കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി വൻ വിജയം നേടിയിട്ടും മുഖ്യമന്ത്രി പദം ഒഴിയാൻ വിസമ്മതിക്കുന്ന മമത ബാനർജിയുടെ നിലപാടിനെതിരെ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
മമത രാജിവെച്ചില്ലെങ്കിൽ അവരെ പുറത്താക്കും. രാജ്യം പ്രവർത്തിക്കുന്നത് അവരുടെ ഇഷ്ടത്തിനനുസരിച്ചല്ല. ഗവർണർ നിശ്ചിത സമയം വരെ കാത്തിരിക്കും, അതിനുശേഷവും തീരുമാനമുണ്ടായില്ലെങ്കിൽ പിരിച്ചുവിടൽ നടപടികളിലേക്ക് കടക്കും. ഇത് വളരെ ലളിതമായ കാര്യമാണ്- ശർമ്മ പറഞ്ഞു. നിരവധി വീഴ്ചകളും അഴിമതി ആരോപണങ്ങളും ഉണ്ടായിട്ടും ബംഗാൾ ജനത മമതയെ ദീർഘകാലം സഹിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തെരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്ര സർക്കാരും ചേർന്ന് വോട്ട് മോഷണം നടത്തിയെന്ന തൃണമൂൽ കോൺഗ്രസിന്റെ ആരോപണത്തെയും അദ്ദേഹം തള്ളിക. വോട്ടർ പട്ടിക പരിഷ്കരണത്തിന് പിന്നിൽ സുപ്രീം കോടതിയുടെ നിർദ്ദേശമുണ്ടായിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു കഴിഞ്ഞു.100 സീറ്റുകൾ തട്ടിയെടുത്തുവെന്ന് മമത ആരോപിക്കുമ്പോൾ, കോൺഗ്രസ് ജയിച്ച 19 സീറ്റുകൾ എന്റെ പക്കൽ നിന്ന് തട്ടിയെടുത്തതാണെന്ന് എനിക്കും പറയാം. എന്നാൽ രാജ്യം അങ്ങനെയല്ല പ്രവർത്തിക്കുന്നത്. തട്ടിയെടുത്തു എന്ന് പറയുന്ന വോട്ടുകൾ തിരികെ നൽകിയാൽ മമത ജയിക്കുമോ? ഈ ആരോപണങ്ങൾക്ക് എന്ത് തെളിവാണ് ഉള്ളത്? - ഹിമന്ത ബിശ്വ ശർമ്മ ചോദിച്ചു.
അതേസമയം, തുടർച്ചയായി മൂന്ന് തവണ അധികാരത്തിലിരുന്ന ശേഷം ഇത്തവണ ബി.ജെ.പിയോട് തോൽവി വഴങ്ങിയെങ്കിലും രാജി സമർപ്പിക്കാൻ മമത തയ്യാറായിട്ടില്ല. ടി.എം.സിയാണ് ജയിച്ചതെന്നും ബി.ജെ.പി ജനവിധി കൊള്ളയടിച്ചതാണെന്നുമാണ് മമതയുടെ ആരോപണം.
കേന്ദ്ര സർക്കാറും തെരഞ്ഞെടുപ്പ് കമീഷനും തീർത്ത എസ്.ഐ.ആർ പ്രതിബന്ധങ്ങളെ അതിജീവിച്ച് നാലാമൂഴത്തിനായി പോരാടിയ മുഖ്യമന്ത്രി മമത ബാനർജി ബംഗാളിൽ ദയനീയമായാണ് തോറ്റത്.
294ൽ തെരഞ്ഞെടുപ്പ് നടന്ന 293 മണ്ഡലങ്ങളിൽ തൃണമൂൽ വിജയം 80ലൊതുങ്ങി. ഭവാനിപൂരിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി സുവേന്ദു അധികാരിയോട് 15105 വോട്ടിന് മമത ബാനർജി പരാജയപ്പെട്ടു. കഴിഞ്ഞതവണ 215 സീറ്റായിരുന്നു തൃണമൂലിന്. 77 സീറ്റുണ്ടായിരുന്ന ബി.ജെ.പി 207 സീറ്റോടെ ഭരണം ഉറപ്പിക്കുകയും ചെയ്തു. കോൺഗ്രസ് രണ്ടും സി.പി.എം ഒരു സീറ്റും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.