർമാരയിൽ നിന്ന് ബൊലേറൊ കാർ എടുത്ത് പഞ്ചാബിലെ മാൻസയിലേക്ക് പോയി. പോകുന്ന വഴി ഹരിയാനയിലെ ഉക്‍ലാനമാണ്ടിയിൽ നിന്ന് ദീപക് മുണ്ടി, കാശിശ് എന്നിവരെയും കൂടെ ചേർത്തു.
മൻപ്രീത് സിങ് മാന്നു, ജഗ്രൂപ് സിങ് രൂപ എന്നിവർ ബ്രാറിന്റെ നിർദേശ പ്രകാരം ഇവരോടൊപ്പം മാൻസയിൽ നിന്ന് ചേർന്നു. 4.30 ഓടെ ബ്രാർ ഷൂട്ടറെ വിളിച്ച് മൂസെവാല വീട്ടിൽ നിന്ന് ഇറങ്ങാൻ പോവുകയാണെന്ന് അറിയിച്ചു. കൊലയാളികൾ മാൻസയിലെത്തിയപ്പോൾ ബ്രാർ വീണ്ടും വിളിച്ച് ഗായകൻ സുരക്ഷാ ഉദ്യോഗസ്ഥരില്ലാതെ കറുത്ത കാറിലാണ് വരുന്നതെന്ന് അറിയിച്ചു. തുടർന്ന് മൂസെവാലയുടെ കാർ കടന്നുപോകുന്നതു വരെ കൊലയാളികൾ കാത്തു നിന്നു.
ബൊലേറൊയും മറ്റൊരു കാറും ഗായകന്റെ പിന്നിൽ യാത്രതുടർന്ന് നിരന്തരം വെടിയുതിർത്തു. മൂസെവാലയുടെ കാറിന്റെ എല്ലാ വശത്തും വെടിയുണ്ടകൾ പതിച്ചുവെന്നും പൊലീസ് പറയുന്നു.
കൊലപാതകത്തിന് ശേഷം ഗോൾഡി ബ്രാർ പ്രിയവ്രത് ഫൗജിയെ വിളിച്ച് ഹരിയാനയിലെ ഫത്തേബാദിൽ ഒളിക്കാൻ ആവശ്യപ്പെട്ടു. മെയ് 31ന് ഹരിയാനയിലെ ഭിവാനിയിൽ എത്തുകയും പിന്നീട് ജൂൺ രണ്ടിന് ഗുജറാത്തിലെ മുന്ദ്രയിലേക്ക് വരികയും അതിനു ശേഷം നിരവധിയിടങ്ങളിൽ തങ്ങുകയും ഒളിത്താവളങ്ങൾ ഇടക്കിടെ മാറ്റുകയും ചെയ്തു.
ജൂൺ 20ന് പ്രിയവ്രത് ഫൗജിയും കാശിശും ഡൽഹി പൊലീസിന്റെ പിടിയിലായി. മൻപ്രീത് സിങ് മാന്നുവിനെയും ജഗ്രൂപ് സിങ് രൂപയെയും ഇതുവരെ കണ്ടെത്താനായിട്ടില്ല. മൂസെവാലയുടെ കൊലപാതകത്തിന് ശേഷം കൃത്യത്തിന്റെ ഉത്തരവാദിത്തം ഗോൾഡി ബ്രാർ ഏറ്റെടുത്തിരുന്നു. മറ്റൊരു ഗ്യാങ്സ്റ്റർ ഗ്രൂപ്പിനോടുള്ള പ്രതികാരമായാണ് നടപടിയെന്നായിരുന്നു ഗോൾഡിബ്രാർ അറിയിച്ചത്. പൊലീസിന്റെയും ആദ്യ നിഗമനം രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള പ്രശ്നമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നായിരുന്നു. എന്നാൽ ഗായകന്റെ കുടുംബം ഈ അവകാശ വാദത്തെ ശക്തിയുക്തം എതിർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.