എക്സിറ്റ് പോളുകളെ വിശ്വസിക്കാമോ? പഴയ പ്രവചനങ്ങൾ പറയുന്നതിങ്ങനെ
ന്യൂഡൽഹി: എൻ.ഡി.എക്ക് വൻ ഭൂരിപക്ഷം പ്രവചിക്കുന്ന എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നപ്പോൾ മുൻകാല എക്സിറ്റ് പോൾ ഫലങ്ങളും അതിന്റെ ശാസ്ത്രീയതയുംകൂടിയാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയായത്. 2019ൽ എൻ.ഡി.എക്ക് അനുകൂലമായിരുന്നു എല്ലാ എക്സിറ്റ്പോൾ ഫലങ്ങളും. 353 സീറ്റോടെ ഭരണത്തുടർച്ച നേടിയ എൻ.ഡി.എയുടെ സീറ്റുനില 352 എന്ന് ഇൻഡ്യ ടുഡെ ഏറക്കുറെ കൃത്യമായി പ്രവചിക്കുകയും ചെയ്തു. എന്നാൽ, യഥാർഥ ഫലത്തിൽനിന്ന് തീർത്തും ഭിന്നമായ പ്രവചനങ്ങളും എക്സിറ്റ് പോളിലൂടെ മാധ്യമങ്ങളും ഏജൻസികളും നടത്തിയിട്ടുണ്ട്.
അന്നും തുടർഭരണം പ്രവചിച്ചു; പക്ഷേ...
2004ൽ, ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചത് എൻ.ഡി.എ ഭരണത്തുടർച്ച നേടുമെന്നായിരുന്നു. എന്നാൽ, എൻ.ഡി.എയുടെ സീറ്റ് നില 181ൽ ഒതുങ്ങി. 2014ൽ, മോദി തരംഗത്തിൽ ബി.ജെ.പി ഭരണത്തിലേറുമെന്നുതന്നെയായിരുന്നു എല്ലാവരുടെയും പ്രവചനം. എന്നാൽ, ശരാശരി സീറ്റ് 283 എന്നായിരുന്നു പ്രവചനം. ഫലം വന്നപ്പോൾ 336.
യു.പിയിൽ ബി.ജെ.പിയുടെ ജയം പ്രവചിക്കാനായില്ല
2017ലെ യു.പി അസംബ്ലി തെരഞ്ഞെടുപ്പിൽ തൂക്കുസഭ പ്രവചിച്ച മാധ്യമങ്ങൾക്ക് തെറ്റി; 325 സീറ്റ് നേടി വൻ ഭൂരിപക്ഷത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നു. 2015ലെ ബിഹാർ തെരഞ്ഞെടുപ്പ് പ്രവചനവും മാധ്യമങ്ങൾക്ക് തെറ്റി. ആർ.ജെ.ഡി-ജെ.ഡി.യു-കോൺഗ്രസ് സഖ്യം വ്യക്തമായ മാർജിനിൽ സത്യപ്രതിജ്ഞ ചെയ്തു. തൂക്കുസഭയായിരുന്നു എക്സിറ്റ് പോൾ ഫലം.
ഡൽഹി തെരഞ്ഞെടുപ്പ് ഫലവും തെറ്റി
അതേവർഷം ഡൽഹി തെരഞ്ഞെടുപ്പ് ഫലവും തെറ്റി. ആപ്പ് തരംഗം പൊതുവിൽ പ്രവചിക്കപ്പെട്ടുവെങ്കിലും 70ൽ 67 സീറ്റ് വരെ കെജ്രിവാളിന്റെ പാർട്ടി നേടുമെന്ന് ആരും കരുതിയില്ല. കഴിഞ്ഞവർഷം മധ്യപ്രദേശിൽ ബി.ജെ.പി അധികാരത്തിൽ തുടരുമെന്ന് പ്രവചിച്ചത് കുറച്ചു മാധ്യമങ്ങൾ മാത്രമായിരുന്നു. ഛത്തിസ്ഗഢിൽ കോൺഗ്രസ് തരംഗം പ്രവചിച്ചവർക്കും കഴിഞ്ഞവർഷം തെറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.