ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ രാജിവെച്ചു

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ കോർപ്പറേറ്റ് ഗ്രൂപ്പും ടാറ്റ കമ്പനികളുടെ പ്രധാന പ്രമോട്ടറുമായ ടാറ്റ സൺസ് ചെയർമാൻ രാജി വെച്ചതായി റിപ്പോർട്ട്. കമ്പനിയിലെ ഭരണപരമായ തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് രാജി. എന്നാൽ 2027 ഫെബ്രുവരിയിൽ കാലാവധി പൂർത്തിയാകും വരെ അദ്ദേഹം പദവിയിൽ തുടരും. പുനർനിയമനം ആഗ്രഹിക്കുന്നില്ലെന്നും തന്റെ നിലവിലെ കാലാവധിയുടെ ബാക്കി കാലയളവിൽ മാത്രം സേവനമനുഷ്ഠിക്കുമെന്നും ബോർഡിന് സമർപ്പിച്ച കത്തിൽ അദ്ദേഹം വ്യക്തമാക്കിയതായാണ് വിവരം.

ഇതോടെ ടാറ്റ സൺസ് ചെയർമാനായി അദ്ദേഹം വീണ്ടും നിയമിതനാകാനുള്ള സാധ്യത പൂർണ്ണമായും ഇല്ലാതായി. ടാറ്റ സൺസിന്റെ 'ആർട്ടിക്കിൾസ് ഓഫ് അസോസിയേഷൻ' പ്രകാരം റൊട്ടേഷൻ അടിസ്ഥാനത്തിൽ അദ്ദേഹം ഡയറക്ടർ സ്ഥാനത്തുനിന്ന് വിരമിക്കേണ്ടതുണ്ട്. ബോർഡ് പുനഃസംഘടനയിലെ നിയമപരമായ സങ്കീർണ്ണതകളും പുനർനിയമനത്തെക്കുറിച്ചുള്ള അനിശ്ചിതത്വവും ഒഴിവാക്കുന്നതിനായി, വാർഷിക പൊതുയോഗത്തിന് മുമ്പ് ടാറ്റ സൺസിന്റെ അധ്യക്ഷ സ്ഥാനത്തുനിന്ന് എൻ. ചന്ദ്രശേഖരൻ ഒഴിഞ്ഞേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഓഗസ്റ്റ് 18-നാണ് കമ്പനിയുടെ വാർഷിക പൊതുയോഗം നടക്കുന്നത്. വാർഷിക പൊതുയോഗത്തിൽ ഡയറക്ടറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടാൽ മാത്രമേ അദ്ദേഹത്തിന് ചെയർമാനായി തുടരാൻ സാധിക്കുകയുള്ളൂ. എന്നാൽ അദ്ദേഹം പുനർനിയമനം ആവശ്യപ്പെട്ടിട്ടില്ല.

എയർ ഇന്ത്യ, ടാറ്റ മോട്ടോഴ്സ്, ടാറ്റ കൺസൾട്ടൻസി സർവീസസ് തുടങ്ങി 30-ലധികം കമ്പനികളെ നിയന്ത്രിക്കുന്ന ടാറ്റ ഗ്രൂപ്പിന്റെ പ്രധാന നിക്ഷേപ ഹോൾഡിങ് കമ്പനിയാണ് ടാറ്റ സൺസ്. ഇതിന്റെ 66 ശതമാനം ഓഹരികളും ടാറ്റ ട്രസ്റ്റിന്റെ കൈവശമാണ്.കഴിഞ്ഞ വർഷം ജൂലൈയിൽ, ചന്ദ്രശേഖരന്റെ കാലാവധി നീട്ടുന്നതിനായി ടാറ്റ സൺസ് ചില നിബന്ധനകൾ മുന്നോട്ടുവെച്ചിരുന്നു. കമ്പനി അൺലിസ്റ്റഡ് ആയി തുടരണമെന്നും, എസ്.പി (SP) ഗ്രൂപ്പിന്റെ ഓഹരി നിക്ഷേപവുമായി ബന്ധപ്പെട്ട വിഷയത്തിൽ ലിക്വിഡിറ്റി ഉറപ്പാക്കിക്കൊണ്ടുള്ള ഒരു പരിഹാരം കണ്ടെത്തണമെന്നുമായിരുന്നു പ്രധാന നിബന്ധനകൾ.

അതേസമയം ടാറ്റ ഗ്രൂപ്പിന്റെ വിരമിക്കൽ പ്രായമായ 65 വയസ്സ് ചൂണ്ടിക്കാട്ടി, ചന്ദ്രശേഖരന് അഞ്ചു വർഷത്തെ പൂർണമായ കാലാവധി നൽകുന്നതിന് പകരം രണ്ടു വർഷത്തെ എക്സിക്യൂട്ടീവ് കാലാവധി മാത്രം നൽകണമെന്നായിരുന്നു ടാറ്റ ട്രസ്റ്റ്സ് ചെയർമാൻ നോയൽ ടാറ്റയുടെ നിലപാട്. കൂടാതെ, ഗ്രൂപ്പിന്റെ പുതിയ ബിസിനസ് സംരംഭങ്ങളുടെ പ്രവർത്തനമികവിനെക്കുറിച്ചും ട്രസ്റ്റിൽ ആശങ്കകൾ ഉയർന്നിട്ടുണ്ട്.

മുതിർന്ന വ്യവസായി രത്തൻ ടാറ്റയുടെ വിയോഗത്തിനുശേഷം ടാറ്റ ഗ്രൂപ്പിന്റെ കോർപ്പറേറ്റ് ഭരണത്തിൽ ഉടലെടുത്ത അഭിപ്രായവ്യത്യാസങ്ങളാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾക്ക് പിന്നിലെന്നാണ് റിപ്പോർട്ട്. മുൻപ് ഐക്യകണ്ഠേന ചന്ദ്രശേഖരനെ പിന്തുണച്ചിരുന്ന ട്രസ്റ്റികൾക്കിടയിലുണ്ടായ അഭിപ്രായവ്യത്യാസം കമ്പനിയുമായി ബന്ധപ്പെട്ട് വിവിധ തരത്തിലുള്ള ആശങ്കകൾക്ക് ഇടയാക്കുന്നുണ്ട്. ചന്ദ്രശേഖരന്റെ രാജി വാർത്തക്ക് പിന്നാലെ ഓഹരി വിപണിയിൽ ടി.സി.എസിന്റെ (TCS) ഓഹരി വിലയിൽ അഞ്ച് ശതമാനത്തോളം ഇടിവ് രേഖപ്പെടുത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.