ബലാത്സംഗക്കേസിൽ ജയിലിൽ കഴിയുന്ന മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ കൈയിൽ മൊബൈൽ ഫോൺ; ‘വി.ഐ.പി പരിഗണന’ വീണ്ടും ചർച്ചയിൽ

ബംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ ജനതാദൾ എം.പി പ്രജ്വൽ രേവണ്ണ ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതായി റിപ്പോർട്ട്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ നടത്തിയ അപ്രതീക്ഷിത പരിശോധനക്കിടെയാണ് ഫോൺ കണ്ടെത്തിയത്.

സംഭവത്തിൽ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോൺ ജയിലിനുള്ളിൽ എങ്ങനെ എത്തിയെന്നും പ്രജ്വൽ രേവണ്ണക്ക് അത് എങ്ങനെ ലഭിച്ചുവെന്നുമാണ് പരിശോധിക്കുന്നത്. ജയിലിലെ സുരക്ഷാ സംവിധാനങ്ങളിൽ വീഴ്ച സംഭവിച്ചോ എന്നതും അന്വേഷണത്തിന്റെ ഭാഗമാണ്.

മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ അനന്തരവനുമായ പ്രജ്വൽ രേവണ്ണയെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങൾക്ക് കഴിഞ്ഞ വർഷമാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ലൈംഗിക പീഡനത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിച്ച കേസിലും അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു.

രേവണ്ണ കുടുംബത്തിന്റെ ഫാംഹൗസിലെ വീട്ടുജോലിക്കാരിയാണ് പരാതി നൽകിയത്. 2021 മുതൽ പലതവണ ബലാത്സംഗം ചെയ്തതായും പീഡനത്തിന്റെ ദൃശ്യങ്ങൾ പകർത്തി പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ ആരോപിച്ചിരുന്നു.

ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് കടന്നിരുന്നു. ജനതാദൾ സസ്പെൻഡ് ചെയ്ത അദ്ദേഹം 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ജർമനിയിൽ നിന്ന് തിരിച്ചെത്തിയതിന് പിന്നാലെയാണ് അറസ്റ്റിലായത്.

ജയിലിനുള്ളിൽ പ്രജ്വൽ രേവണ്ണക്ക് പ്രത്യേക പരിഗണന ലഭിച്ചിരുന്നോ എന്ന ചോദ്യവും ഇതോടെ ഉയരുകയാണ്. ബംഗളൂരുവിലെ സെൻട്രൽ ജയിലിൽ സ്വാധീനമുള്ള തടവുകാർക്ക് പ്രത്യേക സൗകര്യങ്ങൾ ലഭിക്കുന്നുവെന്ന ആരോപണം നേരത്തെയും ഉയർന്നിട്ടുണ്ട്.

2024 ൽ കന്നഡ നടൻ ദർശൻ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ ജയിലിനുള്ളിൽ പാർട്ടി നടത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ജയിലിലെ പുൽത്തകിടിയിൽ മറ്റ് ചിലർക്കൊപ്പം ഇരുന്ന് സിഗരറ്റ് വലിക്കുന്ന ദർശന്റെ ചിത്രവും മൊബൈൽ ഫോണിൽ സംസാരിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. വിവാദത്തിന് പിന്നാലെ നിരവധി ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ദർശനെ ബെല്ലാരി സെൻട്രൽ ജയിലിലേക്ക് മാറ്റുകയും ചെയ്തു. ജയിലിനുള്ളിലെ പ്രത്യേക സൗകര്യങ്ങൾക്കെതിരെയും അധികൃതർ കർശന നടപടി സ്വീകരിച്ചിരുന്നു.

ജയിലുകളിൽ വ്യക്തിഗത മൊബൈൽ ഫോണുകൾ, സിം കാർഡുകൾ, മറ്റ് ഇലക്ട്രോണിക് ആശയവിനിമയ ഉപകരണങ്ങൾ എന്നിവ അനുവദനീയമല്ല. തടവുകാർക്ക് അനുമതിയുള്ള ആശയവിനിമയം കർശനമായി നിരീക്ഷിക്കുന്ന ലാൻഡ്‌ലൈൻ ഫോണുകൾ, പബ്ലിക് കോൾ ഓഫീസുകൾ, അല്ലെങ്കിൽ നിശ്ചിത വീഡിയോ കോളിങ് സംവിധാനങ്ങൾ വഴിയാണ് നടത്തുന്നത്.

പ്രജ്വൽ രേവണ്ണയുടെ കൈയിൽ മൊബൈൽ ഫോൺ കണ്ടെത്തിയ സംഭവം ജയിലിലെ സുരക്ഷാ സംവിധാനങ്ങളെയും തടവുകാർക്ക് ലഭിക്കുന്ന സൗകര്യങ്ങളും വീണ്ടും വിവാദമാകുകയാണ്. ഫോൺ ജയിലിനുള്ളിലേക്ക് എത്തിയത് എങ്ങനെയെന്നും സുരക്ഷാ സംവിധാനങ്ങളെ മറികടന്ന് ഉപയോഗിക്കാൻ അവസരം ലഭിച്ചത് എങ്ങനെയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.

Tags:    
News Summary - പ്രജ്വൽ രേവണ്ണ ജയിൽ ഫോൺ വിവാദം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.