ന്യൂഡൽഹി: നീറ്റ് യു.ജി ചോദ്യപേപ്പർ ചോർച്ച കേസിൽ വിദഗ്ധ സമിതി അംഗങ്ങൾ ചോദ്യങ്ങൾ ചോർത്തിയത് സംബന്ധിച്ച നിർണായക വിവരങ്ങൾ പുറത്ത്. ബയോളജി, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളുടെ ചോദ്യങ്ങൾ ചോർത്തിയത് എങ്ങനെയെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. ചോദ്യങ്ങൾ തയ്യാറാക്കിയ വിദഗ്ധസമിതിയിലെ മൂന്ന് അംഗങ്ങളാണ് ചോദ്യങ്ങൾ പുറത്തെത്തിച്ചത്.
പേപ്പറിൽ ചെറുതായി എഴുതി ചീട്ടുകളാക്കിയും, മനഃപാഠമാക്കി പിന്നീട് കുറിപ്പുകളാക്കിയുമാണ് വിദഗ്ധ സമിതി അംഗങ്ങൾ ചോദ്യങ്ങൾ ചോർത്തിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കെമിസ്ട്രി ചോദ്യങ്ങളാണ് പേപ്പറിൽ എഴുതി കുറിപ്പുകളാക്കി കടത്തിയത്. 135 ചോദ്യങ്ങളാണ് ഇങ്ങനെ കടത്തിയത്. ഓഫീസിനകത്ത് ചോദ്യങ്ങൾ പരിഭാഷപ്പെടുത്തുന്നതിനായി ഇവർക്ക് പേപ്പർ നൽകിയിരുന്നു. ആ പേപ്പർ കഷണങ്ങളായി മുറിക്കുകയും, അതിനുശേഷം ചോദ്യങ്ങൾ ചെറുതായി പേപ്പറിലേക്ക് എഴുതിയെടുത്ത് പുറത്തെത്തിച്ച് പണം വാങ്ങി വിദ്യാർഥികൾക്ക് കൈമാറുകയുമായിരുന്നുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. മറ്റ് രണ്ട് വിദഗ്ധർ ഓരോ ദിവസവും ഏതാനും ചോദ്യങ്ങൾ ഓർമയിൽ വെച്ച് പുറത്തിറങ്ങി ഹോട്ടലുകളിൽ എത്തിയ ഉടൻ അത് പേപ്പറിലേക്ക് പകർത്തുകയും പിന്നീട് വിദ്യാർഥികൾക്ക് കൈമാറുകയുമായിരുന്നുവെന്ന് സി.ബി.ഐ കണ്ടെത്തി.
മെഡിക്കൽ പ്രവേശന പരീക്ഷ നടത്തുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനമായ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ)യുടെ പോരായ്മകൾ വിഷയ വിദഗ്ധരായ പി.വി. കുൽക്കർണി, മനീഷ മന്ധാരെ, മനീഷ ഹവൽദാർ എന്നിവർ ചൂഷണം ചെയ്തതായി ആരോപിക്കപ്പെടുന്നു. ചോദ്യപേപ്പർ തയ്യാറാക്കുന്നവർക്ക് പേപ്പർ നൽകിയപ്പോൾ അവരെ നിരീക്ഷിക്കുന്നതിൽ എൻ.ടി.എ വീഴ്ച വരുത്തി. മാത്രമല്ല, ഓഫീസിൽ നിന്ന് പുറത്തുപോകുമ്പോൾ ചോദ്യങ്ങൾ പുറത്തേക്ക് കടത്തുന്നുണ്ടോ എന്ന് പരിശോധിക്കാൻ ദേഹപരിശോധന ഉണ്ടായിരുന്നില്ലെന്നുമാണ് സി.ബി.ഐ കണ്ടെത്തലുകൾ വ്യക്തമാക്കുന്നത്.
കുൽക്കർണി രസതന്ത്രത്തിലും മന്ധാരെ, ഹവൽദാർ എന്നിവർ സസ്യശാസ്ത്രത്തിലും ഭൗതികശാസ്ത്രത്തിലും വിദഗ്ധരാണ്. നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഏജൻസി അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ച 13 പ്രതികളിൽ ഇവരും ഉൾപ്പെടുന്നു.
ഇക്കഴിഞ്ഞ മെയ് മൂന്നിനായിരുന്നു നീറ്റ് യു.ജി ആദ്യ പരീക്ഷ നടന്നത്. ചോദ്യപോപ്പർ ചോർന്നത് വിവാദമായതോടെ പരീക്ഷ റദ്ദാക്കുകയും ജൂൺ 21-ന് പുനഃപരീക്ഷ നടത്തുകയും ചെയ്തു. സംഭത്തിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന പ്രതിഷേധത്തെത്തുടർന്ന് ധർമന്ദ്ര പ്രധാന് വിദ്യാഭ്യാസ മന്ത്രി പദവി രാജി വെക്കേണ്ടി വരികയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.