ഭർത്താവിനെ വിട്ടുകിട്ടാൻ 80,000 രൂപ വേണം; യു.പി പൊലീസിനെതിരെ ആരോപണവുമായി വീട്ടമ്മ

സഹാറൻപൂർ: ഉത്തർപ്രദേശിലെ സഹാറൻപൂരിൽ ഭർത്താവിനെ നിയമവിരുദ്ധമായി തടങ്കലിൽ വെച്ച് ക്രൂരമായി മർദിച്ചതായും വിട്ടയക്കാൻ 80,000 രൂപ കൈക്കൂലി വാങ്ങിയതായും പൊലീസിനെതിരെ വീട്ടമ്മയുടെ പരാതി. സഹാറൻപൂർ മിർസാപൂർ സ്വദേശി മോമിനയാണ് ബേഹട്ട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തെത്തിയത്. തന്റെ ഭർത്താവ് ആരിഫിനെ പൊലീസ് 'തേർഡ് ഡിഗ്രി' മർദനത്തിന് ഇരയാക്കിയതായി മോമിന പരാതിയിൽ പറഞ്ഞു.

പഴയൊരു വാഹനാപകടക്കേസുമായി ബന്ധപ്പെട്ടാണ് ആരിഫിനെതിരെ പൊലീസ് നടപടിയെടുത്തത്. എന്നാൽ, ഈ കേസിൽ ആരിഫിനെ അറസ്റ്റ് ചെയ്യുന്നത് അലഹബാദ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നതാണ്. കോടതി ഉത്തരവ് നിലനിൽക്കെ, ഏപ്രിൽ 6ന് രാത്രി 11.30ഓടെ പൊലീസ് വീട്ടിലെത്തുകയും ആരിഫിനെ ബലമായി പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. സ്റ്റേഷനിൽ വെച്ച് രാത്രി മുഴുവൻ ക്രൂരമായി മർദിച്ചെന്നും ഒടുവിൽ 80,000 രൂപ കൈക്കൂലി നൽകിയ ശേഷമാണ് വിട്ടയച്ചതെന്നും മോമിന ആരോപിക്കുന്നു. മർദനത്തെത്തുടർന്ന് നില ഗുരുതരമായ ആരിഫിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ശരീരത്തിൽ മർദനമേറ്റ പാടുകളുണ്ടെന്നും കുടുംബം പറയുന്നു. സംഭവത്തിൽ ജില്ലാ പൊലീസ് മേധാവിക്കും മുഖ്യമന്ത്രിയുടെ പോർട്ടലിലും പരാതി നൽകിയിട്ടുണ്ട്.

അതേസമയം, പൊലീസിനെതിരെയുള്ള ആരോപണങ്ങൾ പ്രാഥമികാന്വേഷണത്തിൽ തെറ്റാണെന്നാണ് എസ്.പി മായങ്ക് പഥക് വ്യക്തമാക്കുന്നത്. അപകടക്കേസിലെ പ്രതിയായ ആരിഫിനെ ഏപ്രിൽ 9ന് സ്റ്റേഷനിൽ കൊണ്ടുവരികയും ചോദ്യം ചെയ്ത ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടയച്ചെന്നുമാണ് പൊലീസ് പറഞ്ഞു. ഇതിന്റെ രേഖകളും ചിത്രങ്ങളും സ്റ്റേഷനിലുണ്ടെന്നും ആ ചിത്രങ്ങളിൽ മർദനമേറ്റതായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എങ്കിലും, സോഷ്യൽ മീഡിയയിലൂടെ ഗൗരവകരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Tags:    
News Summary - Housewife alleges UP police demanding Rs 80,000 to release husband

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.