രാജ്യം നടുങ്ങിയ നിതാരി കൊലപാതക പരമ്പരയിൽ കോടതി വെറുതെ വിട്ടയാൾ മരിച്ച നിലയിൽ

ന്യൂഡൽഹി: 2006ലെ നിതാരി കൊലപാതക പരമ്പര കേസിൽ കോടതി വെറുതെ വിട്ട സുരേന്ദ്ര കോലിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലുള്ള തന്‍റെ ചായക്കടയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നിതാരി കൊലപാതകങ്ങളുമായി ബന്ധപ്പെട്ട അവസാന കേസിൽ സുപ്രീം കോടതി വെറുതെവിട്ട് ഒരു വർഷം തികയുന്നതിന് തൊട്ടുമുമ്പാണ് മരണം.

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഹരിദ്വാറിലായിരുന്ന സുരേന്ദ്ര കോലി നഗരത്തിൽ ചായക്കട വാടകയ്‌ക്കെടുത്തിരുന്നു. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവത്തെക്കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ആത്മഹത്യയെന്നാണ് പൊലീസ് സംശയിക്കുന്നത്.

രാജ്യം നടുങ്ങിയ അരും കൊലകൾ

ഉത്തർപ്രദേശിലെ നോയ്ഡയിലുള്ള നിതാരി ഗ്രാമത്തിലെ വീട്ടിൽനിന്ന് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയതായിരുന്നു കേസിന്‍റെ തുടക്കം. 2005-2006 കാലത്ത് ഗ്രാമത്തിൽനിന്ന്‌ കാണാതായ പെൺകുട്ടികളുടെ ശരീരാവശിഷ്ടങ്ങളാണു കണ്ടെത്തിയത്. ഇതിന് പിന്നാലെ നടന്ന അന്വേഷണത്തിൽ, വീട്ടുടമ മൊനീന്ദർ സിങ് പാന്ഥറും സഹായി സുരേന്ദ്ര കോലിയും അറസ്റ്റിലായി. ഇവരെ ചോദ്യംചെയ്തതിൽനിന്ന് ഒരുവർഷത്തിലേറെ അരങ്ങേറിയ ലൈംഗികവൈകൃതങ്ങളുടെയും കൊലപാതകങ്ങളുടെയും മനസുമരവിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

ബിസിനസുകാരനായ മൊനീന്ദർ സിങ് പാന്ഥറുടെ നിതാരി ഗ്രാമത്തിലെ സെക്ടർ 31-ലെ ഡി-5 വീട്ടിൽ ഇരുപതുകാരിയെയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും ഉൾപ്പെടെ ഒട്ടേറെപ്പേരെ ലൈംഗികപീഡനത്തിനിരയാക്കി കൊലപ്പെടുത്തിയെന്നാണ് കേസ്. പാന്ഥറുടെ വീടിനുസമീപത്തെ അഴുക്കുചാലിൽനിന്ന് 19 തലയോട്ടികളും അസ്ഥികളും കണ്ടെത്തിയിരുന്നു. 11 പെൺകുട്ടികൾ, ഒരു യുവതി, ആറു ആൺകുട്ടികൾ എന്നിവരുടെ അവശിഷ്ടങ്ങൾ ലഭിച്ചതായാണ് ശാസ്ത്രീയപരിശോധനാ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയുള്ള പോലീസിന്‍റെ കുറ്റപത്രം.

നുണപരിശോധനയിൽ തങ്ങൾ ചെയ്തുകൂട്ടിയ ക്രൂരതകളെല്ലാം സുരേന്ദ്ര കോലി അന്വേഷണസംഘത്തോടു വിവരിച്ചു. കുട്ടികളെ പ്രലോഭിപ്പിച്ച് വീട്ടിൽവരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി മറവുചെയ്യുകയുമായിരുന്നു ഇവരുടെ രീതി. പ്രതികൾ മൃതശരീരം പാകംചെയ്ത്‌ കഴിച്ചതായും മൊഴികളിലുണ്ട്. നവംബറിലാണ് സുരേന്ദ്ര കോലിയെ അവസാന കേസിൽ വെറുതെ വിട്ടത്. നേരത്തെ 12 കേസിൽ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

Tags:    
News Summary - nithari murder case suspect found dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.