ദേശീയ ഐക്യത്തിന് ഹിന്ദി അനിവാര്യം -കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

ദേശീയതലത്തിൽ നമ്മുടെ കാര്യങ്ങളിൽ ഹിന്ദി ഉപയോഗം അത്യന്താപേക്ഷിതമാണെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. ഹിന്ദി ദിവസ് പ്രമാണിച്ച് സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് അഭിപ്രായപ്രകടനം. "അനേകം ഭാഷാഭേദങ്ങൾ ഉൾക്കൊള്ളുന്ന ഹിന്ദി ഭാഷക്ക് ഇന്ത്യയെ ഐക്യത്തിന്റെ നൂലിൽ ബന്ധിപ്പിക്കുന്നതിൽ ഒരു പ്രത്യേക സ്ഥാനമുണ്ട്. ഇന്നും ലോകത്തെ പല ഭാഷകളിലും ഹിന്ദി വാക്കുകൾ ഉപയോഗിക്കുന്നുണ്ട്. ഹിന്ദി ദിവസിൽ എല്ലാവർക്കും ആശംസകൾ. നമ്മുടെ മാതൃഭാഷക്കൊപ്പം ഹിന്ദിയുടെ ഉന്നമനത്തിൽ പങ്കാളികളാകുമെന്ന് നമുക്ക് പ്രതിജ്ഞയെടുക്കാം" -മന്ത്രി ട്വീറ്റിൽ പറഞ്ഞു.

ഭരണകക്ഷിയായ ബി.ജെ.പി ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കുന്നതിനെ പല സംസ്ഥാനങ്ങളും ശക്തമായി എതിർക്കുന്ന സമയത്താണ് ഇത്. ഹിന്ദിയിലും മന്ത്രി തന്റെ കുറിപ്പിൽ പറഞ്ഞു: "ഹിന്ദി ഭാഷയുടെ പശ്ചാത്തലത്തിൽ, രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതക്കും ദേശീയ പ്രയോഗത്തിൽ ഹിന്ദിയുടെ ഉപയോഗം തികച്ചും അനിവാര്യമാണെന്ന് നമ്മുടെ ഭരണഘടനാ നിർമ്മാതാക്കൾക്ക് വ്യക്തമായ അഭിപ്രായമുണ്ടായിരുന്നു. അതിന്റെ വിശാലതയും ഉദാരതയും കാരണം, ഹിന്ദി നമ്മുടെ രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിന്റെ പൂരകമാണ്.

"രാജ്യത്തെ മുഴുവൻ ബന്ധിപ്പിക്കുന്ന ഭാഷയായതിനാൽ, മുഴുവൻ രാജ്യത്തെയും ഒന്നിപ്പിക്കുന്നതിൽ ഹിന്ദി അതിന്റെ പ്രധാന പങ്ക് നിർവഹിക്കുന്നു. ഔദ്യോഗിക ജോലികളിൽ യൂനിയൻ ഓഫ് ഇന്ത്യയുടെ ദേശീയ ഭാഷാ നയം പാലിക്കുന്നത് ഓരോ സർക്കാർ ഉദ്യോഗസ്ഥന്റെയും ജീവനക്കാരന്റെയും ഭരണഘടനാപരമായ കടമയാണ്" -അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Hindi extremely crucial for national unity: Union minister Dharmendra Pradhan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.