അനിൽ ഝാ, രേഖ ഗുപ്ത

അടിവസ്ത്രം മാത്രം ധരിച്ച് എം.എൽ.എ പൊതുയിടത്തിൽ; വിഡിയോ വൈറലായതോടെ വിവാദം

ന്യൂഡൽഹി: സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് മുന്നിൽ മാന്യമല്ലാത്ത വസ്ത്രധാരണത്തോടെ ഇരുന്ന് ഔദ്യോഗിക രേഖകളിൽ ഒപ്പുവെക്കുന്ന വിഡിയോ വൈറലായതിന് പിന്നാലെ ആം ആദ്മി പാർട്ടി (എ.എ.പി) എം.എൽ.എ അനിൽ ഝാക്കെതിരെ കടുത്ത വിമർശനവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. ജനങ്ങൾക്ക് മുന്നിൽ ബനിയനും ഷോർട്സും മാത്രം ധരിച്ച് ഇരുന്ന് ഔദ്യോഗിക രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ അനിൽ ഝായുടെ വിഡിയോ പുറത്തുവന്നതോടെയാണ് സംഭവം രാഷ്ട്രീയ പോരിലേക്ക് വഴിമാറിയത്. സാമ്പത്തിക സഹായ പദ്ധതിയുടെ അപേക്ഷ നൽകാനായി സ്ത്രീകൾ ഉൾപ്പെടെയുള്ള ജനങ്ങൾ മുന്നിൽ ക്യൂ നിൽക്കുമ്പോഴായിരുന്നു എം.എൽ.എയുടെ ഇത്തരം പെരുമാറ്റം.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിൽ, ബനിയനും ഷോർട്സും മാത്രം ധരിച്ച് മടിയിൽ ഒരു കാവി തുണിയിട്ട് കസേരയിൽ ഇരിക്കുന്ന നിലയിലാണ് ഇദ്ദേഹമുള്ളത്. ഡൽഹി സർക്കാരിന്റെ 'ഡൽഹി ലക്ഷ്മി യോജന' പദ്ധതിയുടെ സാമ്പത്തിക സഹായ അപേക്ഷാ ഫോമുകളിൽ ഒപ്പുവെച്ചു നൽകുന്ന സമയത്താണ് ഈ ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടത്. നിരവധി സ്ത്രീകളും മുതിർന്നവരും ഉൾപ്പെടെയുള്ള വോട്ടർമാർ രേഖകൾ ഒപ്പുവെച്ച് വാങ്ങാനായി എം.എൽ.എയുടെ മുന്നിൽ ക്യൂ നിൽക്കുന്നതും വിഡിയോയിൽ ദൃശ്യമാണ്.

ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, വിഷയം നിയമസഭയിൽ ഉന്നയിച്ച് എം.എൽ.എക്കെതിരെ രൂക്ഷവിമർശനവുമായി ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത രംഗത്തെത്തി. പൊതുപ്രവർത്തകർ വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും മാന്യത പുലർത്തണമെന്ന് ചൂണ്ടിക്കാട്ടിയ മന്ത്രി, സ്ത്രീകളായ വോട്ടർമാർ മുന്നിൽ നിൽക്കുമ്പോഴുള്ള എം.എൽ.എയുടെ ഇത്തരം പെരുമാറ്റം തികച്ചും നാണംകെട്ടതാണെന്നും കുറ്റപ്പെടുത്തി.

ഡൽഹി നിയമസഭയുടെ മൺസൂൺ സമ്മേളനത്തിനിടെയാണ് മുഖ്യമന്ത്രി രേഖ ഗുപ്ത ഈ വിഷയം സഭയിൽ ഉന്നയിച്ചത്. ‘നിങ്ങളുടെ പെരുമാറ്റം തികച്ചും അപലപനീയവും അപമാനകരവുമാണ്. അപേക്ഷകളിൽ ഒപ്പുവെക്കാനായി സ്ത്രീകൾ നിങ്ങളുടെ അടുത്തേക്ക് വരുമ്പോഴെങ്കിലും മാന്യമായി വസ്ത്രം ധരിക്കാൻ തയാറാകണം. ഇത്തരം സാഹചര്യങ്ങളിൽ ഓഫീസിന് മുന്നിലെ ബോർഡ് എടുത്തുമാറ്റാൻ അവരോട് പറയൂ. ഡൽഹിയിലെ ജനങ്ങൾ നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കുകയാണ്. ഒരു ജനപ്രതിനിധി പെരുമാറേണ്ട രീതി ഇതല്ല’ എന്ന് മുഖ്യമന്ത്രി തുറന്നടിച്ചു.

പൊതുജീവിതത്തിൽ സ്ത്രീകളുടെ ആത്മാഭിമാനവും ബഹുമാനവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അനാദരവോടെയുള്ള പെരുമാറ്റങ്ങൾ ജനാധിപത്യ മൂല്യങ്ങൾക്ക് ചേർന്നതല്ലെന്നും ബി.ജെ.പി നേതാവു കൂടിയായ രേഖ ഗുപ്ത കൂട്ടിച്ചേർത്തു. സഭക്കുള്ളിൽ എം.എൽ.എ അശ്ലീല ആംഗ്യങ്ങൾ കാണിച്ചതായും അവർ ആരോപിച്ചു.

നിയമസഭയുടെ മാന്യത തകർക്കുന്ന ഇത്തരം പെരുമാറ്റങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്നും, ഇയാൾക്കെതിരെ ബന്ധപ്പെട്ട തലങ്ങളിൽ ഔദ്യോഗിക പരാതി നൽകുമെന്നും സഭക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ മുഖ്യമന്ത്രിയുടെ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ എം.എൽ.എ അനിൽ ഝാ, താൻ സഭയിൽ അപമര്യാദയായി പെരുമാറിയെന്ന് തെളിയിക്കുന്ന വിഡിയോ തെളിവുകൾ പുറത്തുവിടാൻ വെല്ലുവിളിക്കുകയും ചെയ്തു.

Tags:    
News Summary - അടിവസ്ത്രം മാത്രം ധരിച്ച് എം.എൽ.എ പൊതുയിടത്തിൽ; വിഡിയോ വൈറലായതോടെ വിവാദം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.