‘ഗ്യാനേഷ് കുമാറിന് പത്മഭൂഷൺ നൽകി ആദരിക്കണം’; രാജ്യവ്യാപക പ്രതിഷേധത്തിനിടെ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ പിന്തുണച്ച് ബിജെപി

ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നതിനിടെ അദ്ദേഹത്തെ പിന്തുണച്ച് ബി.ജെ.പി.

ഗ്യാനേഷ് കുമാറിന് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി ആദരിക്കണമെന്ന് പശ്ചിമ ബംഗാൾ ബി.ജെ.പി അധ്യക്ഷൻ സമീക് ഭട്ടാചാര്യ പ്രതികരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി പോലും രാഹുല്‍ ഗാന്ധിയെ ഗൗരവത്തിലെടുക്കുന്നില്ല. കുറഞ്ഞപക്ഷം ഗ്യാനേഷ് കുമാർ പത്മഭൂഷണ്‍ പുരസ്കാരത്തിന് അർഹനാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാൾ തെരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർ പട്ടികയിലെ വ്യാജ വോട്ടർമാരെയും നുയഞ്ഞുകയറ്റക്കാരെയും ഒഴിവാക്കാനായി സംസ്ഥാനത്ത് നടപ്പാക്കിയ തീവ്ര വോട്ടർ പരിഷ്കരണം (എസ്.ഐ.ആർ) വൻ വിജയമായിരുന്നു. ദീര്‍ഘകാലത്തിന് ശേഷം ഭയമില്ലാത്ത ഒരു തെരഞ്ഞെടുപ്പ് നടന്നതിന്‍റെ സന്തോഷത്തിലാണ് ബംഗാൾ ജനത. കൊലപാതകങ്ങളോ അക്രമങ്ങളോ അരങ്ങേറിയില്ല, ജനത്തിന് അവരുടെ വോട്ടവകാശം സ്വതന്ത്രമായി വിനിയോഗിക്കാനായി... ബംഗാള്‍ ജനത ഇതുപോലൊരു തെരഞ്ഞെടുപ്പ് വളരെ അപൂര്‍വമായേ കണ്ടിട്ടുണ്ടാകൂവെന്നും സമീക് ഭട്ടാചാര്യ കൂട്ടിച്ചേർത്തു.

എസ്.ഐ.ആറിൽ വോട്ടു വെട്ടിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഗ്യാനേഷ് കുമാറിന്റെ രാജിക്ക് സമ്മർദമേറിയത്. രണ്ട് കമീഷണർമാരെ ഇരുട്ടിൽ നിർത്തി വോട്ടു ചേർക്കുന്നതിലും വെട്ടുന്നതിലും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ നടത്തിയ വഴിവിട്ട കളികൾ പുറത്തുവന്നിരുന്നു. വെള്ളിയാഴ്ച ഡൽഹി, ജമ്മു കശ്മീർ, ബിഹാർ, അസ്സം, ചണ്ഡീഗഡ്, തെലങ്കാന തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗ്യാനേഷിന്‍റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം അരങ്ങേറി. വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലാണ് പ്രതിഷേധം അരങ്ങേറിയത്.

ഗുവാഹത്തിയിൽ കോൺഗ്രസിന്റെ നേതത്വത്തിലായിരുന്നു പ്രതിഷേധം. സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം. ‍ഡൽഹിയിൽ യൂത്ത് കോൺഗ്രസ് ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധ പ്രകടനം നടത്തി. ജന്തർ മന്തറിൽ കോൺഗ്രസ്, സി.പി.ഐ (എംഎൽ), പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് എന്നിവരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. തെരഞ്ഞെടുപ്പ് കമീഷന്റെ ഓഫിസിലേക്ക് എസ്.എഫ്.ഐ നടത്തിയ മാർച്ചിൽ എം.പിമാരായ എ.എ.റ ഹിം, വി. ശിവദാസൻ എന്നിവരെ പൊലീസ് ബലമായി കസ്റ്റഡിയിലെടുത്ത് നീക്കി.

Tags:    
News Summary - Gyanesh Kumar Deserves Padma Bhushan -BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.