അസം ഗോൾപാറ പൈക്കൻ റിസർവ് വനമേഖലയിലെ വീടുകൾ കയ്യേറ്റമാണെന്ന് ആരോപിച്ച് മണ്ണുമാന്തി യന്ത്രംകൊണ്ട് പൊളിച്ചുനീക്കുന്നു 

അസമിൽ 1080 വീടുകൾ കൂടി സർക്കാർ തകർത്തു; തെരുവിലേക്ക് വലിച്ചെറിയപ്പെട്ടവരിൽ ഏറെയും മുസ്‍ലിംകൾ

ഗുവാഹതി: അസമിലെ ഗോൽപാര ജില്ലയിൽ 1080 വീടുകൾ ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്ത് അധികൃതർ. പൈകാൻ റിസർവ് വനമേഖലയിൽ 140 ഹെക്ടർ മേഖലയിലെ വീടുകളാണ് തകർത്തത്. ബംഗാളി വംശജരായ മുസ്‍ലിംകളായിരുന്നു താമസക്കാരിലേറെയും. മേഖലയിൽ ആഴ്ചകൾക്കിടെ രണ്ടാമത്തെ കൂട്ടക്കുടിയിറക്കലാണിത്. ജൂൺ 16ന് ഗോൽപാര പട്ടണത്തിന് സമീപം ഹാസിലാബീലിൽ 690 കുടുംബങ്ങൾ താമസിച്ചുവന്ന വീടുകൾ സമാനമായി ബുൾഡോസറുകൾ ഉപയോഗിച്ച് തകർത്തിരുന്നു.

അസമിൽ ഒരു മാസത്തിനിടെ നാലു ജില്ലകളിലായി അഞ്ചു തവണയായി നടപ്പാക്കിയ ബുൾഡോസർ രാജിൽ 3500 കുടുംബങ്ങൾ ഭവനരഹിതരായിട്ടുണ്ട്. ശനിയാഴ്ച ഗോൽപാരയിൽ പൈകൻ റിസർവ് വനമേഖലയുടെ ഭാഗമായ സ്ഥലത്തെ 2,700 നിർമിതികൾ തകർത്തതായി ഡിവിഷനൽ വന ഓഫിസർ തേജസ് മാരിസ്വാമി പറഞ്ഞു.

എന്നാൽ, സ്ഥലം റിസർവ് വനമായി പ്രഖ്യാപിക്കുംമുമ്പ് ഇവിടെ താമസിച്ചുവരുന്നതാണെന്നും ഇത് റവന്യൂ വില്ലേജിന്റെ പരിധിയിലാണെന്നും കുടിയിറക്കപ്പെട്ടവർ പറയുന്നു. പൈകൻ സംരക്ഷിത വനമാക്കാൻ അസം സർക്കാർ 1959ൽ നിർദേശിച്ചിരുന്നു. 1982ലാണ് പ്രഖ്യാപനം വന്നത്. സംരക്ഷിത വനമായി പ്രഖ്യാപിച്ച സ്ഥലങ്ങളിലെ താമസക്കാരുടെ അവകാശങ്ങൾ വകവെച്ചുനൽകിയില്ലെന്ന് കാണിച്ച് 2022ൽ ഗോൽപാര അഭിഭാഷക സംഘടന സർക്കാറിനും വനം വകുപ്പിനും നിവേദനം നൽകിയിരുന്നു.

ഗോൽപാര ജില്ലയിൽ ബ്രഹ്മപുത്ര നദിക്കരയിലെ 472 ഗ്രാമങ്ങൾ 40 വർഷത്തിനിടെ മണ്ണൊലിപ്പ് മൂലം ഇല്ലാതായെന്നും ഇതുവഴി ഭവനരഹിതരായ ആയിരങ്ങളാണ് സംരക്ഷിത വനമേഖലയിൽ അഭയം തേടിയതെന്നും നിവേദനത്തിൽ പറയുന്നു.

ദിവസങ്ങൾക്കു മുന്നേ സ്ഥലത്ത് വൻതോതിൽ സുരക്ഷ സൈനികരെ വിന്യസിച്ചിരുന്നു. 1,000ത്തോളം പൊലീസുകാരുടെ സാന്നിധ്യത്തിൽ 40ഓളം ബുൾഡോസറുകൾ ഉപയോഗിച്ചാണ് വീടുകൾ തകർത്തത്.

കഴിഞ്ഞ ആഴ്ച ധുബ്രി ജില്ലയിൽ സമാനമായി 1,400ഓളം വീടുകൾ തകർത്തിരുന്നു. ഇവിടെ കുടിയൊഴിപ്പിക്കപ്പെട്ട ബംഗാളി വംശജരായ മുസ്‍ലിംകൾക്ക് ഭൂമി അനുവദിച്ച സർക്കാർ അരലക്ഷം രൂപയും ആശ്വാസധനമായി പ്രഖ്യാപിച്ചു. ജൂൺ 30ന് നൽബരി ജില്ലയിൽ 150 ഏക്കർ സംരക്ഷിത വനഭൂമി തിരിച്ചുപിടിക്കാനായി 93 ബംഗാളി വംശജരായ മുസ്‍ലിം കുടുംബങ്ങളുടെ വീടുകളും തകർക്കപ്പെട്ടു. ജൂലൈ മൂന്നിന് അപ്പർ അസമിലെ ലഖിംപൂരിൽ 220 കുടുംബങ്ങളാണ് കുടിയിറക്കപ്പെട്ടത്. നാലു ഭാഗങ്ങളായി 77 ഏക്കർ ഭൂമിയിലായിരുന്നു ഈ വീടുകൾ.

മൊത്തം 2016നും 2024 ആഗസ്റ്റിനുമിടയിൽ 10,620 കുടുംബങ്ങൾ കുടിയിറക്കപ്പെട്ടിട്ടുണ്ട്. സർക്കാർ രേഖകൾ പ്രകാരം ഇവരിൽ ഭൂരിപക്ഷവും മുസ്‍ലിം കുടുംബങ്ങളാണെന്ന് ഓൺലൈൻ മാധ്യമമായ ‘സ്ക്രോൾ’ റിപ്പോർട്ട് പറയുന്നു.


Tags:    
News Summary - Homes of 1,080 families, mostly Muslims, bulldozed in Assam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.