മണിപ്പൂരിൽ അഫ്സ്പ കാലാവധി ആറുമാസം കൂടി നീട്ടി കേന്ദ്ര സർക്കാർ; നാഗാലാൻഡിലും അരുണാചൽ പ്രദേശിലും ഉത്തരവ് ബാധകം
ന്യൂഡൽഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ മണിപ്പൂർ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലെ വിവിധ ഭാഗങ്ങളിൽ സായുധ സേനാ പ്രത്യേക അധികാര നിയമമായ 'അഫ്സ്പ' കാലാവധി ആറുമാസം കൂടി നീട്ടി കേന്ദ്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ് ഉത്തരവ്. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് തീരുമാനം. മുൻകൂട്ടി പിൻവലിച്ചില്ലെങ്കിൽ പുതിയ ഉത്തരവ് പ്രകാരം ഈ പ്രദേശങ്ങളിൽ ആറുമാസത്തേക്ക് കൂടി നിയമം തുടരും.
മണിപ്പൂരിൽ അഞ്ച് ജില്ലകളിലെ 13 പൊലീസ് സ്റ്റേഷൻ പരിധികൾ ഒഴികെയുള്ള സംസ്ഥാനത്തെ മറ്റ് മുഴുവൻ പ്രദേശങ്ങളിലും കലാപബാധിത പ്രദേശം എന്ന പ്രഖ്യാപനം നീട്ടിയിട്ടുണ്ട്. ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഇംഫാൽ, ലാംഫെൽ, സിറ്റി, സിങ്ജമേയ്, പട്സോയ്, വാംഗോയ്, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ പോറോംപത്, ഹീംഗാങ്, ഇറിൽബംങ്, തൗബാൽ ജില്ലയിലെ തൗബാൽ, ബിഷ്ണുപൂർ ജില്ലയിലെ ബിഷ്ണുപൂർ, നാംബോൾ, കാക്ചിങ് ജില്ലയിലെ കാക്ചിങ് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളെയാണ് ഒഴിവാക്കിയിരിക്കുന്നത്.
നാഗാലാൻഡിൽ ദിമാപൂർ, നിയുലാൻഡ്, ചുമൊകേദിമ, മോൺ, കിഫിറെ, നൊക്ലാക്, ഫെക്, പെരെൻ, മെലുരി എന്നീ ഒമ്പത് ജില്ലകളിലും, കൊഹിമ, മൊക്കൊക്ചുങ്, ലോങ്ലങ്, വൊഖ, സുനിൽബെതോ എന്നീ അഞ്ച് ജില്ലകളിലെ 21 പൊലീസ് സ്റ്റേഷൻ പരിധികളിലുമാണ് അഫ്സ്പ നീട്ടിയിട്ടുള്ളത്. അരുണാചൽ പ്രദേശിൽ തിരാപ്, ചാംഗ്ലാംഗ്, ലോങ്ഡിങ് എന്നീ ജില്ലകളിലും അസമുമായി അതിർത്തി പങ്കിടുന്ന നാംസായ് ജില്ലയിലെ നാംസായ്, മഹാദേവ്പൂർ, ചൗഖാം എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലുമാണ് ഉത്തരവ് ബാധകമാക്കിയിരിക്കുന്നത്. സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന 1958-ലെ അഫ്സ്പ നിയമത്തിലെ സെക്ഷൻ മൂന്ന് പ്രകാരമാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഈ നിർദേശങ്ങൾ പുറപ്പെടുവിച്ചിരിക്കുന്നത്. പ്രദേശത്തെ ക്രമസമാധാന നില വിശദമായി അവലോകനം ചെയ്ത ശേഷമാണ് ഈ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.