കെ.സി. വേണുഗോപാൽ
രാജ്യമൊട്ടാകെ കോൺഗ്രസ് പ്രക്ഷോഭം; ഗ്യാനേഷ്കുമാർ വലിയ ക്രിമിനൽ, രാജി പോരാ അറസ്റ്റ് ചെയ്യണമെന്ന് കെ.സി. വേണുഗോപാൽ
ന്യൂഡൽഹി: വോട്ടർമാരുടെ പേരുകൾ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് വിവാദത്തിലായ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ വലിയ ക്രിമിനലാണെന്നും, അദ്ദേഹത്തിന്റെ രാജി മാത്രം പോരാ, അറസ്റ്റ് ചെയ്യണമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. ഇക്കാര്യം ഉന്നയിച്ച് രാജ്യവ്യാപകമായി കോൺഗ്രസ് പ്രതിഷേധരംഗത്താണ്. വരും ദിവസങ്ങളിലും പ്രക്ഷോഭം തുടരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായിരിക്കെ, എസ്.ഐ.ആർ ഉൾപ്പെടെ ഗ്യാനേഷ് കുമാർ കൈക്കൊണ്ട എല്ലാ നടപടികളും പിൻവലിക്കണം. ഇക്കാര്യങ്ങളെല്ലാം ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വസ്തുനിഷ്ഠമായി വാർത്തസമ്മേളനത്തിലൂടെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വെറും ആരോപണങ്ങൾ മാത്രമല്ല ഗ്യാനേഷ് കുമാറിനെതിരെയുള്ളതെന്നും വേണുഗോപാൽ പറഞ്ഞു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മറ്റു പാർട്ടികളുമായി യോജിച്ച് പ്രക്ഷോഭം നടത്തും. ഇതുമായി ബന്ധപ്പെട്ട ഇൻഡ്യ സഖ്യത്തിന്റെ യോഗം അടുത്തദിവസം വിളിക്കുന്നുണ്ട്. 2024 ലെ ലോക്സഭ ഇലക്ഷൻ എൻ.ഡി.എ മുന്നണി ജയിച്ചതല്ലെന്നും വോട്ടർപട്ടികയിലെ കൃത്രിമത്തിലൂടെ ഇലക്ഷനെ ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നും വേണുഗോപാൽ വിമർശിച്ചു.
മഹാരാഷ്ട്ര ഉൾപ്പെടെയുള്ള നിയമസഭ തെരഞ്ഞെടുപ്പുകളിലും കൃത്രിമം നടന്നു. അതിന് കൂട്ടുനിൽക്കുകയാണ് തെരഞ്ഞെടുപ്പ് കമീഷൻ ചെയ്തത്. അതിലൂടെ വലിയ ക്രിമിനൽ കുറ്റമാണ് ഗ്യാനേഷ് കുമാർ നടത്തിയത്. മറ്റു രണ്ട് തെരഞ്ഞെടുപ്പ് കമീഷണർമാർ നിയമം ചൂണ്ടിക്കാട്ടിയപ്പോൾ ഗ്യാനേഷ് കുമാർ അതൊന്നും വകവെച്ചില്ല. ശരിയായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്താൻ നടപടി സ്വീകരിക്കുകയാണ് ഇനി വേണ്ടതെന്നും വേണുഗോപാൽ പറഞ്ഞു.
വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമീഷനുള്ളിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ, രാജ്യമൊട്ടാകെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തുണ്ട്. പട്ന, മണിപ്പൂർ, അസം, ഡൽഹി, ചണ്ഡീഗഡ് എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധ മാർച്ചുകൾക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ചു. ഗ്യാനേഷ് കുമാറിന്റെ കേവലം നിഴൽ ചിത്രങ്ങൾ കത്തിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രവർത്തകരുടെ പ്രതിഷേധം.
അസമിൽ സി.ഇ.ഒ ഓഫിസിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ച സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഗൗരവ് ഗൊഗോയ് ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളെ അറസ്റ്റ് ചെയ്തു നീക്കി. ഡൽഹിയിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ഉദയ് ഭാനു ചിബിന്റെ നേതൃത്വത്തിലാണ് മാർച്ച് സംഘടിപ്പിച്ചത്.
മണിപ്പൂരിലെ ലാമ്പെലിൽ ചീഫ് ഇലക്ടറൽ ഓഫിസറുടെ ഓഫിസിന് മുന്നിൽ നടന്ന പ്രതിഷേധത്തിന് നേരെ പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ബിഹാറിലും ജമ്മു കശ്മീർ നിയമസഭയിലും കോൺഗ്രസ് ജനപ്രതിനിധികളും പ്രവർത്തകരും പ്രതിഷേധം ഉയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.