പ്രധാനമന്ത്രിക്കൊപ്പമുള്ള വ്യാജ ചിത്രം നിർമിച്ച് പ്രചരിപ്പിച്ചു; സിജെപി നേതാവ് അഭിജിത് ദീപ്കെക്കും പ്രവർത്തകർക്കും ഡൽഹി ഹൈകോടതി നോട്ടിസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പമുള്ള തന്‍റെ വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്നാരോപിച്ച് ഒരു സ്ത്രീ സമർപ്പിച്ച ഹരജിയിൽ സിജെപി പ്രവർത്തകർക്ക് നോട്ടീസ് അയച്ച് ഡൽഹി ഹൈക്കോടതി. സിജെപി പ്രതിഷേധത്തിനിടെ തന്‍റെ വ്യാജ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് അഭിജീത് ദിപ്കെ, വക്താക്കളായ സൗരവ് ദാസ്, അഷുതോഷ് രങ്ക എന്നിവർക്കെതിരെ ജസ്റ്റിസ് ഗിരീഷ് കത്പാലിയ നോട്ടീസ് അയച്ചത്.

വ്യാജ ചിത്രങ്ങൾ പ്രചരിപ്പിച്ചതിനെ തുടർന്ന് ഭീഷണികൾ നേരിടുന്നതായി കാണിച്ച് ഒരു യുവതി നൽകിയ ഹർജിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. എതിർകക്ഷികൾ നൽകുന്ന പ്രസക്തമായ വെബ് ലിങ്കുകൾ പരിശോധിച്ച് തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് ഇത്തരം ഉള്ളടക്കങ്ങൾ നീക്കം ചെയ്യാൻ മെറ്റയോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

യുവതിയുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പൂർണ്ണമായ പോലീസ് സംരക്ഷണം നൽകാൻ ഡൽഹി ഹൈക്കോടതി ഡൽഹി പോലീസിന് നിർദ്ദേശം നൽകി. ഹർജിക്കാരിയുടെ വിലാസം രഹസ്യമായി സൂക്ഷിക്കണമെന്നും സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് മാത്രമായി അത് കൈമാറണമെന്നും കോടതി വ്യക്തമാക്കി. കേസ് ഒക്ടോബർ 14-ലേക്ക് മാറ്റിവെച്ചിരിക്കുകയാണ്.

ന്യൂഡൽഹിയിലെ ജന്തർമന്തറിൽ നടന്ന സി.ജെ.പി പ്രതിഷേധത്തിനിടയിൽ പ്രതികൾ തന്റെ ചിത്രം അനധികൃതമായി എടുത്തുവെന്നും എഐ ഫേസ്-സ്വാപ്പിംഗ് ടൂളുകൾ ഉപയോഗിച്ച് മുഖം മാറ്റി വ്യാജ ചിത്രങ്ങൾ നിർമ്മിച്ചുവെന്നുമാണ് യുവതിയുടെ പരാതി. തനിക്കെതിരെയുള്ള വ്യാജ ചിത്രങ്ങൾ ഓൺലൈനിലും പ്രതിഷേധ സ്ഥലത്തും ഉപയോഗിച്ചതായി കണ്ടന്‍റ് ക്രിയേറ്റർ കൂടിയായ യുവതി പരാതിയിൽ വ്യക്തമാക്കി.

സംഭവത്തിൽ നേരത്തെ തന്നെ സൈബർ പോലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികളോ സമൂഹമാധ്യമങ്ങളിൽ നിന്ന് ചിത്രങ്ങൾ നീക്കം ചെയ്യാനുള്ള നടപടികളോ ഉണ്ടായിട്ടില്ലെന്ന് യുവതിയുടെ അഭിഭാഷകൻ പറഞ്ഞിരുന്നു. തുടർന്ന് ഹൈക്കോടതി അതിവേഗം ഹർജി പരിഗണിക്കുകയായിരുന്നു. 

Tags:    
News Summary - Delhi HC issues notice to Dipke over creating ai morphed photo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.