ഷിംല: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഹിമാചൽ പ്രദേശിൽ പെട്രോൾ, ഡീസൽ വിൽപ്പനക്ക് ‘അനാഥ, വിധവ സെസ്’ ഏർപ്പെടുത്തി സർക്കാർ. പെട്രോളിനും ഹൈസ്പീഡ് ഡീസലിനും ലിറ്ററിന് 60 പൈസയാണ് സെസ് ചുമത്തിയിരിക്കുന്നത്. അനാഥർക്കും വിധവകൾക്കുമുള്ള ക്ഷേമപദ്ധതികൾക്കായി പ്രത്യേക ഫണ്ട് കണ്ടെത്തുകയാണ് ലക്ഷ്യം.
സംസ്ഥാന നികുതി-എക്സൈസ് വകുപ്പ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. എണ്ണക്കമ്പനികൾ ഡീലർമാർക്ക് ഇന്ധനം വിൽക്കുന്ന ഘട്ടത്തിലാണ് സെസ് ഈടാക്കുക. നിലവിലെ സെസ് 60 പൈസയാണെങ്കിലും ഭാവിയിൽ ഇത് ലിറ്ററിന് അഞ്ച് രൂപ വരെ ഉയർത്താൻ സർക്കാരിന് നിയമപരമായ അധികാരമുണ്ട്. 2026 മാർച്ചിൽ മുഖ്യമന്ത്രി സുഖ്‌വീന്ദർ സിങ്ങിന്റെ നേതൃത്വത്തിലുള്ള ഹിമാചൽ സർക്കാർ പാസാക്കിയ വാറ്റ് ഭേദഗതി ബില്ലിലാണ് പരമാവധി അഞ്ച് രൂപ വരെ സെസ് ചുമത്താനുള്ള വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നത്.
അനാഥരും വിധവകളും ഉൾപ്പെടെയുള്ള ദുര്‍ബല വിഭാഗങ്ങൾക്കായി സംസ്ഥാനത്ത് വിവിധ ക്ഷേമപദ്ധതികൾ നിലവിലുണ്ട്. എന്നാൽ ഇത്തരം പദ്ധതികൾക്ക് സ്ഥിരമായ പ്രത്യേക വരുമാനമാർഗം ഇല്ലാത്ത സാഹചര്യത്തിലാണ് പുതിയ സെസ് ഏർപ്പെടുത്തുന്നതെന്നാണ് സർക്കാരിന്റെ വിശദീകരണം. സെസിലൂടെ ലഭിക്കുന്ന തുക പ്രത്യേക ക്ഷേമഫണ്ടിലേക്ക് മാറ്റും.
അതേസമയം, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇന്ധനത്തിന് അധിക നികുതി ചുമത്തുന്നത് ജനങ്ങൾക്ക് അധികഭാരം സൃഷ്ടിക്കുമെന്ന വിമർശനവും ഉയർന്നു. ഇന്ധനവില ഉയരുന്നത് ഗതാഗതച്ചെലവിലും അതുവഴി മറ്റ് സാധനങ്ങളുടെ വിലയിലും പ്രതിഫലിക്കാനുള്ള സാധ്യതയും പ്രതിപക്ഷം ചൂണ്ടിക്കാട്ടി.
ഹിമാചലിൽ ഡീസലിന്റെ വാറ്റ് ഇതിനകം രണ്ടുതവണ വർധിപ്പിച്ചു. ആദ്യം മൂന്ന് രൂപ, പിന്നീട് വീണ്ടും മൂന്ന് രൂപ. പുതിയ സെസ് കൂടി ചേർത്താൽ ഡീസലിന് 15.40 രൂപ വർധിച്ചുവെന്ന് ബി.ജെ.പി എം.പി അനുരാഗ് താക്കൂർ പറഞ്ഞു. വാറ്റ് നികുതിയും സെസും കൂട്ടിച്ചേർത്ത് സംസ്ഥാനത്തിന് പ്രതിവർഷം 1,000 കോടിയിലധികം വരുമാനം ലഭിക്കും. വ്യാപാരികൾ, ഡ്രൈവർമാർ, കർഷകർ, യാത്രക്കാർ തുടങ്ങി സാധാരണക്കാരുടെ പോക്കറ്റുകളിൽ ഇത് നേരിട്ടുള്ള ആഘാതമാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.