ഇന്ത്യയിലെത്തിയ സുഖ്പാൽ സിങ്ങും ഹർവീന്ദർ സിങ്ങും മാധ്യമങ്ങളോട് സംസാരിക്കുന്നു

‘മണിക്കൂറുകൾ നീണ്ട കടൽ-കാൽനടയാത്രകൾ, വഴിയിൽ കണ്ടത് നിരവധി മൃതദേഹങ്ങൾ, ഇരുണ്ട ജയിലിലെ താമസം’; സ്വപ്നം തകർന്നതിനെ കുറിച്ച് തുറന്നുപറഞ്ഞ് കുടിയേറ്റക്കാർ

ന്യൂഡൽഹി: അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ നാടുകടത്തുന്ന നടപടി അമേരിക്കയിലെ ട്രംപ് ഭരണകൂടം ശക്തമാക്കിയതോടെ തകർന്നടിഞ്ഞത് ജീവിതം കരപിടിപ്പിക്കാമെന്ന് കരുതി കുടിയേറ്റത്തിന് ശ്രമിച്ച ഒരു കൂട്ടം ആളുകളുടെ സ്വപ്നങ്ങളാണ്. അമേരിക്കയിൽ പോകാൻ ഏജന്‍റുമാർക്ക് വൻ തുക നൽകിയാണ് പലരും ഈ ശ്രമം നടത്തിയത്. അവസാനം ചതിക്കപ്പെട്ട് ഏജന്‍റുമാർ പറഞ്ഞ നിയമവിരുദ്ധ മാർഗത്തിലൂടെ അമേരിക്കയിൽ എത്താൻ ശ്രമിച്ച കഥയാണ് മടങ്ങിയെത്തിയവർക്ക് പറയാനുള്ളത്.

Full View

ദിവസങ്ങൾ നീണ്ട ദുരിത യാത്രകളും നേരിട്ട വെല്ലുവിളികളും മറികടന്നാണ് അമേരിക്കയിൽ എത്തിയതെന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയ ഭൂരിഭാഗം അനധികൃത കുടിയേറ്റക്കാരും പറയുന്നത്. തെക്കേ അമേരിക്കയിലേക്കുള്ള ദീർഘദൂര വിമാനയാത്ര, അശാന്തമായ കടലിലൂടെയുള്ള ടോറ്ററി ബോട്ടിലെ യാത്ര, കുന്നുംമലയും നിറഞ്ഞ ഭൂപ്രദേശങ്ങളിലൂടെയുള്ള കാൽനടയാത്ര, യു.എസ്-മെക്സിക്കോ അതിർത്തിയിലെ ജയിലുകളിലെ ഇരുണ്ട സെല്ലുകളിലെ താമസം, അവസാനം ഇന്ത്യയിലേക്കുള്ള നാടുകടത്തൽ - അമേരിക്കയിലേക്കുള്ള അനധികൃത കുടിയേറ്റ വഴികളെ ഇങ്ങനെ ചുരുക്കിപറയാം.

യു.എസ് തൊഴിൽ വിസ വാഗ്ദാനം ചെയ്ത ഏജന്‍റിന് 42 ലക്ഷം രൂപ നൽകിയെന്നാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ പഞ്ചാബിലെ തഹ്‌ലി ഗ്രാമത്തിൽ നിന്നുള്ള ഹർവീന്ദർ സിങ് മാധ്യമങ്ങളോട് പറഞ്ഞത്. അവസാന നിമിഷം, വിസ ലഭിച്ചില്ലെന്ന് അറിയിച്ച ഏജന്‍റ്, ഹർവീന്ദർ സിങ്ങിനെ ഡൽഹിയിൽ നിന്ന് ഖത്തറിലേക്കും തുടർന്ന് ബ്രസീലിലേക്കും വിമാനം കയറ്റിവിട്ടു. ബ്രസീലിൽ നിന്ന് പെറുവിലേക്ക് വിമാനം കയറ്റിവിടുമെന്ന് പറഞ്ഞെങ്കിലും അങ്ങനെയൊരു വിമാനം ഉണ്ടായിരുന്നില്ല. പിന്നീട് ടാക്സിയിൽ കൊളംബിയയിലേക്കും പനാമയിലേക്കും കൊണ്ടുപോയി. പനാമയിൽ നിന്ന് കപ്പലിൽ കൊണ്ടു പോകുമെന്ന് അറിയിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. തുടർന്ന് രണ്ടു ദിവസം കാൽനടയാത്രയായിരുന്നു.

പർവതപാതയിലൂടെ നടന്നതിന് ശേഷം, ഹർവീന്ദർ സിങ്ങിനെയും മറ്റ് കുടിയേറ്റക്കാരെയും ഒരു ചെറിയ ബോട്ടിൽ ആഴക്കടലിലൂടെ മെക്സിക്കോ അതിർത്തിയിലേക്ക് അയച്ചു. നാലു മണിക്കൂർ നീണ്ട കടൽ യാത്രക്കിടെ ഇവർ സഞ്ചരിച്ച ബോട്ട് മറിയുകയും ഒപ്പമുണ്ടായിരുന്ന ഒരാളുടെ മരണത്തിന് സാക്ഷിയാകുകയും ചെയ്തു. പനാമ വനത്തിൽവച്ച് മറ്റൊരാളും മരിച്ചു. ഈ യാത്രക്കിടയിൽ പാകം ചെയ്യാൻ വളരെ കുറച്ച് അരിയാണ് കൈവശം ഉണ്ടായിരുന്നതന്നും ഹർവീന്ദർ സിങ് ഓർമിക്കുന്നു.

പഞ്ചാബിലെ ദാരാപൂർ ഗ്രാമവാസിയായ സുഖ്‌പാൽ സിങ്ങിനും സമാന പരീക്ഷണമാണ് കുടിയേറ്റ യാത്രയിൽ നേരിടേണ്ടി വന്നത്. 15 മണിക്കൂർ കടലിലൂടെയും ആഴമേറിയ താഴ്‌വരകളിലാൽ ചുറ്റപ്പെട്ട കുന്നുകൾക്കിടയിലൂടെ 45 കിലോമീറ്ററോളം കാൽനടയായും യാത്ര ചെയ്തെന്നാണ് സുഖ്‌പാൽ പറയുന്നത്.

യാത്രക്കിടെ ആർക്കെങ്കിലും പരിക്കേറ്റാൽ അവരെ മരണത്തിന് വിടുകയേ മാർഗമുണ്ടായിരുന്നുള്ളൂ. യാത്രക്കിടെ വഴിയിൽ നിരവധി മൃതദേഹങ്ങൾ കണ്ടിട്ടുണ്ട്. അതിർത്തി കടന്ന് അമേരിക്കയിലേക്ക് കടക്കുന്നതിന് തൊട്ടുമുമ്പ് മെക്സിക്കോയിൽ വച്ച് അറസ്റ്റ് ചെയ്തതിനാൽ യാത്ര വിജയം കണ്ടില്ല.

തന്നെയും ഒപ്പമുണ്ടായിരുന്നവരെയും 14 ദിവസം ഇരുണ്ട സെല്ലിൽ പാർപ്പിച്ചു. ആ ദിവസങ്ങളിൽ ഒരിക്കൽ പോലും സൂര്യനെ കണ്ടിട്ടില്ല. ആയിരക്കണക്കിന് പഞ്ചാബി ആൺകുട്ടികളും കുടുംബങ്ങളും കുട്ടികളും സമാന സാഹചര്യങ്ങളിൽ ദുരിതം അനുഭവിക്കുന്നുണ്ട്. തെറ്റായ മാർഗങ്ങളിലൂടെ വിദേശത്തേക്ക് പോകാൻ ശ്രമിക്കരുതെന്നും സുഖ്‌പാൽ സിങ് പറയുന്നു.

അനധികൃത കുടിയേറ്റത്തിന്‍റെ പേരിൽ 104 പേരെയാണ് യു.എസ് സൈനിക വിമാനത്തിൽ അമേരിക്കൻ അധികൃതർ ഇന്ത്യയിലെത്തിച്ചത്. 

Tags:    
News Summary - ‘Hours long walks, many bodys seen along the way, stay in a dark prison’; Migrants open up about shattered dreams

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.