ഡൽഹി ബാബർ റോഡിന്റെ പേര് അയോധ്യ മാർഗെന്നാക്കി ഹിന്ദുസേന

ന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങുകൾക്ക് രണ്ട് ദിവസം മാത്രം ശേഷിക്കെ ഡൽഹി ബാബർ റോഡിന്റെ പേരുമാറ്റി ഹിന്ദുസേന. സൈൻ ബോർഡിലാണ് ഹിന്ദുസേന പ്രവർത്തകർ മാറ്റം വരുത്തിയിരിക്കുന്നത്. ബാബർ റോഡ് എന്നിടത്ത് അയോധ്യമാർഗ് എന്ന സ്റ്റി​ക്കറൊട്ടിച്ചാണ് ഹിന്ദുസേനയുടെ പേരുമാറ്റം.

ബാബർ റോഡിന്റെ പേരുമാറ്റണമെന്ന് ദീർഘകാലമായി ഹിന്ദുസേന ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച് ഡൽഹി മുൻസിപ്പൽ കോർപ്പറേഷന് കത്തയക്കുകയും ചെയ്തിരുന്നു. ശ്രീരാമനേയും വാൽമീകിയേയും പോലുള്ള മഹത്തായ ആളുകൾ ജനിച്ച സ്ഥലമാണ് ഇന്ത്യ. രാജ്യത്ത് ഇനി ബാബറിന്റെ പേരിലുള്ള റോഡിന്റെ ആവശ്യമില്ലെന്ന് ഹിന്ദുസേന പ്രവർത്തകർ പറഞ്ഞു.

അതേസമയം, രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാചടങ്ങ് തിങ്കളാഴ്ച നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റേയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടക്കുക. രാഷ്ട്രീയനേട്ടങ്ങൾക്കായി ബി.ജെ.പി നടത്തുന്ന പ്രതിഷ്ഠാദിന ചടങ്ങിൽ നിന്നും വിട്ടുനിൽക്കുമെന്ന് കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ അറിയിച്ചിരുന്നു.

രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കുന്ന ജനുവരി 22ന് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുമേഖല ബാങ്കുകൾ, ഇൻഷൂറൻസ് കമ്പനികൾ, ധനകാര്യ സ്ഥാപനങ്ങൾ, റൂറൽ ബാങ്കുകൾ എന്നിവയെല്ലാം ജനുവരി 22ന് ഉച്ചവരെ പ്രവർത്തിക്കില്ലെന്ന് ധനകാര്യമന്ത്രാലയം ജനുവരി 18ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നു.

മഹാരാഷ്ട്ര സർക്കാറും ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. റിസർവ് ബാങ്കും ജനുവരി 22ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ സെക്യൂരിറ്റികളുടെ ഇടപാട്, മണി മാർക്കറ്റുകൾ എന്നിവ ജനുവരി 22ന് പ്രവർത്തിക്കില്ലെന്നും ആർ.ബി.ഐ അറിയിച്ചു. ജനുവരി 22ന് ഓഹരി ഇടപാടുകൾ നടക്കില്ലെന്ന് ​നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും അറിയിച്ചു. മഹാരാഷ്ട്രക്ക് പുറമേ മറ്റ് നിരവധി സംസ്ഥാനങ്ങളും രാമക്ഷേത്ര പ്രതിഷ്ഠാദിന ചടങ്ങ് നടക്കുന്ന ദിവസം അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    
News Summary - Hindu Sena Activists Change Name of Babar Road in Delhi, Paste Stickers of 'Ayodhya Marg'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.