ന്യൂഡൽഹി: പശ്ചിമേഷ്യൻ പ്രതിസന്ധിയെ തുടർന്നുണ്ടായ സാമ്പത്തിക ആഘാതം മറികടക്കാൻ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികളും സർക്കാർ ഭൂമിയും വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ ഒരുങ്ങുന്നു. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതിയുടെ രണ്ടാം ഭാഗമായിയാവും പണം സമാഹരിക്കുക. അഞ്ച് വർഷം കൊണ്ട് 10 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്.
പശ്ചിമേഷ്യൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിപണി പിടിച്ചുനിർത്താൻ പ്രഖ്യാപിച്ച അടിയന്തര പാക്കേജുകൾ കേന്ദ്ര ഖജനാവിന് വൻ ബാധ്യതയാണ് വരുത്തിവെച്ചത്. ഈ പ്രതിസന്ധി പരിഹരിക്കാൻ വരുമാന വർദ്ധനവ് മാത്രമാണ് പോംവഴിയെന്ന വിലയിരുത്തലിലാണ് ആസ്തി വില്പന വേഗത്തിലാക്കുന്നത്. ഇതിനായി ഡിപ്പാർട്ട്‌മെന്റ് ഓഫ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് പബ്ലിക് അസറ്റ് മാനേജ്‌മെന്റ് , ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് എന്റർപ്രൈസസ് എന്നിവയുടെ ഉന്നതതല യോഗങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
അടുത്ത സാമ്പത്തിക വർഷം ഓഹരി വിറ്റഴിക്കലിലൂടെ മാത്രം 80,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. മുൻപ് നിക്ഷേപകരുടെ താല്പര്യക്കുറവ് മൂലവും തർക്കങ്ങൾ കാരണവും നിർത്തിവെച്ചിരുന്ന ഐ.ഡി.ബി.ഐ ബാങ്കിന്റെ വിൽപന നടപടികൾ സർക്കാർ പുനരാരംഭിച്ചേക്കുമെന്നാണ് സൂചന.
2026 മുതൽ 2030 വരെയുള്ള അഞ്ച് വർഷ കാലയളവിലാണ് 10 ലക്ഷം കോടി രൂപയുടെ സർക്കാർ ആസ്തികൾ പണമാക്കി മാറ്റുക. നാഷണൽ മോണിറ്റൈസേഷൻ പൈപ്പ്‌ലൈൻ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ലക്ഷ്യമിട്ടിരുന്ന 6 ലക്ഷം കോടി രൂപയുടെ 90 ശതമാനവും സമാഹരിക്കാൻ സർക്കാരിന് കഴിഞ്ഞിരുന്നു.
ഇതിനുപുറമെ, നാഷണൽ ലാൻഡ് മോണിറ്റൈസേഷൻ കോർപ്പറേഷൻ വഴി രാജ്യത്ത് ഉപയോഗശൂന്യമായി കിടക്കുന്ന സർക്കാർ ഭൂമിയും മറ്റ് തന്ത്രപ്രധാനമല്ലാത്ത ആസ്തികളും വിറ്റഴിക്കാനുള്ള നടപടികളും ഊർജ്ജിതമാക്കിയിട്ടുണ്ട്. ഡി.പി.ഇയുടെ കണക്കുകൾ പ്രകാരം നടപ്പ് സാമ്പത്തിക വർഷത്തിൽ മാത്രം ഏകദേശം 10,048 കോടി രൂപ വിലമതിക്കുന്ന ആസ്തികൾ വിൽക്കുന്നതിനുള്ള അനുമതികൾ സർക്കാർ നൽകിക്കഴിഞ്ഞു.
അടുത്തിടെ വിപണിയിലെ അസ്ഥിരത ഒഴിവാക്കാൻ സർക്കാർ പ്രഖ്യാപിച്ച വൻകിട സാമ്പത്തിക പദ്ധതികളാണ് കേന്ദ്രത്തിന് പെട്ടെന്ന് സാമ്പത്തിക ബാധ്യതയുണ്ടാക്കിയത്.
സാമ്പത്തിക സ്ഥിരത ഉറപ്പാക്കാൻ രൂപീകരിച്ച ഒരു ലക്ഷം കോടി രൂപയുടെ ഇക്കണോമിക് സ്റ്റെബിലൈസേഷൻ ഫണ്ട് കടുത്ത സാമ്പത്തിക ബാധ്യതയാണ് സർക്കാരിന് ഉണ്ടാക്കിയത്. ഇതിൻ നിന്നാണ് 10,000 കോടി രൂപ വിമാന ഇന്ധന വില വർദ്ധനവ് തടയാൻ എണ്ണക്കമ്പനികൾക്കായി സർക്കാർ നൽകിയത്. എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്കീമിലൂടെ പ്രതിസന്ധിയിലായ വ്യോമയാന മേഖലയെയും ചെറുകിട-ഇടത്തരം സംരംഭങ്ങളെയും സഹായിക്കുന്നതിനായി 18,000 കോടി രൂപയുടെ പുതിയ വായ്പാ സഹായ പദ്ധതിയും സർക്കാർ പ്രഖ്യാപിച്ചിരുന്നു.
യുദ്ധസാഹചര്യം സൃഷ്ടിച്ച ആഗോള പ്രതിസന്ധി ആഭ്യന്തര വിപണിയെ ബാധിക്കാതിരിക്കാൻ പണം വകമാറ്റിയതാണ് ഇപ്പോൾ പൊതുമേഖലാ സ്ഥാപനങ്ങളുടെയും ഭൂമിയുടെയും കൂട്ടത്തോടെയുള്ള വിൽപനയിലേക്ക് കേന്ദ്ര സർക്കാരിനെ നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.