ചെന്നൈ: ജാതിശ്രേണിയെ ചോദ്യം ചെയ്യാനും ചെറുക്കാനും തലമുറകളായി ആളുകൾ പഠിച്ചിട്ടുള്ളിടത്ത് ഹിന്ദുത്വത്തിന് വേരൂന്നാൻ കഴിയില്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. നിയമസഭ തെരഞ്ഞെടുപ്പിൽ ഡി.എം.കെ നയിക്കുന്ന സഖ്യത്തിന് 200 സീറ്റുകളിലധികം നേടാൻ കഴിയുമെന്നും ബി.ജെ.പിക്ക് തമിഴ്നാട്ടിൽ ഭാവിയില്ലെന്നും ദി പ്രിന്റിന് നൽകിയ അഭിമുഖത്തിൽ ഡി.എം.കെ മേധാവി പറഞ്ഞു.
‘ദ്രാവിഡ മോഡൽ പതിപ്പ് 2.0’ എന്ന പേരിൽ അഞ്ച് വർഷത്തേക്ക് ശ്രദ്ധ കേന്ദ്രീകരിക്കേണ്ട പ്രധാന മേഖലകളെക്കുറിച്ചും സ്റ്റാലിൻ വിശദീകരിച്ചു. ഒരു സഖ്യം എന്ന നിലയിൽ 200 ലധികം സീറ്റുകൾ നേടുമെന്ന് ഉറപ്പുണ്ട്. ഞങ്ങളുടെ മുൻനിര ക്ഷേമ പദ്ധതികൾ എല്ലാ വീടുകളിലും എത്തിയിട്ടുണ്ട്. സാമ്പത്തിക റെക്കോർഡ് സമാനതകളില്ലാത്തതാണ്. വൻ വിജയത്തെക്കുറിച്ച് ഞങ്ങൾക്ക് അങ്ങേയറ്റം ആത്മവിശ്വാസമുണ്ട് -അദ്ദേഹം പറഞ്ഞു.
2021ലെ തെരഞ്ഞെടുപ്പിൽ 234ൽ 159 സീറ്റുകൾ ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യം നേടിയിരുന്നു. ഇതിൽ 133 സീറ്റുകൾ ഡി.എം.കെ നേടി കേവല ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുകയായിരുന്നു. 2026ൽ 164 സീറ്റുകളിലാണ് ഡി.എം.കെ സ്ഥാനാർഥികൾ മത്സരിക്കുക. 2021നെ അപേക്ഷിച്ച് ഒമ്പത് സീറ്റുകൾ കുറച്ചിരുന്നു. സഖ്യകക്ഷികൾക്ക് കൂടുതൽ സീറ്റുകൾ ഉറപ്പാക്കാൻ കഴിയുമെന്ന് സ്റ്റാലിൻ ഇതിനെക്കുറിച്ച് പ്രതികരിച്ചു. നിലവിലുള്ളതും പുതിയതുമായ സഖ്യകക്ഷികളെ ഉൾക്കൊള്ളുന്നത് ഡി.എം.കെയെ മാത്രമല്ല, മുഴുവൻ സഖ്യത്തെയും ശക്തിപ്പെടുത്തുന്നു. വോട്ടെണ്ണൽ ദിവസം അത് സമൃദ്ധമായ തെരഞ്ഞെടുപ്പ് നേട്ടങ്ങൾ കൊയ്യുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ദ്രാവിഡ മോഡൽ പതിപ്പ് 2.0 ഒരു മുദ്രാവാക്യമല്ല, ആദ്യ ദിവസം മുതൽ ഞങ്ങൾ നടപ്പിലാക്കാൻ തയ്യാറായ ഒരു വിശദമായ രൂപരേഖയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2026ലെ തെരഞ്ഞെടുപ്പിനെ തമിഴ്നാട് vs ഡൽഹി/എൻ.ഡി.എ എന്ന രീതിയിൽ നേരിട്ടതോടെ തമിഴ്നാട്ടിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന് സ്ഥാനമില്ലെന്നും സ്റ്റാലിൻ പറഞ്ഞു. ‘യുക്തിപരമായ ചിന്തയുടെയും സാമൂഹിക നീതിയുടെയും തന്തൈ പെരിയാറിന്റെയും നാടാണിത്. തലമുറകളായി ചോദ്യം ചെയ്യാനും ജാതി ശ്രേണിയെ ചെറുക്കാനും ആളുകളെ പഠിപ്പിച്ചിട്ടുള്ളിടത്ത് ഹിന്ദുത്വത്തിന് വേരൂന്നാൻ കഴിയില്ല. വർഗീയ വിസിൽ ഉപയോഗിക്കാൻ ബി.ജെ.പി നടത്തിയ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. അവർ പരാജയപ്പെടുന്നത് തുടരും. ഹിന്ദുത്വ രാഷ്ട്രീയത്തെ അതിന്റെ പൊതുജീവിതത്തെ നിർവചിക്കാൻ തമിഴ്‌നാട് ഒരിക്കലും അനുവദിക്കില്ല’ അദ്ദേഹം പറഞ്ഞു.
2023ൽ പാസാക്കിയ നിലവിലുള്ള ഭരണഘടനാ ഭേദഗതി പ്രകാരം, ഡി.എം.കെ ഉൾപ്പെടെയുള്ള എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും പിന്തുണയോടെ പാർലമെന്റിന്റെ നിലവിലുള്ള അംഗബലത്തിനുള്ളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർഥിക്കുന്നതായും സ്റ്റാലിൻ പറഞ്ഞു.
തമിഴ്‌നാട്ടിലെ പ്രധാന പ്രതിപക്ഷമായ എ.ഐ.എ.ഡി.എം.കെയെ സ്റ്റാലിൻ തള്ളിപ്പറഞ്ഞു. ‘പളനിസ്വാമി ബി.ജെ.പിക്ക് പൂർണ്ണമായും കീഴടങ്ങിയതിനാൽ ഇന്ന് എ.ഐ.എ.ഡി.എം.കെക്ക് പ്രത്യയശാസ്ത്രവും പ്രസക്തിയുമില്ല. എ.ഐ.എ.ഡി.എം.കെ തമിഴ്‌നാട്ടിൽ ബി.ജെ.പിയുടെ അടിമയായി മാറിയിരിക്കുന്നു. സംസ്ഥാന അവകാശങ്ങൾ ബലികഴിച്ച് ഡൽഹിയുടെ അജണ്ട മുന്നോട്ട് കൊണ്ടുപോകാൻ അതിന്റെ തെരഞ്ഞെടുപ്പ് ശൃംഖലയെ സഹായിക്കുന്നു. മുൻകാലങ്ങളിൽ ആ പാർട്ടി കെട്ടിപ്പടുത്ത എല്ലാ നേതാക്കൾക്കും ഇന്നത്തെ നേതൃത്വം അപമാനമാണ്. ബി.ജെ.പി എ.ഐ.എ.ഡി.എം.കെയെ ദുർബലപ്പെടുത്തുക മാത്രമല്ല, അവർ യഥാർഥത്തിൽ അതിനെ അപമാനിക്കുകയും ചെയ്തു’ അദ്ദേഹം പറഞ്ഞു. എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യത്തിന്റെ തെരഞ്ഞെടുപ്പിലെ പ്രകടനത്തെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു. എല്ലാ അവസരങ്ങളിലും തമിഴ്‌നാട്ടിലെ ജനങ്ങൾ ബി.ജെ.പിയെ സ്ഥിരമായി തള്ളിക്കളഞ്ഞിരുന്നു. ഡി.എം.കെ നേതൃത്വത്തിലുള്ള സഖ്യം 2019ൽ എ.ഐ.എ.ഡി.എം.കെ-ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തി. ഒരിക്കൽ കൂടി തമിഴ്‌നാട്ടിലെ ജനങ്ങൾ എ.ഐ.എ.ഡി.എം.കെ -ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തുമെന്നും സ്റ്റാലിൻ പറഞ്ഞു.
തമിഴ്‌നാട്ടിൽ ഉച്ചഭക്ഷണം, ആരോഗ്യ ഇൻഷുറൻസ്, സാമ്പത്തിക സഹായം, സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര എന്നിവ തൊഴിലാളികളുടെ ഗുണനിലവാരം, ഉൽപ്പാദനക്ഷമത, വളർച്ചാ സംഖ്യകൾ എന്നിവയിൽ നേരിട്ട് സംഭാവന നൽകിയിട്ടുണ്ടെന്നും ഭരണനേട്ടത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞു. മുൻഗാമികളായ സി.എൻ. അണ്ണാദുരൈയുടെയും പിതാവ് എം. കരുണാനിധിയുടെയും ഭരണ സ്വാധീനത്തെക്കുറിച്ചും സ്റ്റാലിൻ പരാമർശിച്ചു. ജനങ്ങളുടെ അടുത്തേക്ക് പോകാനും ജനങ്ങളെ സേവിക്കാനും ഞങ്ങളുടെ നേതാക്കൾ പഠിപ്പിച്ചു. ഞങ്ങളുടെ ദ്രാവിഡ മാതൃക നല്ലതും സുതാര്യവുമായ ഭരണത്തിന്റെ ഒരു ക്ലാസിക് മാതൃകയാണ്. ഞങ്ങളുടെ പദ്ധതികൾ ഇപ്പോൾ പല സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ കാര്യങ്ങളിൽ കേന്ദ്രത്തിന്റെ ഇടപെടലിനെയും സ്റ്റാലിൻ വിമർശിച്ചു. തമിഴ്നാട് മുൻ ഗവർണർ ആർ.എൻ. രവിയുമായുള്ള തർക്കങ്ങളെക്കുറിച്ചായിരുന്നു സ്റ്റാലിന്റെ പ്രതികരണം. ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ തെരഞ്ഞെടുക്കപ്പെട്ട പ്രതിപക്ഷ സർക്കാരുകളെ ദുർബലപ്പെടുത്തുന്നുവെന്നും ഗവർണറുടെ നടപടികൾ ഇതിനെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.